- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
10 വര്‍ഷത്തിനിടെ നിര്‍മിച്ചുനല്‍കിയത് 160 വീടുകള്‍ ; നിര്‍ധനകുടുംബങ്ങളില്‍ പ്രകാശം പരത്തി സിസ്റ്റര്‍ ലിസിയുടെ ഹൗസ് ചലഞ്ച്
തിരുവനന്തപുരം,തൃശൂര്‍,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ അടക്കം വീടുകള്‍ നിര്‍മ്മിച്ചതായി സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.അഞ്ഞൂറ് മുതല്‍ അറൂന്നൂറ് സ്‌ക്വയര്‍ ഫീറ്റുവരെ വരുന്ന വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്
സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. പകലന്തിയോളം പണിയെടുത്താലും മിച്ചം വെയ്ക്കാന്‍ ഒന്നുമില്ലാതെ പാടുപെടുന്ന ഒട്ടനവധി കുടുംബങ്ങള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്.ഇവരെ സംബന്ധിച്ച് സ്വന്തമായി വീട് നിര്‍മ്മിക്കുകയെന്നത് ബാലികേറാമല തന്നെയാണ്.എന്നാല്‍ സമൂഹം ഒന്നിച്ചാല്‍ ഏതു മലയും കീഴടക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്തുകയാണ് എറണാകുളം തോപ്പുംപടി ഔര്‍ ലേഡി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.സ്വന്തമായി വീടെന്ന സ്വപ്‌നവും പേറി വര്‍ഷങ്ങളായി നടന്ന 160 കുടുംബങ്ങള്‍ക്കാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൗസ് ചലഞ്ച് എന്ന പദ്ധതി വഴി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്.
ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗമാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.തങ്ങളുടെ സ്‌കൂളില്‍ പഠിക്കാന്‍ തീരദേശത്ത് നിന്നും എത്തുന്ന പല കുട്ടികളുടെയും അവസ്ഥ ദുരിതപൂര്‍ണമാണെന്ന് സിസ്റ്റര്‍ ലിസി മനസിലാക്കിയിരുന്നു.പല കുട്ടികള്‍ക്കും അടിസ്ഥാന സൗകര്യം പോലും ലഭ്യമല്ലായിരുന്നു.യാതൊരു സുരക്ഷിതത്വവും ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച കൂരയ്ക്കുള്ളിലായിരുന്നു പലരും താമസിച്ചിരുന്നത്. ഇതു മുലം പല കുട്ടികള്‍ക്കും വല്ലാത്ത അപകര്‍ഷാബോധമായിരുന്നു.കുട്ടികളുടെ ഈ ദുരവസ്ഥ തനിക്ക് വലിയ വേദനയാണ് നല്‍കിയിരുന്നതെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആയ സമയത്ത് ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയപ്പോള്‍ ലിസി മുന്നോട്ടു വെച്ച നിര്‍ദ്ദേശം സ്‌കൂളിലെ നിര്‍ധനയായ ഒരു കുട്ടിക്ക് എങ്കിലും ഒരു വീട് നിര്‍മ്മിച്ചു നല്‍കണമെന്നായിരുന്നു.എന്നാല്‍ ഇതിനാവശ്യമായ പണം കണ്ടെത്തുന്നത് ഉള്‍പ്പെടെ`ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തടസമായി മാറി.
ആ സമയത്താണ് സിസ്റ്റര്‍ ലിസിയുടെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് അപ്രതീക്ഷിതമായി മരിക്കുന്നത്.വീട്ടില്‍ സ്ഥലമില്ലാതിരുന്നതിനെ തുടര്‍ന്ന് സമീപത്തെ ഒരു പറമ്പിലാണ് ചെറിയ പന്തല്‍ കെട്ടി മൃതദേഹം വെച്ചിരുന്നത്.ഒരു ചെറിയ വീട്ടില്‍ മൂന്നു മുറികളിലായി മൂന്നു കുടുംബമായിരുന്നു താമസിച്ചിരുന്നത്.സ്വന്തമായി ഒരു വീട് എന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വപ്‌നമായിരുന്നു.എന്നാല്‍ അതിന് നിവര്‍ത്തിയില്ലായിരുന്നതിനാല്‍ സാധിച്ചിരുന്നില്ല.കൂട്ടുകാരും ഇത് പറഞ്ഞ് സങ്കടപ്പെടുന്നുണ്ടായിരുന്നു.ഇത് കേട്ട് തനിക്ക് വലിയ ദുഖമായിരുന്നുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.മൃതസംസ്‌കാരത്തിന് ശേഷം വീണ്ടും അവിടെയെത്തി കുട്ടിയുടെ അമ്മയെയും മരിച്ചു പോയ പിതാവിന്റെ കൂട്ടുകാരെയും വിളിച്ച് കൂട്ടി വീട് നിര്‍മ്മിക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്തു.