- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രത്തില്‍ ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നതാണ് കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷങ്ങളില്‍ എസ് എഫ് ഐ യൂനിവേഴ്‌സിറ്റി കോളേജില്‍ ചെയ്തത്
ചെമ്പഴന്തിയില്‍ നിന്ന് വന്നിരുന്ന ഒരു ജിമ്മന്‍ പയ്യനെ നമ്മുടെ ക്ലാസ്സിന്റെ മുന്നിലിട്ടാണ് ചുടുകട്ടയ്ക്കിടിച്ചത്; ഇടിച്ച എസ്എഫ്ഐക്കാരന്‍ ഇന്ന് ഒരു എംഎല്‍എ ആണ്.
ജോണി എം എല്‍
യൂനിവേഴ്‌സിറ്റി കോളജില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ യൂനിവേഴ്‌സിറ്റി കോളജ് വസന്തം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഞാനാണെന്ന് തോന്നുന്നു (മറ്റെങ്ങും അത് കണ്ടില്ല). അറബ് വസന്തം പോലെ, ഒക്കുപൈ വാള്‍ സ്ട്രീറ്റ് പോലെ ഒക്കെ പ്രധാനപ്പെട്ട ചരിത്രപരമായ ഒരു നീക്കമാണ് യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ് ഐ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഗുണ്ടകള്‍ക്കെതിരെ, അവരുടെ ക്രൂരതയ്‌ക്കെതിരെ വിദ്യാർഥിനികളുള്‍പ്പെടുന്ന വലിയൊരു വിദ്യാര്‍ഥി സമൂഹം പ്രതിഷേധവും പ്രതിരോധവും അവകാശ സംരക്ഷണ സമരവും നടത്തുന്നതിലൂടെ മുന്നോട്ടു വെച്ചത്. മുപ്പത്തി രണ്ടു വർഷങ്ങളായി തിരുവായ്‌ക്കെതിര്‍വായ് ഇല്ലാത്ത വിധം എസ് എഫ് ഐ യൂനിവേഴ്‌സിറ്റി കോളജിനെ അടക്കി ഭരിക്കുകയായിരുന്നു. തുടക്കത്തില്‍ അതൊരു ബെനെവോലന്റ് ഡിക്‌റ്റേറ്ററിനെപ്പോലെ പെരുമാറി (സ്‌നേഹമുള്ള സിംഹം !) പിന്നെ അത് ബദല്‍ ശബ്ദങ്ങളെ ഒന്നാകെ അടിച്ചമര്‍ത്തുന്ന, ചുവന്ന ഏകാധിപത്യത്തിന്റെ രൂപം സ്വീകരിക്കുകയും പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെയും വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള സൗഹൃദ പങ്കാളിത്ത സ്വഭാവങ്ങളെയും ഒക്കെ നിയന്ത്രിക്കും വിധത്തിലുള്ള മോറല്‍ പോലീസിങ്ങിലേയ്ക്ക് തിരിയുകയും ചെയ്തു. ഇംഗ്ലീഷ് സാഹിത്യത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ ബിരുദത്തിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഈ സ്ഥിതി വിശേഷത്തെ തന്റെ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത് ഓര്‍വെല്ലിന്റെ അനിമല്‍ ഫാം എന്ന അലിഗറിയിലെ ചില മൃഗങ്ങള്‍ മറ്റു മൃഗങ്ങളെക്കാള്‍ തുല്യരായിരിക്കും എന്നത് എടുത്തു കാട്ടിക്കൊണ്ടാണ്.
