Women

അമിക ജോര്‍ജ്, മജിസിയ ബാനു, വിജി...; അഭിമാനമേകിയ മലയാളിപ്പെണ്ണുങ്ങള്‍

സ്ത്രീകളെ കുറിച്ചു പറയുമ്പോള്‍ പലരും പറയുന്നതാണ് പുരുഷനോട് താരതമ്യം ചെയ്യുമ്പോള്‍ അവളുടെ കഴിവ് കുറവാണെന്നത്. എന്നാല്‍, ജൈവികമായ ചില ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിലും ഇത്തരം അപര്യാപ്തതയില്ലെന്നു തെളിയിക്കുകയാണ് നമ്മുടെ നാട്ടിലെ ചില മലയാളിപ്പെണ്ണുങ്ങളും.

അമിക ജോര്‍ജ്, മജിസിയ ബാനു, വിജി...; അഭിമാനമേകിയ മലയാളിപ്പെണ്ണുങ്ങള്‍
X

അമിക ജോര്‍ജ്ജ്

സ്ത്രീകളെ കുറിച്ചു പറയുമ്പോള്‍ പലരും പറയുന്നതാണ് പുരുഷനോട് താരതമ്യം ചെയ്യുമ്പോള്‍ അവളുടെ കഴിവ് കുറവാണെന്നത്. എന്നാല്‍, ജൈവികമായ ചില ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിലും ഇത്തരം അപര്യാപ്തതയില്ലെന്നു തെളിയിക്കുകയാണ് നമ്മുടെ നാട്ടിലെ ചില മലയാളിപ്പെണ്ണുങ്ങളും. ഈയിടെ ലോകത്തിലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിലാണ് പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോര്‍ജ്ജിന്റെയും കൊല്ലം സ്വദേശിനി നിഷയുടെയും മകളായ ബ്രിട്ടീഷ് ഇന്ത്യന്‍ വംശജ അമിക ജോര്‍ജ്ജിന് ടൈം മാഗസിന്റെ പട്ടികയില്‍ ഇടംലഭിച്ചത്.

ആര്‍ത്തവദാരിദ്ര്യം എന്നതിനെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ അമിക ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണെങ്കിലും അവര്‍ക്കുമുണ്ട് കേരളബന്ധം. രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഫ്രീ പീരിഡ്‌സ് എന്ന ഹാഷ്ടാഗ് പ്രചാരണ പരിപാടിയാണ് അമികയെ ശ്രദ്ധേയയാക്കിയത്. ആര്‍ത്തവ സമയത്ത് സാനിട്ടറി പാഡ് വാങ്ങാന്‍ പണമില്ലാതെ സ്‌കൂളില്‍ പോവാന്‍ സാധിക്കാത്ത കുട്ടികളെ കുറിച്ച് പത്രവാര്‍ത്ത വന്നിരുന്നു. ബ്രിട്ടന്‍ പോലെയൊരു വികസിത രാജ്യത്തും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവാണ് അമികയെ സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ച് 2017 ഡിസംബറില്‍ ബ്രിട്ടനില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണു പങ്കാളികളായത്. റാലിയെ തുടര്‍ന്ന് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പ്രശ്‌ന പരിഹാരത്തിനുഒരു കോടി യൂറോയാണ് വകയിരുത്തിയത്. സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യാന്‍ ഗ്രീന്‍ പാര്‍ട്ടിക്കും സമ്മതിക്കേണ്ടിവന്നു.

മജിസിയ ബാനു

തട്ടം വലിച്ചൂരിയല്ല തട്ടത്തിന്‍ മറയത്ത് നിന്ന് തന്നെയാണ് വടകര ഓര്‍ക്കാട്ടേരി സ്വദേശി അബ്ദുല്‍മജീദ്-റസിയ ദമ്പതികളുടെ മകള്‍ മജിസിയ ബാനു ചരിത്രം സൃഷ്ടിച്ചത്. പവര്‍ലിഫ്റ്റില്‍ ഉന്നതങ്ങള്‍ കീഴടക്കി കേരളത്തിന്റെ 'സ്‌ട്രോങ് വുമണ്‍' എന്നറിയപ്പെട്ട മജിസിയ ലഖ്‌നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മല്‍സരത്തില്‍ 55 കിലോ വിഭാഗത്തില്‍ സ്വര്‍ണമെഡലാണു നേടിയത്. ഇതുവഴി ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. മിസ്റ്റര്‍ കേരള ഫിറ്റ്‌നസ് ആന്റ് ഫാഷന്‍ 2018, ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ദി ഇയര്‍, സ്‌ട്രോങ് വുമണ്‍ ഓഫ് കോഴിക്കോട്, സ്‌ട്രോങ് വുമണ്‍ ഓഫ് കേരള തുടങ്ങി നിരവധി ബഹുമതികളും നേടി. ലഖ്‌നൗവില്‍ നടന്ന 55 കിലോഗ്രാം സീനിയര്‍ വുമണ്‍ പഞ്ചഗുസ്തിയില്‍ സ്വര്‍ണം നേടിയാണ് ലോകകപ്പ് പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഹിജാബ് ധരിച്ച പവര്‍ലിഫ്റ്റര്‍ എന്നാണ് മജിസിയയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതിനുള്ള മറുപടിയും ഏറെ ശക്തമാണ്. ഹിജാബ് എന്റെ വ്യക്തിത്വമാണ്, ജീവിതശൈലിയാണ്, അത് മാറ്റാന്‍ ഒരിക്കലും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടില്ല. ഹിജാബ് ധരിക്കുന്നതുകൊണ്ട് മല്‍സരത്തിനു യാതൊരു അസൗകര്യങ്ങളും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണെന്നു കൂടി 24കാരി പറയുന്നു. മാതാപിതാക്കളുടെയും ഭര്‍ത്താവ് നൂര്‍ അഹമ്മദിന്റെയും പിന്തുണയാണ് മജിസിയയ്ക്കു തുണയാവുന്നത്.

വിജി പെണ്‍കൂട്ട്

വര്‍ഷങ്ങള്‍ക്കു മുമ്പേ പലര്‍ക്കും അറിയില്ലായിരുന്നു, ഷോപ്പിങ് മാളില്‍ നമ്മെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും അല്‍പമൊന്ന് ഇരിക്കാന്‍ അവകാശമില്ലാത്ത കാര്യം. സെയില്‍സ് ഗേള്‍സായി ജോലി ചെയ്യുന്നവര്‍ക്ക് ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശം തേടി കോഴിക്കോട്ടെ വിജി എന്നൊരു സ്ത്രീ സമരം നടത്തിയപ്പോഴാണ് ഇത്രയും വലിയ പ്രശ്‌നമാണല്ലോ ഇതെന്നു ബോധ്യം വന്നുതുടങ്ങിയത്. മലയാളിയുടെ മനസ്സിലേക്ക് സെയില്‍സ് ഗേളുമാരുടെ ദൈന്യത ഉയര്‍ത്തിക്കാട്ടിയ വിജി പെണ്‍കൂട്ടിനെ തേടിയെത്തിയതും അന്താരാഷ്ട്ര അംഗീകാരമാണ്. ബിബിസി തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 യുവതികളുടെ പട്ടികയില്‍ല്‍ വിജി 73ാം സ്ഥാനത്തെത്തി. അധികാരവും ശക്തിയുമല്ല നിശ്ചയദാര്‍ഢ്യമാണ് മയിലമ്മമാരെയും വിജിമാരെയും നിര്‍മിക്കുന്നതെന്ന സത്യവും പുറംലോകം കണ്ടു. സമരപോരാട്ടങ്ങളുടെ പുതിയ പാഥേയങ്ങള്‍ തേടിയിറങ്ങുന്നവര്‍ക്ക് വിജിയും അവരുടെ പെണ്‍കൂട്ട് കൂട്ടായ്മയും ഒട്ടനവധി പാഠങ്ങളും പ്രചോദനങ്ങളുമാണ് നല്‍കുക.

Next Story

RELATED STORIES

Share it