എല്ലാവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികളായിരുന്നു കായികമായി എന്തു ജോലിയും ചെയ്ത് കൂടെ നില്‍ക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി.തുടര്‍ന്ന് എങ്ങനെയും അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിസ്റ്റര്‍ ലിസി പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ വീട് പണി ആരംഭിക്കാന്‍ തീരുമാനിച്ചു.കൈയ്യില്‍ ഒരു രൂപ പോലും എടുക്കാനില്ലായിരുന്നു പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടമായിരുന്നു പിന്നീട് നടന്നതെന്ന് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.ലിസിയുടെ തന്നെ സന്യാസിനി സഭയുടെ ഒരു വൈദികനെ സമീപച്ച് കാര്യം ധരിപ്പിച്ചു.ഒടുവില്‍ അദ്ദേഹം 25,000 രൂപ സംഘടിപ്പിച്ചു നല്‍കി.കടമായിട്ടായിരുന്നു പണം നല്‍കിയത് സന്യാസിനി സഭയുടെ സുപ്പീരിയര്‍ മദര്‍ 25,000 രൂപ സംഘടിപ്പിച്ചു നല്‍കി.50,000 രൂപകൊണ്ട് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു.സ്‌കൂളിലെ അധ്യാപകരും മറ്റു കുട്ടികളും എല്ലാം തങ്ങളാല്‍ കഴിയും വിധം സഹായവുമായി എത്തി.പലരെയും കണ്ട് യാചന നടത്തിയെങ്കിലും തങ്ങളുടെ ശ്രമം പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.ചിലര്‍ സഹായിച്ചു. മറ്റു ചിലര്‍ നിരാശരാക്കി മടക്കി അയച്ചു.എങ്കിലും ഏതു വിധേനയും വീടു നിര്‍മ്മിച്ചു നല്‍കണമെന്ന നിശ്ചയ ദാര്‍ഢ്യമുണ്ടായിരുന്നതിനാല്‍ പിന്മാറിയില്ല.ശ്രമം തുടര്‍ന്ന് ഒരു വിധത്തില്‍ വീട് നിര്‍മ്മിക്കാനുള്ള ബാക്കി പണവും കണ്ടെത്തി നാലു മാസം കൊണ്ടു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയെന്ന് സിസ്റ്റര്‍ ലിസി പറഞ്ഞു.
ഇതായിരുന്നു തുടക്കം.ഈ വീടിന്റെ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ 25,000 രൂപ ബാക്കിവന്നു. ഈ പണം ഉപയോഗിച്ച് സമാന രീതിയില്‍ മറ്റൊരു കുട്ടിക്ക് വീടു വെച്ചു നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തി അതും സാധിച്ചു.ഇതോടെ കൂടുതല്‍ പേര്‍ തങ്ങളുടെ ഉദ്യമത്തിന് സഹായവും പിന്തുണയുമായി എത്താന്‍ തുടങ്ങി.ആദ്യം തന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് മാത്രമായിരുന്നു വീട് വെച്ചു നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് സ്‌കൂളിനു പുറത്തേയ്ക്കും പദ്ധതി വ്യാപിച്ചു. വീടില്ലാത്തവര്‍ ആരായാലും അവര്‍ ഏതു ജാതിയാണെങ്കിലും മതമാണെങ്കിലും വീട് നിര്‍മ്മിച്ചു നല്‍കുകയെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഹൗസ് ചലഞ്ച് എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് സിസ്റ്റര്‍ ലിസി പറഞ്ഞു.
ഇതോടെ ഒട്ടേറെപ്പേര്‍ സഹായ ഹസ്തവുമായി എത്താന്‍ തുടങ്ങി.കൂട്ടായ്മയുടെ ശൈലിയാണ് പദ്ധതി വഴി ഞങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് പങ്കുവെയ്ക്കുക. ഒരു ദിവസത്തെ വേതനം അല്ലെങ്കില്‍ ഒരു ദിവസത്തെ സേവനം എന്നതായിരുന്നു പിന്തുണയുമായി എത്തുന്നവരോട് വീടു നിര്‍മ്മാണത്തിന് തങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നതെന്ന് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത്തരം കൂട്ടായ്മയിലൂടെ 160 വീടുകളാണ് നിര്‍മ്മിച്ചത്.തിരുവനന്തപുരം,തൃശൂര്‍,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ അടക്കം വീടുകള്‍ നിര്‍മ്മിച്ചതായി സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.