വര്‍ക്കല എസ് എന്‍ കോളജിലാണ് ഞാന്‍ പ്രീഡിഗ്രിയ്ക്ക് പഠിച്ചത്. അവിടെ വെച്ചാണ് യഥാര്‍ത്ഥത്തില്‍ കോളജ് രാഷ്ട്രീയം എന്താണെന്ന് നേരിട്ടറിയുന്നത്. പൊതുവെ കുട്ടികളുടെ രാഷ്ട്രീയം പരുവപ്പെടുന്നത് അവരവരുടെ വീടുകളില്‍ വെച്ചാണ്. എന്റെ അച്ഛന്‍ വലിയൊരു ആര്‍എസ്പി നേതാവും, പിന്നീട് ഇന്ദിരാ കോണ്‍ഗ്രസിലേയ്ക്ക് വഴിമാറി പോയ വ്യക്തിയുമായിരുന്നു. അതിനാല്‍ കുട്ടിക്കാലത്ത് ഞാന്‍ മാര്‍ക്‌സിസവും സോഷ്യലിസവുമായി പരിചയപ്പെടുന്നതിനോടൊപ്പം കോണ്‍ഗ്രസ്സുമായും പരിചയപ്പെട്ടു. എന്റെ വീട്ടില്‍ കമ്മിറ്റി റൂം എന്നൊരു മുറി തന്നെ ഉണ്ടായിരുന്നു. അങ്ങിനെ രാഷ്ട്രീയ ചര്‍ച്ചകള്‍ കേട്ട് വളര്‍ന്ന ഞാന്‍ വക്കം പുരുഷോത്തമന് രണ്ടില അടയാളത്തില്‍ വോട്ടു ചെയ്യൂ പ്രിയങ്കര വോട്ടർമാരെ എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് എഴുതി തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പാടിയിരുന്നു. സ്‌കൂള്‍ രാഷ്ട്രീയത്തില്‍ കെ എസ്യുവിന്റെ സ്പീക്കറും പ്രധാനമന്ത്രിയും ഒക്കെ ആയിരുന്നു ഞാന്‍. തെരെഞ്ഞെടുപ്പില്‍ വിജയിച്ച എന്നെ തോളിലേറ്റി ഗ്രാമ പ്രദക്ഷിണം നടത്തിയ മുതിര്‍ന്ന കൊണ്‌ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. പക്ഷെ അച്ഛന്‍ 1984ല്‍ മരിക്കുകയും തുടര്‍ന്ന് ജീവിതം അടിമുടി മാറുകയും എന്റെ രാഷ്ട്രീയ വിശ്വാസങ്ങളിലേയ്ക്ക് ജനകീയ സാംസ്‌കാരിക വേദി കടന്നു വരികയും ഇടതു ചിന്തയിലേക്ക് ആകൃഷ്ടനാവുകയും ചെയ്തു. എങ്കിലും വര്‍ക്കല എസ്എന്നില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതേയില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചു; യഥാര്‍ത്ഥ യൂണിയന്‍ പ്രവര്‍ത്തനം എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രതിനിധികളെ പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നായിരുന്നു. യൂണിയനില്‍ ഏതെങ്കിലും ഒരു സംഘടനയ്ക്ക് പ്രാമുഖ്യം ലഭിക്കുകയും അവര്‍ ചെയര്‍മാന്‍ പദവിയും ജനറല്‍ സെക്രട്ടറി പദവിയും ഒക്കെ കയ്യില്‍ വെയ്ക്കുമ്പോഴും ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ തുടങ്ങി എത്രയോ പദവികള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരും അതാത് മേഖലകളില്‍ കോളജില്‍ വ്യക്തമായ സാന്നിധ്യം തെളിയിച്ചവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വലിയൊരു രാഷ്ട്രീയ ബഹുസ്വരതയുടെ പാഠമായിരുന്നു വര്‍ക്കല എസ്എന്നില്‍ നിന്നും ലഭിച്ചത്.
