Exclusive

EXCLUSIVE: പോലിസിന്റെ സാന്നിധ്യത്തില്‍ എച്ച്ആര്‍ഡിഎസ് ആദിവാസി കുടില്‍ കത്തിച്ചു; കേസെടുത്തത് ഒരു വര്‍ഷം പിന്നിട്ട്

ആദിവാസികള്‍ 24/06/2021 ഷോളയൂര്‍ പോലിസിനും 25/06/2021 അഗളി എഎസ്പിക്കും 29/06/2021 ന് തൃശൂര്‍ റേഞ്ച് ഐജിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും കേസെടുക്കാതെ പോലിസ് മൗനം നടിക്കുകയായിരുന്നു.

EXCLUSIVE: പോലിസിന്റെ സാന്നിധ്യത്തില്‍ എച്ച്ആര്‍ഡിഎസ് ആദിവാസി കുടില്‍ കത്തിച്ചു; കേസെടുത്തത് ഒരു വര്‍ഷം പിന്നിട്ട്
X

പാലക്കാട്: പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് എന്‍ജിഒക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും പോലിസും നിലപാടെടുത്തതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നു. സ്വപ്‌ന സുരേഷ് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടികള്‍ എന്നത് വിമര്‍ശന വിധേയമായിട്ടുണ്ട്. ആദിവാസി ഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരേ അന്വേഷണം നടത്താനാണ് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2021 ജൂണ്‍ മാസമാണ് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്.


അട്ടപ്പാടിയിലെ വട്ട്‌ലക്കി ഊരിന് സമീപത്ത് കോട്ടത്തറ വില്ലേജില്‍ മട്ടത്തുക്കാടുള്ള 540/2, 541/2, 543/3, 544/pt, 545/3,4,5, 526/3, 303/3, 304/4, 307/3,4, 303/1,525/1, 576, 577 തുടങ്ങിയ സര്‍വേ നമ്പറുകളില്‍ 55 ഏക്കറോളം ഭൂമി എച്ചആര്‍ഡിഎസ് പാട്ടത്തിനെടുത്തെന്ന് കാണിച്ചായിരുന്നു സര്‍വേ നമ്പര്‍ 526/2 ഉള്‍പ്പെട്ട ആദിവാസി ഭൂമിയിലെ കുടില്‍ ഷോളയൂര്‍ പോലിസിന്റെ സാന്നിധ്യത്തില്‍ എച്ച്ആര്‍ഡിഎസ് പെട്രോള്‍ ബോംബ് ഉപയോഗിച്ച് കത്തിച്ചത് 2021 ജൂണില്‍ ആയിരുന്നു.

ഇതിനെതിരേ ഭൂമിയുടെ ഉടമസ്ഥരായ ആദിവാസികള്‍ 24/06/2021 ഷോളയൂര്‍ പോലിസിനും 25/06/2021 അഗളി എഎസ്പിക്കും 29/06/2021 ന് തൃശൂര്‍ റേഞ്ച് ഐജിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും കേസെടുക്കാതെ പോലിസ് മൗനം നടിക്കുകയായിരുന്നു. തുടര്‍ന്ന് എച്ച്ആര്‍ഡിഎസ് നല്‍കിയ പരാതിയില്‍ ആദിവാസികള്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. ഇതിന്റെ പേരിലായിരുന്നു വട്ടലക്കി ഊര് മൂപ്പന്‍ വി എസ് മുരുകന് നേരേയും പോലിസ് അതിക്രമമുണ്ടാകുന്നതും.

പോലിസ് നടപടി അപ്രാപ്യമായതോടെ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നടപടിയിലാണ് ഇപ്പോള്‍ എച്ച്ആര്‍ഡിഎസിനെതിരേ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി എച്ച്ആര്‍ഡിഎസ് നടപ്പിലാക്കുവാന്‍ തുനിഞ്ഞ 'കര്‍ഷക' എന്ന പദ്ധതി 2019 ല്‍ സര്‍ക്കാര്‍ തന്നെ അനുമതി നിഷേധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്ക് 5000 ഏക്കര്‍ പാട്ടത്തിനെടുക്ക് ഔഷധകൃഷി ചെയ്യാനായിരുന്നു പദ്ധതി. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായിരുന്നു പദ്ധതി. ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്ത് ഹിമാലയ, പതഞ്ജലി, ജാബര്‍ എന്നീ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നല്‍കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാനുള്ള നീക്കം ഒറ്റപ്പാലം സബ്കലക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു.

ആദിവാസികളുടെ ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാറുണ്ടാക്കുന്നതായി വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതേ പ്രവര്‍ത്തനത്തിനായാണ്, 2021 ജൂണില്‍ വട്ട്‌ലക്കി ഊരിന് സമീപത്തെ ഭൂമിയും എച്ച്ആര്‍ഡിഎസ് കയ്യേറുകയും ആദിവാസി കുടില്‍ കത്തിക്കുകയും ചെയ്തത്. പാട്ടകൃഷിക്ക് പുറമേ ആദിവാസികള്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയും എച്ചആര്‍ഡിഎസ് നടപ്പാക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമിയില്‍ കരാരുണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഐടിഡിപി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് 2018 ല്‍ തന്നെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിലും നടപടി ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

RELATED STORIES

Share it