Youth

ആസിമിന്റെ ഗുരു; സജി വാളാശ്ശേരില്‍ സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കിയത് അയ്യായിരത്തിലേറെ പേര്‍ക്ക്

ശാരീരികമായി ഏത് അവസ്ഥയിലുള്ള വ്യക്തിയാണെങ്കിലും ആ വ്യക്തിയുടെ ഉള്ളിന്റെയുള്ളില്‍ നീന്തല്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചുകൊടുക്കുമെന്നതാണ് സജിയുടെ പ്രത്യേകത.ഏത് കുത്തൊഴുക്കിനെയും അതിജീവിക്കാന്‍ കഴിയും വിധം ഒരു വ്യക്തിയെ പ്രാപ്തനാക്കുമെന്ന് പെരിയാറിനെ സാക്ഷിയാക്കി ഒട്ടേറെ ഉദാഹരണങ്ങളിലുടെ ആലുവ സ്വദേശിയായ സജി വാളാശ്ശേരില്‍ തെളിയിച്ചു കഴിഞ്ഞു

ആസിമിന്റെ ഗുരു; സജി വാളാശ്ശേരില്‍ സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കിയത് അയ്യായിരത്തിലേറെ പേര്‍ക്ക്
X

ഇത് സജി വാളാശ്ശേരില്‍.12 വര്‍ഷം മുമ്പ് ഇദ്ദേഹത്തെ ആരും അത്രയ്ക്ക് അങ്ങനെ അറിയില്ലായിരുന്നു.എന്നാല്‍ ഇന്ന് കേരളത്തിലെ ഒട്ടുമിക്കവര്‍ക്കും ഈ നീന്തല്‍ പരിശീലകന്‍ സുപരിചിതനാണ്.വെറും ഒരു നീന്തല്‍ പരിശീലകന്‍ എന്നതിനേക്കാള്‍ ഉപരി ശാരീരികമായി ഏത് അവസ്ഥയിലുള്ള വ്യക്തിയാണെങ്കിലും ആ വ്യക്തിയുടെ ഉള്ളിന്റെയുള്ളില്‍ നീന്തല്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചുകൊടുക്കുമെന്നതാണ് സജിയുടെ പ്രത്യേകത.ഏത് കുത്തൊഴുക്കിനെയും അതിജീവിക്കാന്‍ കഴിയും വിധം ഒരു വ്യക്തിയെ പ്രാപ്തനാക്കുമെന്ന് പെരിയാറിനെ സാക്ഷിയാക്കി ഒട്ടേറെ ഉദാഹരണങ്ങളിലുടെ ആലുവ സ്വദേശിയായ സജി വാളാശ്ശേരില്‍ തെളിയിച്ചു കഴിഞ്ഞു.


കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം അയ്യായിരത്തിലധികം പേരെ സജി നീന്തല്‍ പഠിപ്പിച്ചുകഴിഞ്ഞു.ഇതില്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ കടുത്ത ശാരീരിക വൈകല്യം നേരിടുന്നവരും ഉണ്ടായിരുന്നു. ജന്മനാ രണ്ടും കൈകള്‍ ഇല്ലാതിരിക്കുകയും വലതുകാലിന് സ്വാധീനമില്ലാതിരിക്കുകയും ചെയ്യുന്ന ആസിം വെളിമണ്ണയെയാണ് ഒടുവില്‍ നീന്തല്‍ പഠിപ്പിച്ച് പെരിയാറില്‍ നീന്തിച്ച് സജി ശ്രദ്ധ പിടിച്ചു പറ്റിയത്.നീന്തല്‍ പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും തന്റെ വൈകല്യം അതിന് തടമാണെന്ന് ചിന്തിച്ചിരുന്ന ആസിമിനെ നീന്തല്‍ പഠിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ആസിമിന്റെ പിതാവിനെ സമീപിച്ച് സജി അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ അസിമിന്റെ ആഗ്രഹം സജി സാധ്യമാക്കിക്കൊടുത്തു.ഒരു മണിക്കൂറും ഒരു മിനിറ്റും പെരിയാറില്‍ നീന്തിയാണ് ആസിം ചരിത്രത്തില്‍ ഇടം നേടിയത്.ഒപ്പം സജിയും.

തീവണ്ടി അപകടത്തില്‍ രണ്ടും കാലുകളും മുട്ടിനു താഴെ വെച്ച് മുറിഞ്ഞുപോയ ഷാന്‍,രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത മനോജ്,ഐബിന്‍,നവനീത്, കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത ആദിത്,പോളിയോ ബാധിച്ച് വലതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട റോജി,വലതു കൈയ്ക്ക് സ്വാധീനമില്ലാത്ത രാധാകൃഷ്ണന്‍,ജന്മനാ നട്ടെല്ലിന് വൈകല്യമുള്ള കൃഷ്ണ എസ് കമ്മത്ത് എന്നിങ്ങനെ ആ പട്ടിക നീളുന്നു.നീന്തല്‍ പഠിപ്പിക്കുന്നതില്‍ ആരില്‍ നിന്നും യാതൊരുവിധത്തിലുള്ള ഫീസോ പാരിതോഷികമോ സജി വാങ്ങാറില്ല.തികച്ചും സൗജന്യമായിട്ടാണ് നീന്തല്‍ പഠിപ്പിക്കുന്നത്.


കൂട്ട മുങ്ങി മരണങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് താന്‍ സൗജന്യമായി കുട്ടികളെയും മുതിര്‍ന്നവരെയും നീന്തല്‍ പഠിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സജി വാളാശേരില്‍ വ്യക്തമാക്കി.2002 ല്‍ പിഎസ് സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ അടക്കം വേമ്പനാട്ടു കായലില്‍ മുങ്ങി മരിച്ച സംഭവം,2007 ല്‍ തട്ടേക്കാട് ബോട്ടു ദുരന്തത്തില്‍ കുട്ടികള്‍ അടക്കം മുങ്ങി മരിച്ച സംഭവം,2009 ല്‍ തേക്കടി ബോട്ട് ദുരന്തത്തില്‍ 45 പേര്‍ മുങ്ങി മരിച്ച സംഭവം ഇതെല്ലാമാണ് തന്നെ ഇത്തരത്തില്‍ ഒരു തീരുമാനമെടുപ്പിച്ചതെന്ന് സജി വാളാശ്ശേരില്‍ പറഞ്ഞു.നീന്തല്‍ അറിയാമായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഇവരുടെ ജീവന്‍ പൊലിയില്ലായിരുന്നുവെന്നും സജി പറഞ്ഞു. ഈ സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് 2010 ല്‍ തന്റെ രണ്ടു കുട്ടികളെയും സുഹൃത്തിന്റെ രണ്ടു കുട്ടികളെയും അടക്കം നാലു പേരെയാണ് ആദ്യം താന്‍ നീന്തല്‍ പഠിപ്പിച്ചത്.പെരിയാറിലെ മണപ്പുറം കടവിലായിരുന്നു നീന്തല്‍ പരിശീലനം.ക്രമേണ സജിയുടെ അടുത്ത് നീന്തല്‍ പഠിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ നീന്തല്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ എത്തിയവരെ സജി നീന്തല്‍ പഠിപ്പിച്ചു.


കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ അയ്യായിരത്തോളം പേരെ താന്‍ നീന്തല്‍ പഠിപ്പിച്ചുകഴിഞ്ഞുവെന്ന് സജി വാളാശ്ശേരി പറഞ്ഞു.ഇതില്‍ 1,300 പേരെ പെരിയാറിന് കുറുകെ നീന്തിച്ചുവെന്നും സജി പറഞ്ഞു.ഇവരെക്കൂടാതെ 10 വനിതകളെ നീന്തല്‍ പഠിപ്പിച്ച് 2017 ല്‍ വേമ്പാട്ട് കായലില്‍ നീന്തിച്ചുവെന്നും സജി പറഞ്ഞു.വേമ്പനാട്ടുകായലിന്റെ ഏറ്റവും ഏറ്റവും വീതി കൂടിയ ഭാഗമായ കോട്ടയം കുമരകം മുതല്‍ ആലപ്പുഴ മുഹമ്മ വരെയുള്ള ഒമ്പതു കിലോമീറ്ററാണ് ഇവര്‍ അനായാസമായി നീന്തിയതെന്നും സജി പറഞ്ഞു.2018 ല്‍ മുന്നു ചെറിയ കുട്ടികളെ വേമ്പനാട്ട് കായല്‍ നീന്തിച്ചു.ഒമ്പതര വയസുള്ള അദൈ്വത്,പതിനൊന്നേകാല്‍ വയസുള്ള ആദിത്യ,പന്തണ്ടേകാല്‍ വയസുള്ള കൃഷ്ണ വേണി എന്നിവരെയാണ് നീന്തിച്ചത്.ഇതു കൂടാതെ അഞ്ചരവയസുള്ള പെണ്‍കുട്ടിയെ പെരിയാറിന് കുറുകെ സജി നീന്തിച്ചു.കഴിഞ്ഞ ജനുവരിയില്‍ ആലുവ തായ്ക്കാട്ടുകര സ്വദേശിനിയായ 69 വയസുള്ള ആരിഫ എന്ന വീട്ടമ്മയെയും മാള സ്വദേശിയായ 70 വയസുള്ള വിശ്വംഭരന്‍ എന്നയാളെയും സജി പെരിയാറിനു കുറുകെ നീന്തിച്ച് ശ്രദ്ദ നേടിയിരുന്നു.30 തടി താഴ്ചയുള്ള ഭാഗത്തു കൂടിയായിരുന്നു നീന്തല്‍. ആലുവ ആശ്രമം കടവു മുതല്‍ മണപ്പുറം കടവുവരെയായിരുന്നു ഇവരെ നീന്തിപ്പിച്ചതെന്നും സജി പറഞ്ഞു.


ആംബുലന്‍സ് അടക്കം എല്ലാ വിധ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയതിനു ശേഷമാണ് എല്ലാവരെയും നീന്തിപ്പിക്കുന്നതെന്നും സജി പറഞ്ഞു. നീന്തല്‍ അറിയാതെ കുളിക്കാനിറങ്ങി നിരവധി ആളുകളാണ് പെരിയാറില്‍ മുങ്ങി മരിച്ചിട്ടുള്ളത്.നീന്തല്‍ അറിയാതെ ആരും മുങ്ങിമരിക്കാന്‍ ഇടയാകരുതെന്നാണ് തന്റെ ആഗ്രഹം.അതിനുള്ള ശ്രമാണ് താന്‍ നടത്തുന്നതെന്നും സജി വാളാശേരി പറഞ്ഞു.നിലവില്‍ സജിയുടെ കീഴില്‍ 200 ഓളം പേര്‍ നീന്തല്‍ പഠിക്കുന്നുണ്ട്.ആലുവ മണപ്പുറം ദേശം കടവിലാണ് ഇപ്പോള്‍ നീന്തല്‍ പരിശീലനം.പഠിക്കാന്‍ വരുന്ന ആരില്‍ നിന്നും ദക്ഷിണയോ യാതൊരു വിധ ഉപഹാരങ്ങളോ ഫീസോ താന്‍ വാങ്ങാറില്ലെന്ന് സജി വാളാശ്ശേരില്‍ പറഞ്ഞു.പരിശീലനത്തിന്റെ സുരക്ഷാ ചെലവുകള്‍ പഠിതാക്കള്‍ ചേര്‍ന്നാണ് വഹിക്കുന്നത്.ട്യൂബ്, ലൈഫ് ജാക്കറ്റ്, വള്ളം, ബോട്ട്, ആംബുലന്‍സ് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെയാണ് എല്ലാദിവസവും പരിശീലനം നടത്തുന്നത്. സൗജന്യമായി നല്‍കപ്പെടുന്ന പരിശീലനത്തിന്റെ സുരക്ഷാ ചെലവുകള്‍ പഠിതാക്കള്‍ ചേര്‍ന്നാണ് വഹിക്കുന്നതെന്നും 400 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും സജി വാളാശ്ശേരില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it