ഈ ഒരു പശ്ചാത്തലത്തില്‍, ഇടതു ചിന്തയുടെ തരിപ്പ് കൂടി നില്‍ക്കുന്ന ഒരു കാലത്താണ്, 1987 ല്‍ ഞാന്‍ യൂനിവേഴ്‌സിറ്റി കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ വിദ്യാര്‍ഥിയായി എത്തുന്നത്. അഡ്മിഷന്‍ നടക്കുന്ന സമയത്താകട്ടെ, ഫ്രഷേഴ്‌സിനെ ഇന്‍ഡക്ട് ചെയ്യുന്ന സമയത്താകട്ടെ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളും എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും ഉണ്ടായില്ല; റാഗിംഗ് ഉണ്ടായിരുന്നില്ല; നിര്‍ബന്ധിതമായും എസ്എഫ്ഐയില്‍ ചേരണം എന്ന നിര്‍ദ്ദേശം ഇല്ലായിരുന്നു; കുറ്റിപ്പിരിവ് ഇല്ലായിരുന്നു; ഇടയ്ക്കിടെ ക്ലാസുകളില്‍ കയറി വിദ്യാര്‍ഥികളുടെ മെക്കിട്ടു കയറുന്ന റൗണ്ട്‌സ് പരിപാടി ഇല്ലായിരുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. ക്ലാസ് തുടങ്ങുന്ന ആദ്യ ദിവസം കോളജിലേക്ക് കയറുമ്പോള്‍ ഇടതു വശത്തായി ഒരു കെഎസ് യു പതാക മാറ്റിയിരുന്നു. ഖാദര്‍ധാരികളായ ഏതാനും വിദ്യാര്‍ഥികളെയും കണ്ടിരുന്നു. ഒപ്പം പലേടങ്ങളിലും എസ്എഫ്ഐയുടെ നക്ഷത്രാങ്കിത ശുഭ്ര പതാക പാറുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ ദിവസം, ആ ദിവസം ഇപ്പോഴും എന്റെ കണ്മുന്നില്‍ ഉണ്ട്, ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കെ എസ് യുവിന്റെ കൊടിമരം തകര്‍ത്തു, ഖാദര്‍ ധാരികളെ മര്‍ദ്ദിച്ചു. കോളജിനുള്ളില്‍ ഭീകരാന്തരീക്ഷം സംജാതമായി. എസ് എഫ് ഐ അതിന്റെ സര്‍വാധിപത്യം സ്ഥാപിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷങ്ങളില്‍ മറ്റൊരു കൊടി ഉയരുകയോ, മറ്റൊരു ശബ്ദം കേള്‍ക്കുകയോ ചെയ്തില്ല.
നേരത്തെ സൂചിപ്പിച്ചതു പോലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്കാലത്ത് സദാചാര പോലിസിംഗ് നടത്തിയിരുന്നില്ല. എന്നാല്‍ അവര്‍ ബദല്‍ ശബ്ദങ്ങളെ വെറുത്തിരുന്നു. ക്‌ളാസ് തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ ഷാജര്‍ഖാനെ മര്‍ദ്ദിച്ചു. വളരെ മെലിഞ്ഞ ഒരു അനാഗത ശ്മശ്രു ആയിരുന്നു അയാള്‍ അന്ന്. എന്നാല്‍ ചടുലമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള കെല്‍പ് ഉണ്ടായിരുന്നു. എസ് യു സി ഐ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്നാണ് കേട്ടത്. പക്ഷെ ആ യുവാവിനെ എസ്എഫ്ഐ ഒതുക്കി. ഇന്ന് സേവ് യൂണിവേഴ്‌സിറ്റി കോളേജ് ഫോറത്തിന്റെ നേതാവായിരിക്കാന്‍ ഷാജര്‍ഖാന് ഊര്‍ജം നല്‍കുന്നത് സ്വന്തം അനുഭവങ്ങള്‍ തന്നെ ആകണം. ചെമ്പഴന്തിയില്‍ നിന്ന് വന്നിരുന്ന ഒരു ജിമ്മന്‍ പയ്യനെ നമ്മുടെ ക്ലാസ്സിന്റെ മുന്നിലിട്ടാണ് ചുടുകട്ടയ്ക്കിടിച്ചത്; ഇടിച്ച എസ്എഫ്ഐക്കാരന്‍ ഇന്ന് ഒരു എംഎല്‍എ ആണ്. ഇനി അടിക്കരുത് എന്ന് കൈ ഉയര്‍ത്തി പറയുന്ന ആ പയ്യനെ മുപ്പത്തിരണ്ട് വർഷങ്ങൾക്കു ശേഷവും എന്റെ മനക്കണ്ണില്‍ കാണാം. പക്ഷെ അന്നത്തെ പ്രത്യേകത, അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപദേശിക്കാന്‍ അധികാരമുണ്ടായിരുന്നു എന്നതാണ്. ആരും അധ്യാപകരെ നിഷേധിച്ചിരുന്നില്ല. ഇത്തരം അടികള്‍ ഒക്കെ നടത്തി എസ്എഫ്ഐ ഏകപക്ഷീയമായി കോളേജ് പിടിച്ചെടുത്തിട്ടും അവര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കില്ല; സമരത്തിന് ചെല്ലാന്‍ നിർബന്ധിച്ചില്ല; ഇടിമുറിയില്‍ കയറ്റിയില്ല.
ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആ സര്‍ക്കാരിനെതിരെയുള്ള സമരങ്ങളെ ആക്രമിക്കുക, വലതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അതിനെതിരെ നിരന്തരം സമരം ചെയ്യുക എന്നിങ്ങനെയുള്ള രണ്ടു കര്‍ത്തവ്യങ്ങളാണ് അന്നത്തെ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ ചെയ്തിരുന്നത്. എന്നാല്‍ അതിനു വേണ്ടി നിയുക്തരാക്കപ്പെട്ട കുറെ വിദ്യാര്‍ഥികള്‍ (അവരെ നമ്മള്‍ ക്ലാസ്സിലൊന്നും കണ്ടിരുന്നില്ല) സമരം ചെയ്തിരുന്നു, ടീയര്‍ ഗ്യാസ് ഷെല്ലുകള്‍ തിരികെ പോലിസിന് തന്നെ എറിഞ്ഞു കൊടുത്തിരുന്നു. കോളജ് യൂണിയന്‍ മുറി എന്നത് ഒരു സ്‌റ്റേജ് പോലെ തയാര്‍ ചെയ്തതാണ്. അതിന്റെ ഗ്രീന്‍ റൂം ആകണം ഇന്ന് ഇടിമുറി എന്നറിയപ്പെടുന്നത്. അവിടെ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു പക്ഷെ നമ്മളാരും കണ്ടിട്ടില്ല. എസ്എഫ്ഐ നേതാക്കള്‍, സമപ്രായക്കാരെങ്കിലും നമ്മളെക്കാള്‍ പക്വതയും നിഗൂഢതയും ഉള്ളവരായി തോന്നിയിരുന്നു. ബി സത്യന്‍, ദീപക്, സുനില്‍ സി കുര്യന്‍ തുടങ്ങിയവര്‍ ആയിരുന്നു അക്കാലത്തെ എസ് എഫ് ഐ നേതാക്കള്‍. സദാചാര പോലിസിംഗ് ഇല്ലായിരുന്നു. യൂനിവേഴ്‌സിറ്റി കോളജില്‍ ആണും പെണ്ണും ഒരേ ബെഞ്ചില്‍ ഇടകലര്‍ന്നിരിക്കുക എന്ന പ്രവണത തുടങ്ങി വെച്ചത് 1990 ല്‍ ഒന്നാം വര്‍ഷ എംഎ ക്ലാസില്‍ ആയിരുന്നു. ആരും അത് എതിര്‍ക്കുകയോ അതിന്റെ പേരില്‍ നമ്മളാരും തല്ലു കൊള്ളുകയോ ചെയ്തില്ല. ഒരു പക്ഷെ എസ്എഫ്ഐ നേതാക്കളുമായോ പ്രവര്‍ത്തകരുമായോ നേരിട്ടൊരു ഏറ്റുമുട്ടലിനോ വാഗ്വാദത്തിനോ അവസരം ഉണ്ടായില്ല എന്നതാകും കാരണം. അല്ലെങ്കില്‍ എല്ലാവരും എസ്എഫ്ഐ തന്നെ എന്ന് അവര്‍ കരുതിയിരുന്നിരിക്കാം.
