Emedia

ഭാരത് ബന്ദിന്റെ വിജയം പുതിയ പ്രതിപക്ഷത്തിന്റെ ഉദയമാകുമോ?

ഭാരത് ബന്ദിന്റെ വിജയം പുതിയ പ്രതിപക്ഷത്തിന്റെ ഉദയമാകുമോ?
X

കെ സുനിര്‍കുമാര്‍

കൊച്ചി: ഹിന്ദുത്വ ഫാഷിസം ശക്തിപ്പെടുന്ന ഈ കാലത്ത് പ്രതിപക്ഷം പരാജയപ്പെട്ട ശക്തിയായി മാറുമ്പോള്‍ ഭാരത് ബന്ദിന്റെ വിജയം പുതിയൊരു പ്രതിപക്ഷത്തിന്റെ രൂപീകരണമായി കാണാനാവുമോയെന്നാണ് പത്രപ്രവര്‍ത്തകനായ കെ സുനില്‍കുമാര്‍ തന്റേ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ദുര്‍ബലമായ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നേരിടാന്‍ മറ്റൊരു രാഷ്ട്രീയ ശക്തി രൂപപ്പെടുന്നതിന്റെ സാധ്യതയാണ് ഇന്ന് നടന്ന ഭാരത് ബന്ദിന്റെ വിജയം ഉയര്‍ത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറയുന്നു.

വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികളുടെയും സംഘടിത ട്രേഡ് യൂണിയനുകളുടെയും പിന്തുണ ബന്ദിന്റെ വിജയത്തില്‍ പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ ഒരു വര്‍ഷമായി എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളയും അവഗണനകളെയും മറികടന്ന് സമരം നയിക്കുന്ന കര്‍ഷക സംഘടനകള്‍ തന്നെയാണ് ബന്ദിന്റെയും നായകര്‍. ദലിത് ബന്ദിന്റെയും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെയും തൊഴിലാളി സമരങ്ങളുടെയും വിദ്യാര്‍ത്ഥി സമരങ്ങളുടെയും തുടര്‍ച്ച തന്നെയാണ് കര്‍ഷക മുന്നേറ്റവും. ഈ ശക്തികളെല്ലാം കര്‍ഷക സമരത്തെയും പിന്തുണക്കുന്നുണ്ട്. കോണ്‍ഗ്രസ് മുതല്‍ ജനതാ പരിവാര്‍, ബഹുജന്‍ സമാജ്, സോഷ്യലിസ്റ്റ്, ഇടതുപക്ഷം വരെ ദേശീയ തലത്തില്‍ ദുര്‍ബലമായ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് ഉപരിയായ ഫാഷിസ്റ്റ് വിരുദ്ധ ഒരു രാഷ്ട്രീയമാണ് ഈ സമരങ്ങളുടെ പൊതുവായ ഉള്ളടക്കം- പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ രൂപരേഖ വരയ്ക്കുന്നത് അങ്ങനെയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഭാരത് ബന്ദിന്റെ വിജയം പുതിയ പ്രതിപക്ഷത്തിന്റെ ഉദയമാകുമോ?

ദുര്‍ബലമായ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നേരിടാന്‍ മറ്റൊരു രാഷ്ട്രീയ ശക്തി രൂപപ്പെടുന്നതിന്റെ സാധ്യതയാണ് ഇന്ന് നടന്ന ഭാരത് ബന്ദിന്റെ വിജയം ഉയര്‍ത്തിക്കാട്ടുന്നത്. വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികളുടെയും സംഘടിത ട്രേഡ് യൂണിയനുകളുടെയും പിന്തുണ ബന്ദിന്റെ വിജയത്തില്‍ പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ ഒരു വര്‍ഷമായി എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളയും അവഗണനകളെയും മറികടന്ന് സമരം നയിക്കുന്ന കര്‍ഷക സംഘടനകള്‍ തന്നെയാണ് ബന്ദിന്റെയും നായകര്‍.

