Family

കൊവിഡ് ആഘാതം കുറക്കാന്‍ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം

മാനസിക സമ്മര്‍ദ്ധം കുറക്കാന്‍ ദിശ ഹെല്‍പ് ലൈന്‍ നമ്പറിലും വിളിക്കാം. വിളിക്കേണ്ട നമ്പര്‍ 1056, 0471 2552056

കൊവിഡ് ആഘാതം കുറക്കാന്‍ ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം
X

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമുമായി സംസ്ഥാന സര്‍ക്കാര്‍. ഓരോ ജില്ലയിലേയും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' പദ്ധതി നടപ്പിലാക്കുന്നത്. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരെല്ലാം ഈ ടീമുകളുടെ ഭാഗമാണ്.

കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകള്‍ക്ക് കൈമാറുന്നു. അവിടെ നിന്നും പോസിറ്റീവ് ആകുന്ന ഓരോ വ്യക്തിയേയും പ്രോട്ടോക്കോള്‍ പ്രകാരം നേരിട്ടു വിളിക്കുകയും, അവര്‍ നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയുകയും ചെയ്യുന്നു. മാനസിക ബുദ്ധിമുട്ട് നേരിട്ടാല്‍ രണ്ടാമത്തെ കോളില്‍ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിര്‍ദേശിക്കും. മരുന്നുകള്‍ ആവശ്യമായി വരികയാണെങ്കില്‍ തൊട്ടടുത്തുള്ള പി.എച്.സി വഴി അവര്‍ക്ക് അതെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും.

കൊവിഡ് ബാധിതരായവര്‍ക്ക് പുറമേ മാനസികരോഗമുള്ളവര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, വയോജനങ്ങള്‍ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മദ്യപാനാസക്തി ഉള്ളവരുടെ ചികിത്സയുടെ ഏകോപനവും സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ടീം നിര്‍വഹിക്കുന്നു.

ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

കെഎംഎംഎല്‍ ആശുപത്രി കൊവിഡ് ആശുപത്രി

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്. കമ്പനിക്ക് സമീപത്തെ ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും, സ്‌കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുന്‍വശത്തെ ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നത്.

ആദ്യഘട്ടം ചവറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ തയ്യാറാക്കിയ 100 ബെഡുകള്‍ ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്‌ലൈന്‍ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ ലഭ്യമാക്കുന്നത്. അടുത്ത ദിവസങ്ങളിലായി സ്‌കൂളിലെ പഴയ കെട്ടിടങ്ങളില്‍ സജ്ജമാക്കുന്ന 170 ബെഡുകളും കൈമാറും എന്നറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന ചികിത്സാ കേന്ദ്രം ഒരാഴ്ച്ചക്കകം ഒരുങ്ങും. ടെന്റ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it