ഇടതുപക്ഷ അനുഭവം ഉണ്ടായിരുന്നെങ്കിലും ഞാന്‍ യൂനിവേഴ്‌സിറ്റി കോളജില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങളിലും തികഞ്ഞ രാഷ്ട്രീയ നിസ്സംഗതയാണ് ഞാന്‍ പുലര്‍ത്തിയിരുന്നത്. ഒരു കവി ആകാനായിരുന്നു കൊണ്ട് പിടിച്ച ശ്രമമെല്ലാം. എസ്എഫ്ഐ യില്‍ സജീവമായാല്‍ കവി ആകുന്നത് എളുപ്പമാണെന്ന് ആരും പറഞ്ഞതുമില്ല പറഞ്ഞെങ്കിലും ഞാന്‍ കേള്‍ക്കുകയുമില്ലായിരുന്നു. എന്നാല്‍ എന്നെക്കാള്‍ ശക്തമായ രാഷ്ട്രീയ നിലപാടുള്ള പല വിദ്യാര്‍ഥികളും ഇതേ വര്‍ഷങ്ങളില്‍ നിസ്സംഗരായി. നമ്മളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എസ് എഫ് ഐ ആണെന്ന് അഭിനയിക്കുകയായിരുന്നു. കാരണം ഒരു തരത്തിലുമുള്ള ഒരു ഡയലോഗിനുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്കും യൂണിയനും ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതേ വര്‍ഷങ്ങളില്‍ എത്രയോ പ്രഗത്ഭരായാ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിച്ചത്; പി കെ രാജശേഖരന്‍, സി അശോകന്‍, ജോബി, മഹേഷ് പഞ്ചു, അന്‍വര്‍ അലി, വിനയകുമാര്‍, അംബിദാസ് കാരേറ്റ്, നീനാ പ്രസാദ് അങ്ങിനെ എത്രയോ പേര്‍. അവര്‍ എല്ലാം ചില തലങ്ങളില്‍ സജീവ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തുന്നതായി ഞാന്‍ കണ്ടിരുന്നില്ല. ഒരു പക്ഷെ എസ്എഫ്ഐയ്ക്ക് ഇവരുടെയെല്ലാം നിശബ്ദ അംഗത്വം മതിയായിരുന്നിരിക്കും അന്ന്.
അന്നത്തെ എസ്എഫ്ഐ അതിഭീകരമാം വിധം പിന്നീടുള്ള വര്‍ഷങ്ങളില്‍ പരിണമിക്കുകയും അതൊരു ഭീകര ജീവിയായി മാറുകയും ചെയ്തു എന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങള്‍. അന്നത്തെ എസ്എഫ്ഐ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയിരുന്നില്ല എങ്കില്‍ ഇന്നത്തെ എസ്എഫ്ഐ അഡ്മിഷന്‍ സമയം മുതല്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയില്‍ കൈകടത്തുന്നതായി എനിയ്ക്ക് നേരിട്ടറിയാം. മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍, നിര്‍ബന്ധിത പിരിവ്, നിര്‍ബന്ധമായും സമരത്തിനിറക്കല്‍, കാമ്പസില്‍ നിന്ന് ഒരു വിദ്യാര്‍ഥി എപ്പോള്‍ പുറത്തു പോകണം എന്ന് തീരുമാനിക്കല്‍, ലൈബ്രറിയില്‍ വിടാതിരിക്കല്‍, പാട്ടുപാടാന്‍ അനുവദിക്കാതിരിക്കല്‍ തുടങ്ങി ഒട്ടനവധി വിദ്യാര്‍ഥി വിരുദ്ധ പരിപാടികള്‍ എസ്എഫ്ഐ നടത്തിയിരുന്നു. ഒരു പ്രെഷര്‍ കുക്കര്‍ സിറ്റുവേഷന്‍ വന്നതാണ് ഇപ്പോള്‍ വിപ്ലവകരമാം വിധം വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വവും എസ്എഫ്ഐ നേതൃത്വവും എല്ലാം അക്രമികളെ തള്ളിപ്പറയുന്നുണ്ട് ഇപ്പോള്‍. ഇത് ഉപരിപ്ലവമായ സമീപനമാണ്. പ്രശ്‌നത്തിന്റെ ആഴം എന്താണെന്ന് മനസ്സിലാക്കാതെ ഒരു കോസ്‌മെറ്റിക് പരിഹാരത്തിലേക്കാണ് പാഠം പഠിക്കാത്ത പാര്‍ട്ടി നീങ്ങുന്നത്.
യൂനിവേഴ്‌സിറ്റി കോളജിലെ അക്രമികളെ തള്ളിപ്പറയുന്ന പാര്‍ട്ടിയും വിദ്യാര്‍ത്ഥി സംഘടനയും ആദ്യം സമ്മതിക്കേണ്ടത് ഈ അക്രമികളും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ സിംബയോട്ടിക് ആയ (പരസ്പര ധാരണയോടെയുള്ള) ബന്ധം നിലനില്‍ക്കുന്നു എന്നതാണ്. ഇന്ന് ബഹുസ്വരതയാണ് നമ്മുടെ മുഖമുദ്രയെന്ന് നെഞ്ചിലടിക്കുന്ന ഇടതു നേതാക്കള്‍ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷങ്ങളില്‍ എന്ത് കൊണ്ട് യൂനിവേഴ്‌സിറ്റി കോളേജില്‍ ബഹുസ്വരത ഉണ്ടായില്ല എന്നതിന് ഉത്തരം കണ്ടെത്തണം. തോക്കിന്‍ മുനയില്‍ നിറുത്തി അധികാരം കൈയാളാന്‍ ഏതു ഭീരുവിനും കഴിയും. എന്നാല്‍ സ്വതന്ത്രമായ വോട്ടെടുപ്പിലൂടെയുള്ള ബഹു പാര്‍ട്ടി ജനാധിപത്യ ഭരണസമിതികളുടെ രൂപീകരണമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പരിഹാരം. അതിന് യൂനിവേഴ്‌സിറ്റി കോളജില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വളരാന്‍ ഇടം നല്‍കുക എന്നതാണ്; അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് തിരിച്ചറിയണം. കുട്ടികള്‍ എസ്എഫ്ഐയോ, കെഎസ്യുവിനേയോ എ ബിവിപിയെയോ തെരെഞ്ഞെടുക്കട്ടെ. കാരണം, ഞാന്‍ പഠിച്ച കാലയളവില്‍ എത്രയോ വിദ്യാര്‍ഥികള്‍ എസ്എഫ് ഐ ആയി അഭിനയിച്ചിരുന്നു. അങ്ങിനെയെങ്കില്‍ എത്രമാത്രം കുട്ടികളാകും ഇന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ഇരട്ട രാഷ്ട്രീയ ജീവിതം നയിക്കുന്നത്! ധീരമായ ഒരു സംഘടന ആദ്യം നേരിടേണ്ടത് സുതാര്യമായ തെരെഞ്ഞെടുപ്പ് പ്രക്രിയയെയാണ്. കേന്ദ്രത്തില്‍ ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നതാണ് കഴിഞ്ഞ മുപ്പത്തി രണ്ടു വര്‍ഷങ്ങളില്‍ എസ് എഫ് ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ ചെയ്തത് എന്ന് തുറന്നു പറയാന്‍ നാമിനി മടിക്കേണ്ടതില്ല. ക്രൂരമായ പുനപരിശോധനകളെ നേരിടുക തന്നെ വേണം. ഇടതുപക്ഷത്തു നിന്നുള്ള വോട്ടു ചോര്‍ച്ച വല്ലവിധേനെയും തടയാമെങ്കിലും ഇടതു വിശ്വാസത്തിന്റെ ചോര്‍ച്ചയുണ്ടായാല്‍ പിന്നെ കേരളം നേരിട്ടേക്കാവുന്ന അസ്തിത്വ പ്രതിസന്ധിയുടെ രൂക്ഷത ഓര്‍ക്കുമ്പോള്‍ ഞാന്‍ ഞെട്ടുന്നു. ബഹുസ്വര രാഷ്ട്രീയത്തിന്റെ ന്യൂജെന്‍ തുടക്കം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് തന്നെ ആകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT