Emedia

സുധാകരനെതിരേ നികേഷ് കുമാറിന്റെ ജാത്യാധിക്ഷേപം; മനുധര്‍മ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാല്‍ മാത്രമല്ലെന്ന് കെ കെ ബാബുരാജ്

സുധാകരനെതിരേ നികേഷ് കുമാറിന്റെ ജാത്യാധിക്ഷേപം; മനുധര്‍മ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാല്‍ മാത്രമല്ലെന്ന് കെ കെ ബാബുരാജ്
X

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ ശരീരഭാഷയെയും ശൈലിയെയും കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയില്‍ സുധാകരനെതിരേ ജാത്യാധിക്ഷേപം ചൊരിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെതിരേ എഴുത്തുകാരനും പ്രഭാഷകനുമായ കെ കെ ബാബുരാജ്.

കേരളത്തിലെ ഒരു സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ വലിയൊരു കമ്മ്യൂണിസ്‌ററ് നേതാവിന്റെ മകന്‍, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തി യാതൊരു സങ്കോചവുമില്ലാതെ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ ജാതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, അല്ലെങ്കില്‍ കീഴ്ജാതിക്കാരെ അവമതിക്കാന്‍ കാലങ്ങളായി മേല്‍ജാതിക്കാര്‍ പറയുന്ന ഒരു ചൊല്ലിനെ സ്വാഭാവികമായിത്തന്നെ ഉപയോഗിക്കുന്നത് അദ്ഭുതകരമാണെന്നും അതിനെതരേ വിമര്‍ശനം ഉണ്ടാകാത്തത് ഇടതുപക്ഷപൊതുബോധത്തിന്റെ സുരക്ഷ ലഭിക്കുന്നതുകൊണ്ടാണെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.

ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നായിരുന്നു ചാനല്‍ചര്‍ച്ചക്കിടയില്‍ റിപോര്‍ട്ടര്‍ ടിവിയിലെ നികേഷ് കുമാറിന്റെ വിമര്‍ശനം.

പോസറ്റിന്റെ പൂര്‍ണരൂപം:

'റിപോര്‍ട്ടര്‍ ചാനലിന്റെ മേധാവിയായ നികേഷ് കുമാര്‍, കെപിസിസി പ്രസിഡന്റായ കെ സുധാകരനുമായി നടത്തിയ സംഭാഷണത്തില്‍ ''ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്ന ചൊല്ലുണ്ടല്ലോ ''എന്നു പറയുന്നതിന്റെ തുടക്കം കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് അദ്ദേഹം ആ ചൊല്ലിനെ തള്ളിപറയാനാണ് അങ്ങനെ പറഞ്ഞതെന്നാണ്. ബാക്കിഭാഗം കേട്ടപ്പോഴാണ് നികേഷ്‌കുമാര്‍ ആ ചൊല്ലിനെ സാധൂകരിക്കുയാണെന്നു മനസ്സിലായത്.

എന്തുകൊണ്ടാണ് കേരളത്തിലെ ഒരു സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ വലിയൊരു കമ്മ്യൂണിസ്‌ററ് നേതാവിന്റെ മകന്‍ ,ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തി യാതൊരു സങ്കോചവുമില്ലാതെ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ ജാതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. അല്ലെങ്കില്‍ കീഴ്ജാതിക്കാരെ അവമതിക്കാന്‍ കാലങ്ങളായി മേല്‍ജാതിക്കാര്‍ പറയുന്ന ഒരു ചൊല്ലിനെ സ്വാഭാവികമായിത്തന്നെ ഉപയോഗിക്കുന്നത്. നികേഷിന്, കെ സുധാകരന്‍ ചുട്ട മറുപടി കൊടുത്തു എന്നു പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ മിക്കവരും ഈ ജാതീയമായ അവഹേളനത്തെപ്പറ്റി പറയുന്നതേയില്ല. ഇടതുപക്ഷക്കാരല്ലാത്ത മറ്റാരെങ്കിലുമാണ് ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നെങ്കില്‍ ഉടന്‍ പ്രതികരിക്കുമായിരുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആരും നികേഷിനെ ചോദ്യം ചെയ്തതായി കണ്ടില്ല.

മുന്‍പ്, ചെത്തുകാരന്റെ മകനായ പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞു ജാതിഅധിക്ഷേപം നടത്തിയ ആളാണ് കെ സുധാകരന്‍. അദ്ദേഹവും ഒരു കീഴ്ജാതിക്കാരന്‍ തന്നെയാണെന്നാണ് അറിയുന്നത്. നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അവക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ നികേഷിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാത്തത്, കേരളത്തില്‍ സര്‍വ്വ ശക്തമായ ഇടതുപക്ഷ പൊതുബോധത്തിന്റെ സുരക്ഷ അദ്ദേഹത്തിനു കിട്ടുന്നതു കൊണ്ടാണെന്ന് അനുമാനിക്കാം.

കോവിലന്റെ 'തട്ടകം 'എന്ന നോവലില്‍ സാമൂഹികമായി വികാസം നേടിയ, പദവി ഉയര്‍ന്ന ഈഴവരോട് ജാതിമേധാവിത്വത്തിന് തോന്നുന്ന വികാരം എന്താണെന്നു സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. ''പനമ്പാട്ട് ശങ്കരന്‍ നായര്‍ പൊക്കളൂര് വാഴുമ്പോള്‍ തെക്കെനടത്തു ചാത്തൂട്ടിക്ക് കുതിരയും സവാരിയും വന്നു. എതിരെ വന്നപ്പോള്‍ ശങ്കരന്‍ നായര്‍ ഒഴിഞ്ഞുനിന്നു. കുശലം പറഞ്ഞു. പകയുടെ പൊരി ശങ്കരന്‍ നായരുടെ വയറ്റില്‍ നീറിക്കിടന്നു''.

പിണറായി വിജയനെപ്പറ്റി കെ സുധാകരന്റെ ജാതിഅധിക്ഷേപത്തിലുള്ളത് ആത്മബോധം ഇല്ലായ്മയാണെങ്കില്‍ നികേഷിന്റെ സങ്കോചമില്ലാത്ത പ്രതികരണത്തിലുള്ളത്, കോവിലന്‍ ചൂണ്ടിക്കാട്ടിയ പോലുള്ള 'പക 'യുടെ കനലാണെന്നു പറയാവുന്നതാണ്. അത് ചൊല്ലുകളായും നാട്ടുവാര്‍ത്തനമായും സ്വാഭാവികമായി മാറുന്നു എന്നതാണ് പൊതുബോധത്തിന്റെ സുരക്ഷ.

നികേഷിനെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യം, മനുധര്‍മ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാല്‍ മാത്രമല്ലെന്നതാണ്. പദവിയില്‍ ഉയര്‍ന്ന കീഴാളരെ പുറകോട്ടു വലിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഇതേ ധര്‍മ്മം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട്. യാതൊരു തടസ്സവുമില്ലാതെ, ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്ന നികേഷ് കുമാറിനെ പോലുള്ളവര്‍ക്കെതിരെ എല്ലാ ഇടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്.'



Next Story

RELATED STORIES

Share it