അഞ്ഞൂറ് മുതല്‍ അറൂന്നൂറ് സ്‌ക്വയര്‍ ഫീറ്റുവരെ വരുന്ന വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.കൊവിഡ് വ്യാപിച്ചതോടെ സഹായം ലഭിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ട്.കൊവിഡ് എല്ലാവരെയും തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതാണ് കാരണം.എങ്കിലും തങ്ങളുടെ ഉദ്യമം തുടരുകയാണ്.160 വീടുകളില്‍ 156 എണ്ണം കൈമാറി. ഈ മാസം 11 ന് രണ്ട് വീടുകള്‍ കൂടി കൈമാറും.രണ്ടു വീടുകളുടെ നിര്‍മ്മാണം നടന്നു വരികയാണെന്നും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.ചെല്ലാനം കണ്ടക്കടവില്‍ കടലേറ്റത്തെ ചെറുക്കുന്ന വിധത്തിലാണ് ഒരു വീട് നിര്‍മ്മിച്ചു നല്‍കിയത്.ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് വീട് നിര്‍മിച്ചത്.കടലേറ്റമുണ്ടായാലും വീടിന് ഒന്നും സംഭവിക്കില്ല.ഹൗസ് ചലഞ്ച് പദ്ധതി വഴി നിര്‍മ്മിച്ച 156ാമത്തെ വീടാണിതെന്നും സിസ്റ്റര്‍ ലിസി ചക്കാലയക്കല്‍ പറഞ്ഞു.
നമ്മള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയവും ലക്ഷ്യവും ശുദ്ധമാണെങ്കില്‍ സമാന ചിന്തയുള്ളവര്‍ നമ്മള്‍ക്കൊപ്പം എത്തുമെന്നാണ് തന്റെ അനുഭവം തന്നെ പഠിപ്പിച്ചതെന്നും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.വെറും വീട് നിര്‍മ്മാണം മാത്രമല്ല. ഒരു ശൈലിയാണ് മുന്നോട്ടു വെയ്ക്കുന്നത്.കേരളത്തെ സംബന്ധിച്ച് മറ്റെന്തിനേക്കാള്‍ വലുത് സുരക്ഷിതമായ ഒരു വീട് എന്നതാണ്.ആഹാരം,വസ്ത്രം,പാര്‍പ്പിടം എന്ന അടിസ്ഥാന സകൗര്യങ്ങളില്‍ വസ്ത്രവും ആഹാരവും എന്നതില്‍ നമ്മള്‍ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞുവെന്നു പറയാം.എന്നാല്‍ വീടില്ലാത്തവര്‍ ഒട്ടേറെപ്പേരുണ്ടെന്നും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.
ഭവന രഹിതരില്ലാത്ത കേരളം എന്നതാണ് തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം.ഇത് സാധ്യമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.വൈപ്പിന്‍,ചെല്ലാനം മേഖലകളില്‍ സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്തിയും വീട് വെച്ചു നല്‍കിയിട്ടുണ്ട്.ഇതിനായി മല്‍സ്യതൊഴിലാളികള്‍ അടക്കം സ്ഥലം സൗജന്യമായി വിട്ടു തന്നു.വ്യക്തിയുടെ സമഗ്രവികസനമാണ് വിദ്യാഭ്യാസത്തിന്റെ ദര്‍ശനം എന്നതാണ് താന്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി എന്ന സന്യാസി സഭ മുന്നോട്ടു വെയ്ക്കുന്നത്.സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറച്ച് ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കണം.ഉള്ളവര്‍ ഇല്ലാത്തവരെക്കൂടി സഹായിച്ചാല്‍ മാത്രമെ ഇത് സാധ്യമാകു. തനിക്കൊപ്പം തന്റെ അയല്‍ക്കാരനും നന്നാകണമെന്ന ചിന്ത ഒരോരുത്തരും പുലര്‍ത്തിയാല്‍ ഇത് സാധ്യമാകുമെന്നും സിസ്റ്റര്‍ ലിസി പറയുന്നു.തങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ഹൗസ് ചലഞ്ച് എന്ന പദ്ധതി വെറും വീടു നിര്‍മ്മാണം മാത്രമല്ല. പങ്കുവെയ്ക്കലിന്റെ സംസ്‌ക്കാരം കൂടിയാണ്.വിദ്യാലയങ്ങളില്‍ നിന്നും ഇത് തുടങ്ങണമെന്നും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ വ്യക്തമാക്കി.
RELATED STORIES
''വാഗണ് ട്രാജഡി മാറ്റി വാഗണ് കൂട്ടക്കൊലയാക്കണം''; മുഖ്യമന്ത്രിക്ക്...
25 Jan 2025 1:54 PM GMTമദ്റസ വിദ്യാര്ഥികളെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച്...
25 Jan 2025 1:33 PM GMTപ്ലസ് വണ് വിദ്യാര്ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്ഥി
25 Jan 2025 12:56 PM GMTപോഷകബാല്യം പദ്ധതി പുനരാരംഭിക്കാന് നടപടി സ്വീകരിക്കണം: മഞ്ജുഷ മാവിലാടം
25 Jan 2025 12:51 PM GMT''എബിവിപിക്ക് രക്തം നല്കിയില്ല''; വിദ്യാര്ഥിക്ക് മര്ദ്ദനമേറ്റു
25 Jan 2025 12:30 PM GMTബസ് യാത്രക്കിടെ ഛര്ദ്ദിക്കാന് തല പുറത്തിട്ടു; ഗുണ്ടല്പേട്ടില്...
25 Jan 2025 11:45 AM GMT