Cricket

ക്രിക്കറ്റില്‍ വിഹരിക്കട്ടെ ഈ ഹനുമാ

ക്രിക്കറ്റില്‍ വിഹരിക്കട്ടെ ഈ ഹനുമാ
X


ഓരോ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലും കാണും ഒരു നവാഗതനെങ്കിലും. ചിലപ്പോള്‍ ഒരു കളിയിലേ അയാള്‍ക്ക് അവസരം കിട്ടിയിട്ടുണ്ടാവൂ. എന്നാല്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പ്രതിഭ തെളിയിക്കാന്‍ സാധിച്ചാല്‍ ടീമില്‍ സ്വന്തം സീറ്റ് ഉറപ്പാക്കാനാവും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ആദ്യമായി ടെസ്റ്റ് കളിച്ച താരമാണ് ഹനുമ വിഹാരി എന്ന ബാറ്റിങ് ഓള്‍റൗണ്ടര്‍. അപ്രസക്തമായ അഞ്ചാം ടെസ്റ്റില്‍. ഒരുപക്ഷേ അവസാന ടെസ്റ്റും ഇന്ത്യക്ക് നിര്‍ണായകമായിരുന്നെങ്കില്‍ വിഹാരിക്ക് അവസരം ലഭിക്കുമായിരുന്നില്ല.
രഞ്ജി ട്രോഫി ക്രിക്കറ്റിലെ മികച്ച റണ്‍വേട്ടക്കാരനെന്ന നിലയിലാണ് വിഹാരി ശ്രദ്ധിക്കപ്പെട്ടത്. അണ്ടര്‍-19 ടീമിലെ മികച്ച പ്രകടനം 2012ലെ ലോകകപ്പില്‍ കളിക്കാന്‍ വിഹാരിയെ സഹായിച്ചു. എന്നാല്‍ ആറ് കളിയില്‍ നിന്ന് 71 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുമ്പോള്‍ ബാറ്റുകൊണ്ടെന്ന പോലെ പന്തുകൊണ്ടും വിസ്മയം കാട്ടാന്‍ അദ്ദേഹത്തിനായി. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുകയും ചെയ്തു.
വെസ്റ്റിന്‍ഡീസിന്റെ ചൂടന്‍ താരമായ ക്രിസ് ഗെയിലിനെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ നോണ്‍ റഗുലര്‍ ഓഫ് ബ്രേക്ക് ബൗളര്‍ എന്ന റെക്കോഡ് വിഹാരിയുടെ പേരിലാണ്. 2016ല്‍ ഇന്ത്യ എ ടീമിനു വേണ്ടി എട്ട് ഇന്നിങ്‌സില്‍ ഒരു ട്രിപിള്‍ സെഞ്ച്വറിയുടെ അകമ്പടിയോടെ 667 റണ്‍സ് നേടി വിഹാരി പ്രതിഭ തെളിയിച്ചപ്പോള്‍ രാജ്യം ആ പുതുമുഖത്തിനായി കവാടം തുറന്നു.
ബാല്യത്തിലേ ക്രിക്കറ്റിനോട് വലിയ കമ്പമായിരുന്നു കൊച്ചു വിഹാരിക്ക്. 9 വയസ്സായിരിക്കെ അമ്പാട്ടി റായിഡു ബാറ്റ് ചെയ്യുന്നത് കാണാന്‍ അച്ഛന്‍ ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയി. പിന്നീട് നാട്ടിലെത്തിയപ്പോള്‍ രണ്ടു ദിവസം റായിഡുവിനെ പോലെ പന്ത് പുള്‍ഓഫ് ചെയ്യുന്നത് പ്രാക്റ്റീസ് ചെയ്തു. അങ്ങനെ കളിച്ചു തുടങ്ങിയ പയ്യന്‍സ് കിലോമീറ്ററുകള്‍ നടന്ന് കളി കാണുന്നത് ശീലമാക്കി. പിന്നീട് സ്‌കൂള്‍ ടീമിനു വേണ്ടി അണ്ടര്‍-14 ടീമില്‍ കളിച്ച് 250 റണ്‍സ് നേടി ഏവരെയും ഞെട്ടിച്ചു. ഈ ബാലന്‍ വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിവിഎസ് ലക്ഷ്മണിന്റെ പിന്‍ഗാമിയായിത്തീരുമെന്ന് വിഹാരിയെ കളി പരിശീലിപ്പിച്ച ജോണ്‍ മനോജ് പ്രവചിച്ചു.