ദലിത് ബന്ദിന്റെയും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെയും തൊഴിലാളി സമരങ്ങളുടെയും വിദ്യാര്‍ത്ഥി സമരങ്ങളുടെയും തുടര്‍ച്ച തന്നെയാണ് കര്‍ഷക മുന്നേറ്റവും. ഈ ശക്തികളെല്ലാം കര്‍ഷക സമരത്തെയും പിന്തുണക്കുന്നുണ്ട്. കോണ്‍ഗ്രസ് മുതല്‍ ജനതാ പരിവാര്‍, ബഹുജന്‍ സമാജ്, സോഷ്യലിസ്റ്റ്, ഇടതുപക്ഷം വരെ ദേശീയ തലത്തില്‍ ദുര്‍ബലമായ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് ഉപരിയായ ഫാസിസ്റ്റ് വിരുദ്ധ ഒരു രാഷ്ട്രീയമാണ് ഈ സമരങ്ങളുടെ പൊതുവായ ഉള്ളടക്കം.

എത്ര ശക്തമായ സമരങ്ങള്‍ നടത്തിയാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് സംശയമാണ്. പൗരത്വ നിയമ ഭേദഗതിയും പിന്‍വലിക്കാതെ നടപ്പാക്കുമെന്ന ധാര്‍ഷ്ട്ര്യത്തിലാണ് സര്‍ക്കാര്‍. സ്വദേശി വിദേശി കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ വിഭവങ്ങളും ദേശീയ സമ്പത്തും കൈമാറുകയെന്ന സാമ്പത്തിക നയമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ മേഖലകള്‍ അവര്‍ക്ക് തുറന്നുകൊടുക്കുന്നു. മുസ്ലിങ്ങള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കും എതിരായ നടപടികളുമായി സര്‍ക്കാരും ഹിന്ദുത്വ സംഘടനകളും മുന്നോട്ടു പോകുന്നു. സംഘടിത അസംഘടിത തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും അവകാശങ്ങളും നിലനില്‍പ്പ് തന്നെയും അപകടത്തിലാക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്ന് ഫെഡറലിസത്തെ തകര്‍ത്ത് അധികാര കേന്ദ്രീകരണം ശക്തിപ്പെടുത്തുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുന്നു. ഭരണഘടനയെയും ഇന്ത്യന്‍ റിപ്പബ്‌ളിക്കിനെ തന്നെയും ദുര്‍ബലപ്പെടുത്തുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുകയാകും ഫലം.

ചുരുക്കത്തില്‍ ഇപ്പോള്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിയണം. അതിന് മുമ്പ് നടക്കാന്‍ പോകുന്ന യുപിയും ഗുജറാത്തും അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാലേ അതിന് സാധ്യതയുള്ളൂ. യുപിയില്‍ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പുറത്താക്കുക എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം അവിടെയാണ്. വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപിക്കെതിരെ ഒന്നിപ്പിക്കുക എന്ന രാഷ്ട്രീയ ദൗത്യം കൂടി അവര്‍ ഏറ്റെടുത്തിട്ടുണ്ട്. അവരവരുടെ കിണറുകളില്‍ രാജാക്കന്മാരായി കഴിയുന്ന പാര്‍ട്ടികള്‍ അതിന് തയ്യാറാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

എന്തായാലും കര്‍ഷക സമരം ഒരു പുതിയ പ്രതിപക്ഷ രാഷ്ട്രീയമായി മാറിയിരിക്കുന്നു എന്ന് തീര്‍ച്ചയാണ്. വിഘടിത പ്രതിപക്ഷ പാര്‍ട്ടികളെയും ബിജെപിയിതര വിവിധ സാമൂഹിക വിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ നരേന്ദ്ര മോദി പുറന്തള്ളപ്പെടും. ഹിന്ദു രാഷ്ട്രമെന്ന വിപത്ത് ഒഴിവാക്കപ്പെടും. ജനാധിപത്യത്തിന്റെ ഭാവിയെയും നിലനില്‍പ്പിനെയും സംബന്ധിച്ച ജീവന്മരണ സമരത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നു പോകുന്നത്.


Next Story

RELATED STORIES

Share it