- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രിക സ്പര്‍ശം
പുല്ലാങ്കുഴല്‍ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ രാജേഷ് ചേര്‍ത്തല പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെന്ന മഹാനായ കലാകാരന്റെ എണ്ണം പറഞ്ഞ പ്രിയ ശിക്ഷ്യരില്‍ ഒരാള്‍ കൂടിയാണ്
പുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രികനാണ് രാജേഷ് ചേര്‍ത്തല.ജീവിതത്തിന്റെ കൈയ്‌പ്പേറിയ ദുരനുഭവങ്ങളില്‍ നിന്നും കഠിനാധ്വാനത്തിലൂടെ പടവുകള്‍ ഒരോന്നും ചവിട്ടിക്കയറിയാണ് രാജേഷ് ചേര്‍ത്തലയെന്ന കലാകാരന്‍ പുല്ലാങ്കുഴല്‍ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെന്ന മഹാനായ കലാകാരന്റെ എണ്ണം പറഞ്ഞ പ്രിയ ശിക്ഷ്യരില്‍ ഒരാള്‍ കൂടിയാണ് രാജേഷ് ചേര്‍ത്തല.അഞ്ചാം ക്ലാസ് മുതല്‍ ജീവിതത്തിനൊപ്പം കൂടെക്കൂട്ടിയ പുല്ലാങ്കുഴലാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് രാജേഷ് പറയുന്നു.ജീവിതത്തിന്റെ പ്രതിസന്ധി നിറഞ്ഞ നിരവധി ഘട്ടങ്ങളില്‍ പോലും പുല്ലാങ്കുഴല്‍ സംഗീതം വിടാന്‍ രാജേഷ് തയ്യാറായിരുന്നില്ല. രാജ്യത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് സംഗീത പ്രേമികളാണ് രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ സംഗീതം നെഞ്ചോട് ചേര്‍ത്തുവെച്ചിട്ടുള്ളത്.
ചെറുപ്പത്തില്‍ ഷാജി എന്ന ചേട്ടന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നത് കേട്ട് ഇഷ്ടം തോന്നിയാണ് പുല്ലാങ്കുഴല്‍ സംഗീതത്തിലേക്ക് തിരിഞ്ഞതെന്ന് രാജേഷ് ചേര്‍ത്തല പറഞ്ഞു.അന്ന് 10 വയസായിരുന്നു പ്രായം.വീടിന് സമീപം ശിവരഞ്ജിനി എന്ന പേരില്‍ സംഗീതം പഠിപ്പിക്കുന്ന സ്ഥാപനമുണ്ടായിരുന്നു.ബല്‍റാം ചേട്ടനായിരുന്നു ആള്.ബല്‍റാം ചേട്ടനോട് തന്റെ ആഗ്രഹം പറഞ്ഞു.അങ്ങനെ ഒരുദിവസം പുല്ലാങ്കുഴല്‍ സംഗീതം പഠിപ്പിക്കുന്ന സണ്‍ബ്രൈറ്റ് മാഷ് വന്നിട്ടുണ്ട് ക്ലാസില്‍ ചേരാന്‍ തന്നോട് പറഞ്ഞു.അങ്ങനെ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ മൂന്നു മാസം പഠിച്ചു.സ്‌കൂളില്‍ ചെറിയ രീതിയില്‍ നാടകം ചെയ്യുമായിരുന്നു.നാട്ടിലെ പാരല്‍ കോളജില്‍ ഒരു പ്രോഗ്രാം ചെയ്ത സമയത്ത് അവിടുത്തെ അധ്യാപിക തന്നോട് പുല്ലാങ്കുഴലില്‍ പാട്ട് വായിക്കാന്‍ പറഞ്ഞു.അങ്ങനെ പാട്ടു വായിച്ചു പുറത്തിറങ്ങിയപ്പോള്‍ മാഷ് പുറത്ത് നില്‍ക്കുകയാണ്.