16 വയസ്സായപ്പോള്‍ കൂട്ടുകാരെല്ലാം പ്ലസ് ടു പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ വിഹാരി ഹൈദരാബാദിനു വേണ്ടി ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുകയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് ഐപിഎല്ലില്‍ സ്ഥാനം നേടി. പയ്യന്‍സിന്റെ കളി കണ്ട ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര പറഞ്ഞു വിഹാരി മികച്ച യുവതാരമാണെന്ന്.
വിഹാരി ഭാഗ്യവാനാണ്. അല്ലെങ്കില്‍ കന്നി ടെസ്റ്റില്‍ 56 റണ്‍സ് നേടിയ താരം പൂജ്യത്തിന് പുറത്തായേനെ!
ആറാമനായി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ സ്‌റ്റോര്‍ട്ട് ബ്രോഡാണ് ബൗള്‍ ചെയ്യുന്നത്. ബ്രോഡിന്റെ സ്വിങ് ചെയ്തു വന്ന പന്ത് വിഹാരിയെ ലെഗ് ബിഫോറില്‍ കുടുക്കിയെന്ന് തോന്നിച്ചു. തേഡ് അംപയര്‍ ബ്രൂസ് ഒക്‌സന്‍ഫോര്‍ഡ് ഔട്ടല്ലെന്ന് വിധിച്ചതോടെ ആന്ധ്ര പയ്യന്‍ ദീര്‍ഘനിശ്വാസമയച്ചു.
വലിയ സാങ്കേതിക മികവൊന്നുമില്ലെങ്കിലും ഇംഗ്ലീഷ് പേസര്‍മാരെ അതിജീവിക്കാന്‍ ഹനുമ വിഹാരിക്കായി. മറുതലക്കല്‍ കൂളായി ബാറ്റേന്തിയ രവീന്ദ്ര ജഡേജയുടെ സാന്നിധ്യവും ധൈര്യം പകര്‍ന്നു.
റോബിന്‍ സിങിനും യൂസുഫ് പത്താനും ശേഷം കഴിവുറ്റ ആള്‍റൗണ്ടര്‍മാരുടെ അഭാവം നേരിടുന്ന ഇന്ത്യന്‍ ടീമിന് രവീന്ദ്ര ജഡേജയ്ക്കു തുണയായി ഹനുമ വിഹാരി കൂടി എത്തുന്നത് കരുത്തുപകരും. ഇംഗ്ലണ്ടിനെതിരായ കന്നി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് 38 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ വിഹാരി ഒരു കളിയില്‍ 56 റണ്‍സ് നേടിയത് ഒരു സിക്‌സറിന്റെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയാണ്. ഐപിഎല്ലില്‍ തിളങ്ങിയത് ബാറ്റിങിലായിരുന്നു. ഓഫ് ബ്രേക്ക് എറിഞ്ഞ് 38 റണ്‍സിന് ഒരു വിക്കറ്റ് മാത്രം നേടിയ താരം 280 റണ്‍സ് നേടി. മുതിര്‍ന്ന താരങ്ങളുടെ ഉപദേശനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് കളിക്കുന്ന വിഹാരി ഭാവിയില്‍ ഏകദിനത്തിലും ഇന്ത്യക്കായി ബാറ്റ് ചെയ്യുമെന്നു പ്രത്യാശിക്കാം.
കന്നി ടെസ്റ്റിന് പാഡ് കെട്ടും മുമ്പ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ഇന്ത്യ എ കോച്ചുമായ രാഹുല്‍ ദ്രാവിഡുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും അത് കൂളായി കളിക്കാന്‍ സഹായിച്ചെന്നും ഹനുമ വിഹാരി പറയുന്നു. ആസ്വദിച്ച് കളിക്കൂ എന്ന ഉപദേശമാണ് ദ്രാവിഡ് നല്‍കിയത്. തന്നെ മികച്ച കളിക്കാരനാക്കുന്നതില്‍ ഇന്ത്യ എ യിലെ കരിയര്‍ ഏറെ ഗുണം ചെയ്‌തെന്നും വിഹാരി പറയുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയുടെ നിര്‍ദേശങ്ങളും ഏറെ സഹായിച്ചു.
പരമ്പര നഷ്ടമായ ഇന്ത്യ അവസാന ടെസ്റ്റിലായിരുന്നല്ലോ വിഹാരിക്ക് അവസരം നല്‍കിയത്. അപ്പോള്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്റെയും സ്റ്റോര്‍ട്ട് ബ്രോഡിന്റെയും തീപാറുന്ന പന്തുകള്‍ തന്നെ കാഴ്ചക്കാരനാക്കി വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് മൂളിപ്പറന്നപ്പോള്‍ പേടിച്ചുപോയിരുന്നുവെന്നും ഈ 24കാരന്‍ തുറന്നു പറയുന്നു. ആന്‍ഡേഴ്‌സനു ശേഷം ബെന്‍ സ്‌റ്റോകിന്റെ ഊഴമായിരുന്നു. സ്‌റ്റോകിനെ വിഹാരി സിക്‌സറിനു പറത്തിയതോടെ ബൗളറുടെ മട്ടു മാറി. മുട്ടന്‍ തെറിയായിരുന്നു. പക്ഷേ അതൊന്നും ഗൗനിക്കേണ്ടെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. കളിയില്‍ മാത്രം ശ്രദ്ധിച്ചാണ് തുടര്‍ന്ന് ബാറ്റ് ചെയ്തത്.
അവസാന ടെസ്റ്റിന് ഒരു ദിവസം മുമ്പ് മാത്രമാണ് താന്‍ ടീമിലുണ്ടെന്ന് വിഹാരി അറിഞ്ഞത്. അതോടെ ശരിക്കും ത്രില്ലടിച്ചു. കാരണം ഏറെ നാളത്തെ സ്വപ്‌നമാണല്ലോ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ടെസ്റ്റ് ടീമില്‍ ഇന്ത്യക്കായി പാഡ് കെട്ടുകയെന്ന സ്വപ്നം. ആദ്യം തന്നെ ചെയ്തത് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. അവര്‍ വലിയ സന്തോഷത്തിലായിരുന്നു.
കന്നി ടെസ്റ്റില്‍ അര്‍ധശതകം നേടിയതു കൊണ്ട് ടീമില്‍ തന്റെ സ്ഥാനം ഭദ്രമാവുകയൊന്നുമില്ലെന്ന് വിഹാരിക്കറിയാം. ഇന്ത്യക്കായി ഒത്തിരി റണ്‍സ് നേടണം. ഇതൊരു തുടക്കം മാത്രം- വിഹാരി പറയുന്നു.
2013ലും 2015ലും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള വിഹാരി അവസരം കിട്ടിയാല്‍ ഇനിയും ഐപിഎല്ലില്‍ കളിക്കുമെന്നു പറയുന്നു. ആക്രമണത്തെക്കാള്‍ പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കുന്ന കളിക്കാരനായതിനാലാവാം പിന്നീട് ഐപിഎല്ലിലേക്ക് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല.
മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായ ഈ കളിക്കാരന് കാല്‍ ചലനങ്ങളിലും സാങ്കേതികതയിലും ഇനിയുമേറെ മെച്ചപ്പെടാനുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it