Emedia

പുണ്യമാസത്തിലും ചോര ചിതറുന്ന ഫലസ്തീന്‍

എം എ ബേബി

പുണ്യമാസത്തിലും ചോര ചിതറുന്ന ഫലസ്തീന്‍
X

കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയില്‍. ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉള്‍പ്പെടെ 132 പേര്‍ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ 950. ആക്രമണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമിടയില്‍പ്പെട്ട് അവിചാരിതമരണങ്ങള്‍ സംഭവിക്കും. ഇസ്രയേലില്‍ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ നിര്‍ഭാഗ്യകരമായ അന്ത്യം അത്തരത്തില്‍പ്പെട്ടതാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വേര്‍പാടില്‍ അനുശോചനമറിയിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

റമദാന്‍ എന്ന പുണ്യമാസം എത്ര കുടുംബങ്ങള്‍ക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത്?. ഇപ്പോള്‍ ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാരാസക്തി. നെതന്യാഹുവിനു പകരം പ്രതിപക്ഷനേതാവ് യയിര്‍ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജൂണ്‍ രണ്ടുവരെ സമയം നല്‍കിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വര്‍ഷം വരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കാന്‍ നെതന്യാഹു(ഡോണള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാല്‍) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു. ഇസ് ലാമിക വിശ്വാസികളുടെ പുണ്യമാസത്തില്‍(കേരളത്തെപ്പോലെ മിക്കവാറും സമൂഹങ്ങളില്‍ ഒരു മതത്തിന്റെ ആഘോഷമോ ആചരണമോ മറ്റുവിശ്വാസികളും അനുഭാവപൂര്‍വം പങ്കു ചേരുമല്ലോ) എങ്ങനെയെങ്കിലും ഒരു സംഘര്‍ഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക.

നെതന്യാഹു അതിനു തിരഞ്ഞെടുത്തത് കിഴക്കന്‍ ജറുസലേമിലെ 'അല്‍അഖ്‌സ' പള്ളിയാണ്. ഇസ്രയേലും ജോര്‍ദാനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം വഖഫ് കമ്മിറ്റിയുടെ മേല്‍നോട്ട- നിയന്ത്രണത്തിലാണ് ഈ മസ്ജിദിലെ ആരാധന നടക്കുന്നത്. 5000 പേര്‍ക്ക് പ്രാര്‍ഥനകളില്‍ സംബന്ധിക്കാവുന്ന വലിപ്പമാണ് മസ്ജിദിന്. ഇസ് ലാം വിശ്വാസികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ലോകത്തെ മൂന്ന് പ്രാര്‍ഥനാലയത്തിലൊന്നാണിത്. പ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്നു പ്രാര്‍ഥിച്ചിട്ടുള്ളതായി വിശ്വസിക്കപ്പെടുന്ന മസ്ജിദ്. ക്രിസ്ത്യാനികള്‍ക്കും ജൂതമത വിശ്വാസികള്‍ക്കുംകൂടി പ്രവേശനാനുവാദമുള്ള മസ്ജിദ്. നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാര്‍ഥന നടക്കുന്നതിനിടയില്‍ ഇസ്രയേലി സൈനികര്‍ കടന്നുചെന്ന് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മസ്ജിദിനുള്ളില്‍ തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടര്‍ന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികര്‍ ബാരിക്കേഡുകള്‍ നിര്‍മിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി. ഫാഷിസ്റ്റുകള്‍ ചരിത്രത്തില്‍ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനല്‍ രാഷ്ട്രീയം. ഇതിനു സമാന്തരമായാണ് കിഴക്കന്‍ ജറുസലേമിലെ ഷേയ്ഖ് ജര്‍റാ പ്രദേശത്തുനിന്ന് ഫലസ്തീന്‍കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും അവിടെ ഇസ്രയേലികളെ കുടിയിരുത്താനുമുള്ള നടപടികളും കൈക്കൊണ്ടത്. ഒന്ന് ഉദ്ദേശിച്ച ഫലം നല്‍കിയില്ലെങ്കില്‍ മറ്റൊന്ന് പ്രയോജനപ്പെടണം എന്ന ദുഷ്ടലാക്കോടെയുള്ള ക്രിമിനല്‍ കുബുദ്ധിയാണ് നെതന്യാഹു ഇവിടെ പ്രകടിപ്പിച്ചത്. യുദ്ധസമാനമായ സംഘര്‍ഷമുണ്ടായാല്‍ ബദല്‍ മന്ത്രിസഭാ രൂപീകരണം മാറ്റിവയ്ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

വംശീയദ്വേഷത്തില്‍ അധിഷ്ഠിതമായ ഫാഷിസ്റ്റ് ആക്രമണ പദ്ധതി, സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താന്‍ സഹായകമായ വിധത്തില്‍ ആസൂത്രണം ചെയ്യുന്ന നരേന്ദ്ര മോദി മാതൃകയാണ് ഇപ്പോള്‍ ഈ ഇസ്രായേല്‍ പതിപ്പിലും കാണാന്‍ കഴിയുന്നത്. ''ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി രാജ്യത്തിനു പുറത്തുള്ള ശത്രുക്കള്‍ക്കും അകത്തുള്ള കലാപകാരികള്‍ക്കുമെതിരേ നമ്മള്‍ ശക്തമായി നീങ്ങും''. സങ്കുചിത ദേശീയഭ്രാന്തും ശത്രുഭീതിയും ഊട്ടിവളര്‍ത്തിയെടുത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ഫാഷിസ്റ്റ് പദ്ധതി തന്നെയാണിത്. ഹിറ്റ്ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തില്‍ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിന്‍ഗാമികള്‍ ആവര്‍ത്തിക്കുന്നു. നെതന്യാഹുവും അതേ പാതയില്‍ത്തന്നെ. ഫലമോ, പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ് ഐക്യരാഷ്ട്രസഭയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികളും രംഗത്തുവരേണ്ടത്. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയില്‍ പലസ്തീനികള്‍ക്ക് ഒപ്പംനിന്ന, അവരുടെ മാതൃരാഷ്ട്രം യാഥാര്‍ഥ്യമാകണമെന്ന് വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ തയ്യാറാവണം. ഈ വിഷമഘട്ടത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാവണം.

(സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ മന്ത്രിയുമാണ് എം എ ബേബി)

Palestine spilled blood during the holy month: MA Baby

Next Story

RELATED STORIES

Share it