അരങ്ങേറ്റം പോലും നടത്താതെ സ്‌റ്റേജില്‍ കയറി വായിച്ചത് മാഷിന് ഇഷ്ടപ്പെട്ടില്ല.അതോടെ അദ്ദേഹത്തിന്റെ കീഴിലെ പുല്ലാങ്കുഴല്‍ പഠനം നിന്നു. തിരുവിഴ പപ്പന്‍ ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന പത്മനാഭന്‍ ഭാഗവതര്‍ ആശാന്റെ അടുത്തായിരുന്നു പിന്നീട് പഠനം.തിരുവിഴയിലായുന്നു ചെറുപ്പകാലം കൂടുതല്‍ ചിലവിട്ടിരുന്നത്.ശുഭകേശന്‍ എന്ന ചേട്ടന്‍ തനിക്ക് ഫ് ളൂട്ട് വാങ്ങി തരുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസം കണ്ണങ്കര സെന്റ് മാത്യൂസ് സ്‌കൂളിലായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂള്‍ വാര്‍ഷികത്തിന് തങ്ങളെ എല്ലാവരെയും കൂട്ടിയിണക്കി അധ്യാപകര്‍ പ്രോഗ്രാം സംഘടിപ്പിച്ചു.അതോടെ സ്‌കൂളില്‍ തങ്ങള്‍ നാലഞ്ചു സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കപ്പെട്ടു.അതായിരുന്നു തുടക്കമെന്നും രാജേഷ് പറഞ്ഞു.ഈ ടീം പിന്നീട് ചില്‍ഡ്രന്‍സ് വോയിസ് എന്ന കുട്ടികളുടെ ട്രൂപ്പായി മാറി. ആദ്യം തബലയും പുല്ലാങ്കുഴലും മാത്രമായിരുന്നു ഉണ്ടായിരുന്നത്.തബല മനോജും താന്‍ പുല്ലാങ്കുഴലും വായിക്കും.പാട്ടു പാടാന്‍ മനോജ്,മധു എന്നിവരും.നാട്ടില്‍ ചെറിയ പ്രോഗ്രാമുകള്‍ കിട്ടിത്തുടങ്ങി.പതിയെ കൂടുതല്‍ പേരെ ട്രൂപ്പിലേക്ക് ചേര്‍ത്തു.ഇതോടെ പ്രോഗ്രാം ഒന്നു കൂടി നന്നാകുകയും കൂടുതല്‍ പ്രോഗ്രാമുകള്‍ കിട്ടിത്തുടങ്ങുകയും ചെയ്തു.പിന്നീട് കൊച്ചിന്‍ ക്ലാസ് എന്ന പ്രഫഷണല്‍ ട്രൂപ്പിലേക്ക് ബല്‍റാം ചേട്ടന്‍ വിളിച്ചു.അങ്ങനെ ആ ട്രൂപ്പിന്റെ ഭാഗമായി.ഇതോടെ കൂടുതല്‍ സംഗീതജ്ഞരെ പരിചയപ്പെടാനും കൂടുതല്‍ പഠിക്കാനും കഴിഞ്ഞു.മാടയ്ക്കല്‍ സന്തോഷ് മാഷ് അടക്കം തന്നെ സഹായിച്ചിരുന്നുവെന്നും രാജേഷ് പറഞ്ഞു.
പിന്നീട് ട്രൂപ്പില്‍ നിന്നും മാറി ഫ്രീലാന്‍സ് ആയി പുല്ലാങ്കുഴല്‍ വായിച്ചു തുടങ്ങി. ഇതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും തുടങ്ങിയതെന്നും രാജേഷ് പറഞ്ഞു.കോളജില്‍ പഠിക്കുമ്പോളും അധ്യാപകര്‍ മികച്ച പിന്തുണയാണ് തനിക്ക് നല്‍കിയിരുന്നത്.അന്നും ഇന്നും സ്‌നേഹത്തോടെയാണ് തന്നെ അധ്യാപകര്‍ പിന്തുണയ്ക്കുന്നത്.പ്രോഗ്രാമിന് പോകാന്‍ അനുവാദമുണ്ടായിരുന്നു.അധ്യാപകരാണ് ആദ്യമായി തനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിതരുന്നത്.ഗോകുലകുമാരി,അജയകുമാര്‍ എന്നീ രണ്ടു അധ്യാപകരാണ് ഇതിനായി പണം നല്‍കിയതെന്നും രാജേഷ് പറഞ്ഞു.
കൊച്ചിന്‍ കലാഭവനിലാണ് ആദ്യമായി സ്റ്റുഡിയോയില്‍ പുല്ലാങ്കുഴല്‍ വായിക്കുന്നത്. തിരുവിഴ ഉല്ലാസ് മാഷിന്റെ ശ്രീകൃഷ്ണ ഭക്തിഗാനത്തിന്റെ റെക്കോര്‍ഡിംഗായിരുന്നു.പിന്നീട് പല പല സ്റ്റുഡിയോകളില്‍ റെക്കാര്‍ഡിംഗില്‍ വായിക്കാന്‍ അവസരം കിട്ടിത്തുടങ്ങി.ഇതിനിടയില്‍ ആലപ്പുഴയിലെ ശ്രീരാഗ് എന്ന സ്റ്റഡിയോയില്‍ റെക്കാര്‍ഡിംഗിന് എത്തിയപ്പോള്‍ അവിടുത്തെ റെക്കോര്‍ഡിസ്റ്റായിരുന്ന സാബിര്‍ അഹമ്മദ് ആണ് തന്റെ ടോണ്‍ കൊള്ളാമെന്ന് പറഞ്ഞത്.അപ്പോഴാണ് ഇത്തരത്തില്‍ പുല്ലാങ്കുഴലിന് ടോണ്‍ ഒക്കെയുണ്ടെന്ന് തന്നെ തനിക്ക് മനസിലായതെന്നും രാജേഷ് പറഞ്ഞു.ജാസി ഗിഫ്റ്റിന്റെ അസിസ്റ്റന്റും സാബിര്‍ അഹമ്മദിന്റെ സഹായിയായിയുമായിരുന്ന റോമി എന്ന സൗണ്ട് എന്‍ജിനീയര്‍ വഴിയാണ് ജാസി ഗിഫ്റ്റിനെ പരിചയപ്പെടുന്നത്.
ജാസി ഗിഫ്റ്റ് ആ സമയം റെയിന്‍ റെയിന്‍ കം എഗയിന്‍ എന്ന സിനിമയുടെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുകയായിരുന്നു. ഒരു ദിവസം റോമി തന്നെ വിളിച്ചു പറഞ്ഞു.ഒന്നു വന്ന് ജാസി ഗിഫ്റ്റിനെ കാണാന്‍.വായിക്കുന്നത് ഇഷ്ടപ്പെട്ടാല്‍ എടുക്കട്ടെയെന്ന് പറഞ്ഞു.ആ സമയത്ത് ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയെ എന്ന ഗാനം ഹിറ്റായി നില്‍ക്കുന്ന സമയം കൂടിയായിരുന്നു.പേടിച്ചു വിറച്ചാണ് താന്‍ അവിടെ എത്തിയത് തന്നെ. ആദ്യമായിട്ടാണ് ഒരു സിനിമയുടെ റെക്കാര്‍ഡിംഗില്‍ വായിക്കുന്നത്. പൂവിനുളളില്‍ പൂമഴ പോലെ എന്ന ഗാനമായിരുന്നു അത്.പാട്ടില്‍ വായിച്ച ശേഷം താന്‍ മടങ്ങി.പിന്നീട് ഒരു ദിവസം റോമി ചേട്ടന്‍ വിളിച്ചിട്ട് രാജേഷേ നീ വായിച്ച ഭാഗം പാട്ടില്‍ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു.അങ്ങനെ ആ കാസറ്റിലാണ് ഫ് ളൂട്ട് പ്ലെയ്ഡ് ബൈ രാജേഷ് ചേര്‍ത്തല എന്ന പേര് ആദ്യമായി വരുന്നതെന്നും രാജേഷ് പറഞ്ഞു.പിന്നീട് കലവൂര്‍ ബാലന്‍ എന്ന സംഗീത സംവിധായകന്റെ മകനായരുന്ന കണ്ണന്‍ എന്ന കീ ബോര്‍ഡിസ്റ്റ് വഴി അനന്ത ഭദ്രം എന്ന സിനിമയില്‍ പശ്ചാത്തല സംഗീതത്തില്‍ പുല്ലാങ്കുഴല്‍ വായിക്കാന്‍ അവസരം കിട്ടി.ചെന്നൈയിലായിരുന്നു റെക്കാര്‍ഡിംഗ്.പെരുമ്പടപ്പിലെ ധ്യാനകേന്ദ്രത്തില്‍ കണ്‍വെന്‍ഷനില്‍ വായിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിളിച്ചത്.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോയത്.അത് വലിയ ഒരു അനുഭവമായിരുന്നു.എം ജി അനില്‍ എന്ന സംഗീത സംവിധായകന്‍ വഴിയാണ് സംഗീത സംവിധയകര്‍ക്കിടയില്‍ റെക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്റ് എന്ന പേര് കിട്ടുന്നത്.അദ്ദേഹം പലരെയും തന്നെ പരിചയപ്പെടുത്തിയിരുന്നു. പ്രമുഖ സംഗീത സംവിധായകന്‍ ബിജിബാലിനെ പരിചയപ്പെടുത്തിയതും എം ജി അനില്‍ ആയിരുന്നു.പിന്നാലെ ബിജിബല്‍ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയ ലാല്‍ജോസിന്റെ അറബിക്കഥ എന്ന സിനിമയില്‍ വായിക്കാന്‍ അവസരം ലഭിച്ചു.തുടര്‍ന്നങ്ങോട്ട് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒട്ടു മിക്ക സിനിമകളിലും വായിക്കാന്‍ സാധിച്ചുവെന്നും രാജേഷ് പറഞ്ഞു.
ഒസിഡി കോണ്‍ഗ്രിഗേഷനിലെ ആന്‍ഡ്രൂസ് താഴത്ത്,ആന്റണി കാനപ്പിള്ളി എന്നീ വൈദികരും തന്റെ സംഗീത മേഖലയിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.ഇവരുടെ സംഗീത ഗ്രൂപ്പില്‍ തനിക്ക് അംഗമാകാന്‍ സാധിച്ചതുവഴി കൂടുതല്‍ മികച്ച സംഗീതജ്ഞരെ പരിചയപ്പെടാന്‍ സാധിച്ചു.ഇവരില്‍ നിന്നും സംഗീതത്തിലും പുല്ലാങ്കുഴല്‍ വായനയിലും കൂടുതല്‍ അടുക്കും ചിട്ടയും ലഭിച്ചു.യൂട്യൂബ് ചാനല്‍ വന്നതോടെയാണ് താന്‍ പുല്ലാങ്കുഴലില്‍ വായിച്ച പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധിപ്പെടാന്‍ തുടങ്ങിയത്.സിനിമകളില്‍ പാട്ടുകളുടെ റെക്കാര്‍ഡിംഗില്‍ വായിക്കാന്‍ കൂടുതല്‍ അവസരം കിട്ടിത്തുടങ്ങിയതോടെ പ്രോഗ്രാമുകളില്‍ സോളോ ആയി പുല്ലാങ്കുഴല്‍ വായിക്കാന്‍ വിളിച്ചു തുടങ്ങി.
ഒരു ദിവസം ഷിജാസ് എന്ന സുഹൃത്ത് വിളിച്ച് ഒരു ഇവന്റില്‍ വായിക്കാമോയെന്ന് ചോദിച്ചു.സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഫ് ളൂട്ട് ഗാനമേള എന്ന പേരിലും പിന്നീട് ആലപ്പുഴയിലെ പ്രിന്‍സ് ഹോട്ടലില്‍ വര്‍ഷങ്ങളോളം സോളോ പ്രോഗ്രാം ചെയ്തതിന്റെ ധൈര്യത്തിലും ഷിജാസിന്റെ ഓഫര്‍ സ്വീകരിച്ചു.അപ്പോഴാണ് സോളോ പെര്‍ഫോമന്‍സിന്റെ യൂട്യൂബ് ലിങ്ക് ഇവന്റ് നടത്തുന്നവര്‍ ചോദിച്ചത്.എന്നാല്‍ അത്തരത്തില്‍ പ്രോഗ്രാം അതുവരെ താന്‍ ചെയ്തിരുന്നില്ല.അവര്‍ക്ക് യൂട്യൂബ് ലിങ്ക് കൊടുക്കാന്‍ വേണ്ടി അനശ്വരം എന്ന സിനിമയിലെ താരാപഥം എന്ന ഗാനം പുല്ലാങ്കുഴലില്‍ വായിച്ച് വീഡിയോയില്‍ പകര്‍ത്തി.ചേര്‍ത്തലയിലെ സുഹൃത്തുക്കളായിരുന്നു ഇതിന്റെ വീഡിയോ ചെയ്യാന്‍ എല്ലാവിധ സഹായവും ചെയ്തത്.ഈ വിഡിയോ സംഗീത സംവിധായകന്‍ ബിജിബാലിന്റെ യൂട്യൂബിലായിരുന്നു ഇട്ടത്. വീഡിയോ വന്‍ ഹിറ്റായി മാറി. ആ സമയത്ത് വാട്‌സ് ആപ്പ് പ്രചാരത്തിലായി വരുന്നതേയുണ്ടായിരുന്നുള്ളു.എന്നാലും ഇത് വൈറലായി മാറി. ഇത് തന്റെ കലാ ജീവിതത്തില്‍ വിലയ ബ്രേക്ക് സമ്മാനിച്ചു.തുടര്‍ന്നാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.തുടക്കത്തില്‍ ഇതിനേക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നതിനാല്‍ സഹായിക്കാനായി ഒപ്പം കൂടിയവര്‍ ദുരുപയോഗം ചെയ്തു.പിന്നീട് വിശദമായി ഇതിനെക്കൂറിച്ച് പഠിച്ചു ചാനലിന്റെ നിയന്ത്രണം സ്വന്തമായി ഏറ്റെടുത്തു.ഇപ്പോള്‍ ഏഴര ലക്ഷത്തോളം പ്രേക്ഷകര്‍ തന്റെ യൂട്യൂബ് ചാനലിനുണ്ടെന്നും രാജേഷ് പറഞ്ഞു.
നിരവധി പാട്ടുകള്‍ വീഡിയോയി ചെയ്തിട്ടുണ്ടെങ്കിലും താരാപഥം എന്ന പാട്ടിന്റെ വീഡിയോ ആണ് ജനങ്ങള്‍ ഏറ്റവും അധികം ഏറ്റെടുത്ത് ഒപ്പം ഇന്നിസൈ പാടി വരും എന്ന ഗാനവും. ഈ ഗാനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തുമായി വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഫാന്‍ ഫോളോവേഴ്‌സുണ്ടായെന്നും രാജേഷ് പറഞ്ഞു.മൂന്നു കോടിയിലധികം പ്രേക്ഷകര്‍ ഈ വീഡിയോയ്ക്കുണ്ടെന്നും രാജേഷ് പറഞ്ഞു.പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെന്ന മഹാനായ ഗുരുവിന്റെ ശിക്ഷണമാണ് പുല്ലാങ്കുഴല്‍ വായനയില്‍ തനിക്ക് വഴിത്തിരിവായതെന്നും രാജേഷ് പറഞ്ഞു.
അദ്ദേഹം എറണാകുളത്ത് ഒരു പ്രോഗ്രാമിന് വന്ന സമയത്ത് താനും ചേര്‍ത്തലയിലെ തന്റെ മറ്റൊരു മാഷായിരുന്ന സുഭാഷ്,കോട്ടയത്തുള്ള ചാക്കോച്ചന്‍ എന്നിവര്‍ എറണാകുളത്തെത്തി അദ്ദേഹത്തിന്റെ പ്രോഗാം കണ്ടു.പ്രോഗ്രാമിനു ശേഷം അദ്ദേഹത്തെ കാണാനും ഭാഗ്യം ലഭിച്ചു.പുല്ലാങ്കുഴല്‍ കുടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ മുബൈയിലേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം താനും ചാക്കോച്ചനും മുംബൈയ്ക്ക് ട്രെയിന്‍ കയറി.ജുഹുവിലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെ എത്തി.രണ്ടാം ദിവസമാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്.തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ക്ലാസില്‍ കയറി.ഗുരജിയുടെ പ്രമുഖ ശിക്ഷ്യന്മാര്‍ ആയിരുന്ന സമീര്‍ റാവു,പാര്‍ത്തു എന്നിവരായിരുന്നു ക്ലാസ് എടുത്തിരുന്നത്.നമ്മള്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നിന്നാണ് അവര്‍ തുടങ്ങിയത്.ആദ്യം ഞങ്ങളോട് എന്തെങ്കിലും വായിക്കാന്‍ പറഞ്ഞു.ഞങ്ങള്‍ വായിച്ചത് കേട്ടതിനു ശേഷം അവര്‍ ഒന്ന് രണ്ട് എക്‌സര്‍സൈസ് തന്നിട്ട് വായിക്കാന്‍ പറഞ്ഞു.പക്ഷേ തങ്ങള്‍ക്ക് അത് തൊടാന്‍ പോലും പറ്റിയില്ലെന്ന് രാജേഷ് പറഞ്ഞു.
നാട്ടില്‍ നമ്മള്‍ ദിവസം രണ്ടും മൂന്നും റെക്കാര്‍ഡിംഗ് വായിക്കുന്ന സമയമായിരുന്നു അത്.എന്നിട്ടും അവര്‍ തന്നത് വായിക്കാന്‍ സാധിച്ചില്ല.ഇതോടെ സകലപ്രതീക്ഷകളും അസ്തമിച്ചു. അവിടെയെത്തി ഇവര്‍ വായിക്കാന്‍ തന്ന ചെറിയ എക്‌സര്‍സൈസ് പോലും വായിക്കാന്‍ പറ്റാതെ വന്നത് മാനസികമായി വിലയ വിഷമമുണ്ടാക്കി.നമ്മള്‍ക്ക് വഴങ്ങുന്നില്ലായിരുന്നു.രണ്ടു മൂന്നു ദിവസം നിന്നിട്ടും അവര്‍ തന്നത് ഒന്നും വായിക്കാന്‍ പറ്റാതെ വന്നതോടെ മനസ് തളര്‍ന്നു.ഒരാഴ്ച കഴിഞ്ഞ് മടങ്ങാന്‍ പാകത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.എന്നാല്‍ രണ്ടു മൂന്നു ദിവസം നിന്നിട്ടും ഒന്നും പറ്റാതെ വന്നതോടെ മനസ് തളര്‍ന്ന ഞങ്ങള്‍ ലോക്കല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ കയറി നാട്ടിലേക്ക് പോരുകയായിരുന്നു.നാട്ടല്‍ വന്നിട്ട് എന്തെങ്കിലും പണി ചെയ്തു ജീവിക്കാം അല്ലാതെ ഇനി പുല്ലാങ്കുഴല്‍ തൊടില്ലെന്ന തീരുമാനത്തിലായിരുന്നു മടക്കം.
പക്ഷേ നാട്ടില്‍ എത്തിയതിനു ശേഷം വീണ്ടും പുല്ലാങ്കുഴല്‍ പ്രാക്ടീസ് ചെയ്യണമെന്ന് മനസ് നിര്‍ബന്ധിച്ചു തുടങ്ങിയതോടെ അവര്‍ തന്നെ എക്‌സര്‍സൈസ് വീണ്ടും പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി.ഇതിനു ശേഷം വീണ്ടും മുംബൈയ്ക്ക് വണ്ടികയറി.രണ്ടാം തവണ എത്തിയപ്പോള്‍ അവര്‍ തന്നത് കുറച്ച് വായിക്കാന്‍ പറ്റി.പിന്നീട് ഒഡീഷയിലെ ഗുരുജിയുടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി 13 ദിവസം പഠിച്ചു. ഈ സമയം അദ്ദേഹവും അവിടെയുണ്ടായിരുന്നു.അവിടെ വെച്ചാണ് ഗുരുജിയുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞതെന്നും രാജേഷ് പറഞ്ഞു.പിന്നീട് സമയം കിട്ടുമ്പോളൊക്കെ മുംബൈയില്‍ പോകും അദ്ദേഹത്തെ കാണും.പിന്നീട് ഏത് ആള്‍ക്കുട്ടത്തില്‍ വെച്ച് കണ്ടാലും അദ്ദേഹം തന്നെ തിരിച്ചറിയുമെന്ന അവസ്ഥയിലേക്ക് എത്തി.അന്നും ഇന്നും തന്നോട് അദ്ദേഹത്തിന് സ്‌നേഹവും വാല്‍സല്യവുമാണെന്ന് രാജേഷ് പറഞ്ഞു.
തന്റെ യുട്യൂബിലെ പുതിയ വീഡിയോകള്‍ അദ്ദേഹം കാണാറുണ്ട്.കേരളത്തില്‍ നിന്നും ആര് അദ്ദേഹത്തെ കാണാന്‍ ചെന്നാലും രാജേഷ് ചേര്‍ത്തലയെ അറിയുമോയെന്ന് അവരോട് ചോദിക്കും.ഇത് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും രാജേഷ് പറഞ്ഞു.രവീന്ദ്രന്‍ മാഷ് അടക്കം കേരളത്തിലെ ഒട്ടമിക്ക പ്രമുഖ സംഗീത സംവിധായര്‍ക്കൊപ്പം ഇതുവരെ സഹകരിക്കാന്‍ സാധിച്ചുവെന്ന് രാജേഷ് ചേര്‍ത്തല പറഞ്ഞു.ആലപ്പി ഋഷികേശ്,ആലപ്പി വിവേകാനന്ദന്‍ മാഷ്,സെബി നായരമ്പലം,അഞ്ചല്‍ ഉദയന്‍ എന്നിവര്‍ സംഗീതം നിര്‍വ്വഹിച്ച ഒട്ടേറെ നാടകങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ വായിക്കാന്‍ സാധിച്ചുവെന്നും രാജേഷ് പറഞ്ഞു.കൊങ്ങിണി ഭക്തിഗാനങ്ങളുടെ റെക്കാര്‍ഡിംഗ് റിയാന്‍ സ്റ്റുഡിയോയില്‍ നടക്കുന്ന സമയത്ത് സ്റ്റുഡിയോയിലെ രഞ്ജിത് രവീന്ദ്രന്‍ എന്ന റെക്കാര്‍ഡിസ്റ്റ് പറഞ്ഞിട്ട് മോഹം കൊണ്ടു ഞാന്‍ എന്ന പാട്ട് പുല്ലാങ്കുഴലില്‍ വായിച്ചു.ഇത് പിന്നീട് മൊബൈല്‍ ഫോണുകളില്‍ റിങ് ടോണ്‍ തരംഗമായി മാറിയെന്നും രാജേഷ് പറഞ്ഞു.
ഇത് ബിനോയ് എന്ന ആള്‍ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ തന്റെ എന്റെ ഫോട്ടോയും ചേര്‍ത്ത് അപ് ലോഡ് ചെയ്തു.ഇതും അപ്രതീക്ഷിതമായി വൈറല്‍ ആയി.പിന്നീട് അദ്ദേഹം എന്റെ മൊബൈല്‍ ഫോണ്‍ തപ്പിയെടുത്ത് വിളിച്ചു.അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ശിശിരകാലം എന്ന പാട്ട് വായിച്ച് അയച്ചുകൊടുത്തു. അത് അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു.ഒരു ദിവസം തന്നെ ലക്ഷകണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്.കുടുംബാംഗങ്ങളുടെ പിന്തുണയും ആസ്വാദകരുടെ കരുതലും സ്‌നേഹവുമാണ് തനിക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞതെന്ന് രാജേഷ് ചേര്‍ത്തല പറയുന്നു.ഒപ്പം സംഗീത സംഗീത സംവിധായകരുടെ പിന്തുണയും സഹായവും കൂട്ടായുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
രാജിയാണ് രാജേഷിന്റെ ഭാര്യ.മക്കള്‍: അമല(പ്ലസ് ടു വിദ്യാര്‍ഥിനി) അമൃത(ഏഴാം ക്ലാസ് വിദ്യാര്‍ഥിനി,വൈറ്റില ടോക്ക് എച്ച് )
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMT