Children

കൈകള്‍ ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പെരിയാര്‍ തലതാഴ്ത്തി

നിറഞ്ഞൊഴുകുന്ന പെരായാറില്‍ ഒരു മണിക്കൂറും ഒരു മിനിറ്റും നീന്തിയാണ് ആസിം പുതിയ ചരിത്രം സൃഷ്ടിച്ചത്.ആലുവയില്‍ ഒട്ടേറ കുട്ടികള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കന്ന സജി വാളാശേരിയുടെ ശിക്ഷണത്തിലാണ് ആസിം ചരിത്രത്തില്‍ ഇടം നേടിയത്

കൈകള്‍ ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പെരിയാര്‍ തലതാഴ്ത്തി
X

രണ്ടു കൈകള്‍ ഇല്ല. കാലുകള്‍ക്ക് വൈകല്യമുണ്ട്.എങ്കിലും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതാലാക്കിയ ആസിമിന്റെ മുന്നില്‍ പെരിയാറിലെ ആഴവും കുത്തൊഴുക്കും തലകുനിച്ചു..തന്റെ കുറവുകളെ മനക്കരുത്തുകൊണ്ട് കീഴ്‌പ്പെടുത്തിയ ആസിം എന്ന ഈ കൊച്ചു മിടുക്കന്‍ പെരിയാര്‍ നീന്തിക്കയറിയപ്പോള്‍ മറ്റൊരു ചരിത്രം കൂടി പിറക്കുക മാത്രമല്ല തങ്ങളുടെ നിസാര കുറവുകള്‍ പോലും പെരുപ്പിച്ച് കാട്ടി നിരാശയിലേക്ക് കൂപ്പു കുത്തുന്നവര്‍ക്കുള്ള പ്രോചദനം കൂടിയായി മാറുകയാണ്.നിറഞ്ഞൊഴുകുന്ന പെരായാറില്‍ ഒരു മണിക്കൂറും ഒരു മിനിറ്റും നീന്തിയാണ് ആസിം പുതിയ ചരിത്രം സൃഷ്ടിച്ചത്.ആലുവയില്‍ ഒട്ടേറ കുട്ടികള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കന്ന സജി വാളാശേരിയുടെ ശിക്ഷണത്തിലാണ് ആസിം ചരിത്രത്തില്‍ ഇടം നേടിയത്.


കോഴിക്കോട് ഓമശേരില്‍ ആലത്തു കാവില്‍ മുഹമ്മദിന്റെ മകനായ ആസിം ഇരു കൈകളുമില്ലാതെയാണ് ജനിച്ചത്.വലതു കാലിന് സ്വാധീനവുമുണ്ടായിരുന്നില്ല. വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ആസിമിന് ഈ കുറവുകള്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും ആത്മവിശ്വാസവും കൊണ്ടു മറികടക്കുന്ന കാഴ്ചയാണ് കണ്ടത്.രണ്ടു കൈകള്‍ ഇല്ലാതിരുന്നിട്ടും സ്വാധീനമുള്ള ഒരു കാലുകൊണ്ട് ആസിം മനോഹരമായ ചിത്രങ്ങള്‍ വരച്ചു.കാലിന്റെ വിരലില്‍ സ്പൂണ്‍ പിടിച്ച് ഭക്ഷണം കഴിച്ചു.


വെളിമണ്ണ ജിഎം എല്‍പിസ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആസിം കത്തെഴുതി ശ്രദ്ധ നേടി.വീടിനു സമീപം താന്‍ പഠിക്കുന്ന നാലാം ക്ലാസുവരെയുള്ള സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം.ഇരു കൈകള്‍ ഇല്ലാത്തതും കാലിന്റെ വൈകല്യവും നിമിത്തം നാലാം ക്ലാസിനു ശേഷം തുടര്‍ പഠനത്തിന് വീട്ടില്‍ നിന്നും ദുരയെുള്ള സ്‌കൂളില്‍പോയി പഠിക്കാന്‍ കഴിയാതെ വരുന്നതിന്റെ ബുദ്ധിമുട്ടുകളായിരുന്നു ആസിം കത്തില്‍ വിവരിച്ചിരുന്നത്.കത്ത് പരിഗണിച്ച മുഖ്യമന്ത്രി ആസിം പഠിച്ചിരുന്ന സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


ആസിമിനെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടാണ് സജി മൂന്നര വര്‍ഷം മുമ്പ് പിതാവ് മുഹമ്മദിനെ ബന്ധപ്പെട്ട് ആസിമിനെ ആലുവയില്‍ സൗജന്യമായി നീന്തല്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയത്.ഇതറിഞ്ഞതോടെ ആസിമിനും ആവേശമായി.മറ്റു കുട്ടികള്‍ പുഴയില്‍ നീന്തിക്കളിക്കുമ്പോള്‍ സങ്കടത്തോടെ ആസിം നോക്കി നില്‍ക്കാറുണ്ടായിരുന്നു. തനിക്കും ഇതുപോലെ നീന്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആസിം ആഗ്രഹിക്കാറുണ്ടായിരുന്നു.തന്റെ ദീര്‍ഘനാളത്തെ ആഗ്രഹം നിറവേറുമെന്നറിഞ്ഞതോടെ ആസിം നീന്തല്‍ പഠിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായെത്തിയെ പ്രളയവും കൊവിഡ് മഹാമാരിയും ആസിഫിന്റെ ആഗ്രഹം സഫലമാകുന്നത് നീട്ടിക്കൊണ്ടുപോയി.ഒടുവില്‍ കൊവിഡിന് അല്‍പം ശമനം ഉണ്ടായതോടെ രണ്ടാഴ്ച മുമ്പ് നീന്തല്‍ പഠനത്തിനായി ആസിം ആലുവയിലെ സജിയുടെ വീട്ടില്‍ എത്തി.കോഴിക്കോട് നിന്നും ദിവസവും പോയി വരുന്നതിന് ബുദ്ധിമുട്ടായതിനാല്‍ സജിയുടെ വീട്ടില്‍ താമസിച്ചായിരുന്നു നീന്തല്‍ പരിശീലനം.ദിവസവും രണ്ടു മണിക്കൂര്‍ വീതം രാവിലെയും വൈകുന്നേരവുമായി മണപ്പുറം ദേശം കടവിലായിരുന്നു പരിശീലനം.രണ്ടാഴ്ച കൊണ്ടാണ് ആസിം തന്റെ വൈകല്യത്തെ കീഴ്‌പ്പെടുത്തി പെരിയാറില്‍ പുതിയ ചരിത്രം കുറിച്ചത്.ആലുവ അദൈ്വതാശ്രമം കടവില്‍ നിന്നും മണപ്പുറത്തേയ്ക്ക് അഞ്ഞൂറോളം മീറ്റര്‍ അരമണിക്കൂര്‍ കൊണ്ടു നീത്തിയെത്താമെങ്കിലും തുരുത്ത് നടപ്പാലം വഴി ചുറ്റിക്കറങ്ങി 61 മിനിറ്റുകൊണ്ടാണ് ആസിം മണപ്പുറം കടവില്‍ എത്തിയത്.

90 ശതമാനം വൈകല്യം നിറഞ്ഞ വ്യക്തിയാണ് ആസിം എന്നും രണ്ടാഴ്ച മാത്രമാണ് ആസിം നീന്തല്‍ പരിശീലനം നേടിയതെന്നും സജി വാളാശേരി പറഞ്ഞു.രാവിലെ രണ്ടു മണിക്കൂര്‍ വൈകുന്നേരം രണ്ടു മണിക്കൂര്‍ എന്നിങ്ങനെയായിരുന്നു പരിശീലനം. രണ്ടു മണിക്കൂര്‍ പഠിക്കാന്‍ സാധിച്ചാല്‍ രണ്ടു കൈകളും ഒരു കാലുമില്ലാത്തവര്‍ക്ക് പോലും എത്രവലിയ പുഴയും നീന്തിക്കടക്കാന്‍ സാധിക്കുമെന്ന് ഒരു മണിക്കൂറും ഒരു മിനിറ്റും നീന്തി ആസിം തെളിയിച്ചിരിക്കുകയാണെന്നും സജി വാളാശേരി പറഞ്ഞു.ഇത് കണ്ടെങ്കിലും എല്ലാവരും നീന്തല്‍ പഠിക്കാന്‍ തയ്യാറാകണം. ഒരാളുപോലും നീന്തല്‍ അറിയാതെ വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ ഇടവരരുതെന്നാണ് തന്റെ ആഗ്രഹമെന്നും സജി വാളാശേരി പറഞ്ഞു.


തനിക്ക് നല്ല രീതിയില്‍ നീന്താന്‍ പരിശീലനം നല്‍കിയ സജി സാറിന് താന്‍ നന്ദി പറയുകയാണെന്ന് ആസിം പറഞ്ഞു.വെള്ളത്തിലൂടെയുള്ള നീന്തല്‍ തനിക്ക് വലിയ അനുഭവമായിരുന്നു.തന്റെ ഒരു പാടു കാലത്തെ ആഗ്രഹമായിരുന്നു വെള്ളത്തില്‍ നീന്തുകയെന്നത്.പുഴയില്‍ നീന്താന്‍ ആഗ്രഹിച്ചിരുന്നയാളായിരുന്നു താന്‍. എന്നാല്‍ തന്റെ വൈകല്യം നിമിത്തം എങ്ങനെ നീന്തുമെന്ന ചിന്തയായിരുന്നു.ആ സമയത്താണ് തന്നെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട് സജി സാര്‍ വീട്ടില്‍ ബന്ധപ്പെടുന്നതും നീന്തല്‍ പഠിപ്പിക്കാമെന്ന് അറിയിക്കുന്നതും.ഇത്രയും പരിമിതികള്‍ ഉളള തനിക്ക് ഇത്തരത്തില്‍ നീന്താന്‍ കഴിയുമെങ്കില്‍ ഒരു പരിമിതിയും ഇല്ലാത്തവര്‍ക്ക് എത്രത്തോളം എളുപ്പത്തില്‍ നീന്തല്‍ പഠിക്കാന്‍ സാധിക്കും. ഈ ഒരു സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ തനിക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആസിം പറഞ്ഞു.

ആസിമിന്റെ നീന്തല്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഫ് ളാഗ് ഓഫ് ചെയ്തു.നീന്തിയെത്തിയ ആസിമിനെ ഇരു കരകളിലും തടിച്ചുകൂടിയവര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

Next Story

RELATED STORIES

Share it