- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവോത്ഥാനത്തിന് മുസ്ലിംകളുടെ സംഭാവന
BY TK tk16 Jan 2016 2:39 PM GMT
X
TK tk16 Jan 2016 2:39 PM GMT
ഇസ്ലാമിക നാഗരികതയുടെ നേട്ടങ്ങള്‍ക്ക് മതിയായ അംഗീകാരം ലഭിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്ലിം ലോകത്ത് കണ്ട തകര്‍ച്ചയാണ്. രണ്ടാമതായി ഈ മേഖലയില്‍ നടക്കുന്ന ഗവേഷണത്തിന്റെ കുറവ്. ചരിത്രവും അറിവും യൂറോ കേന്ദ്രീകൃതമായതാണ് മൂന്നാമത്തെ പ്രശ്നം. അഹ്മദ് ഈസ/ ഉസ്മാന് അലി ലോകത്തിന് തന്നെ രൂപമാറ്റം വരുത്തിയ ഒരു വിശ്വാസ വ്യവസ്ഥയുടെ ബൗധിക പൈതൃകമായ ഇസ്ലാമിക നാഗരികതയുടെ നേട്ടങ്ങള്‍ അനവധിയാണ്. പൗരസ്ത്യ അര്‍ദ്ധഗോളത്തിന്റെ നെടുകെ മറ്റൊരു മതത്തിന് സാധിക്കാത്തവിധത്തില്‍ സ്വാധീനം ചെലുത്തിയ ഇസ്ലാം സ്പെയിന്, ഉത്തരാഫ്രിക്ക, മധ്യപൗരസ്ത്യം, ഏഷ്യ എന്നീ മേഖലകളില്‍ വ്യാപിച്ചു. പൗരാണിക ലോകവും യൂറോപ്പ്യന്‍ നവോത്ഥാനവും തമ്മില്‍ ബന്ധിപ്പിച്ച തുടര്‍ച്ചയാണത്. ഇന്ന് ഇസ്ലാമിക സംസ്ക്കാരം പ്രാകൃതമാണെന്ന വീക്ഷണത്തിനു വിധേയരാണ് മുസ്ലിംകള്. എന്നാല്‍ ഒരു കാലത്ത് മാനവ പുരോഗതിയുടെയും വികാസത്തിന്റെയും മാതൃകയായിരുന്നു ഇസ്ലാം. ഇന്നുള്ള ചരിത്രകഥനം ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നകലെയാണ്. പല ഗ്രന്ഥങ്ങളും ഇസ്ലാമിക നാഗരികതയുടെ സംഭാവന ചെറുതാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ഈ ചെറു കൃതി ഈ തെറ്റു തിരുത്താനും ഇസ്ലാമിക നവോത്ഥാന കാലഘട്ടത്തിലെ സുവര്‍ണ്ണയുഗത്തെ കുറിച്ച ചരിത്ര വസ്തുതകള്‍ പുനഃസ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ശാസ്ത്രം, കല, സംസ്കാരം എന്നീ മണ്ഡലങ്ങളില്‍ ഇസ്ലാമിന്റെ സംഭാവന വളരെ വലുതാണ്. ബൗധിക വ്യാപാരത്തിനും വിജ്ഞാന വികസനത്തിനും മുന്‍ഗണന നല്കിയ ഒരു മത-മാനവിക ദര്‍ശനത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്ന ജ്ഞാനാന്വേഷണമാണ് നമ്മുടെ മനസ്സില്‍ വലിയ കാന്‍വാസില്‍ തെളിയുന്നത്. ഇസ്ലാമിക നാഗരികതയുടെ നേട്ടങ്ങള്‍ക്ക് മതിയായ അംഗീകാരം ലഭിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്ലിം ലോകത്ത് കണ്ട തകര്‍ച്ചയാണ്. രണ്ടാമതായി ഈ മേഖലയില്‍ നടക്കുന്ന ഗവേഷണത്തിന്റെ കുറവ്. ചരിത്രവും അറിവും യൂറോ കേന്ദ്രീകൃതമായതാണ് മൂന്നാമത്തെ പ്രശ്നം. ഇന്ന് ഈ വിഷയത്തില്‍ നടക്കുന്ന ഗവേഷണ പഠനം രണ്ട് വിഭാഗമായി തിരിക്കാം. ഒരു വിഭാഗം മധ്യകാല സംസ്ക്കാരത്തിനും പാശ്ചാത്യ നാഗരികതയുടെ നവോത്ഥാനത്തിനും അതു നല്കിയ ദൂരവ്യാപകമായ സംഭാവനകള്‍ നിഷേധിക്കുന്നു. രണ്ടാമത്തെ വിഭാഗം ഇസ്ലാമിക പാശ്ചാത്യ നാഗരികതകള്‍ക്ക് മുസ്ലിംകള് നല്കിയ സംഭാവനകള്‍ അംഗീകരിക്കുന്നു. അവര്‍ സൂക്ഷ്മവും കഠിനവുമായ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും മധ്യകാല ഇസ്ലാമിന്റെ അനേകമനേകം അമൂല്യ നിധികളെകുറിച്ച വിവരം പുറത്തു കൊണ്ടുവന്നു. യൂറോപ്പ്യന്‍ നവോത്ഥാനത്തിനും പാശ്ചാത്യ നാഗരികതയ്ക്കും മുസ്ലിംകള് നല്കിയ സഹായം വളരെ വലുതാണെന്ന് ഈ വിഭാഗം രേഖപ്പെടുത്തുന്നു. അമുസ്ലിംകളുമായി ഇടപഴകുമ്പോള്‍ ഇസ്ലാമിക നാഗരികത സിദ്ധാന്ത വാശിയോ വിവേചനമോ കാണിച്ചില്ലെന്നു ഈ പണ്ഡിതന്മാര് സിദ്ധാന്തിക്കുന്നു. 2001 സപ്തംബര്‍ ഒന്നിന് നടന്ന പെന്റഗണ്‍-വേള്‍ഡ് ട്രേഡ് ആക്രമണത്തിന് ശേഷം രാഷ്ട്രീയ പക്ഷപാതിത്വമുള്ള പാശ്ചാത്യ പണ്ഡിതന്മാര് ഇസ്ലാമിലെ ആത്യന്തിക വീക്ഷണങ്ങള്‍ക്ക് പ്രചാരം നല്‍കുന്നുണ്ട്. ചരിത്രത്തില്‍ ഇസ്ലാം കാണിച്ച തുറവിയും സക്രിയതയും അവര്‍ വന്‍ തോതില്‍ ചെറുതാക്കുന്നു. ഇസ്ലാമിന്റെ ചരിത്രം വെറും മതഭ്രാന്തും അക്രമവും മതയുദ്ധവുമാണെന്നാണവര് പ്രചരിപ്പിക്കുന്നത്. ഇസ്ലാമിക നാഗരികതയെ കുറിച്ച ഈ വായന അബദ്ധ പഞ്ചാംഗമാണെന്നാണ് ഈ കൃതി ചൂണ്ടിക്കാണിക്കുന്നത്. മതം, നിയമവ്യവസ്ഥ, എന്ന നിലയില്‍ ഇസ്ലാം സഹവര്‍ത്തിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. മധ്യകാല ഇസ്ലാം ക്രൈസ്തവരുടെയും യഹൂദരുടെയും പേര്‍ഷ്യക്കാരുടെയും സംഭാവനകള്‍ സ്വാഗതം ചെയ്തു. നാനാത്വത്തിലെ ഏകത്വമായിരുന്നു അന്നു കണ്ടിരുന്നത്. കഴിഞ്ഞുപോയ നാഗരികതകളില്‍ നിന്നവര്‍ കടം കൊണ്ടു. അങ്ങിനെ ലഭിച്ച അറിവ് പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചു. ചരിത്രത്തില്‍ ഇസ്ലാം കിഴക്കിനും പടിഞ്ഞാറിനുമിടയ്ക്കുള്ള അതുല്യമായ ഒരു പാലമായിരുന്നു ഇസ്ലാം. നൂറ്റാണ്ടുകളായി തമസ്ക്കരിക്കപ്പെട്ട വിജ്ഞാനം മുസ്ലിംകള് വീണ്ടെടുത്തു. ആ വീണ്ടെടുത്ത അറിവുമായി അവര്‍ തങ്ങളുടെ സ്വകീയമായ അറിവ് സംയോജിപ്പിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടു നടന്ന സക്രിയതയാണ് നാം പിന്നീട് കാണുന്നത്. ജ്ഞാനാന്വേഷണം മുസ്ലിംകള്ക്ക് മതപരമായ കടമയായിരുന്നു. മാനവികതയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന ഒരു മതത്തിന്റെ തുല്യതയില്ലാത്ത ഗുണങ്ങളില്‍ പെട്ടതായിരുന്നു ആ സ്വഭാവം. ധാര്‍മ്മിക പരിധികളില്‍ നിന്നുകൊണ്ട് ദൈവം നല്കിയ എല്ലാം അനുഭവിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതില്‍ വര്‍ഗ്ഗ-വര്‍ണ്ണ-വംശാന്തരങ്ങളില്ല. ചുരുങ്ങിയ കാലം കൊണ്ട് ഇസ്ലാം ഭൂഖണ്ഡങ്ങള്‍ താണ്ടി പലതരം ജനപദങ്ങളെയും ഒന്നാക്കി മാറ്റി. അതുവരെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ സ്വതന്ത്രരായി. ഏതാണ്ട് ഒരു സഹസ്രാബ്ദം ലോകത്തിലെ മുന്‍നിര നാഗരികതയായിരുന്നു ഇസ്ലാം. അറബ് അന്താരാഷ്ട്ര ശാസ്ത്ര ഭാഷയായി എന്നാല്‍ യൂറോപ്പ്യന്‍-ക്രൈസ്തവ-യഹൂദ ചരിത്രകാരന്മാര് മുസ്ലിം നാഗരികത മൗലികമല്ലെന്നും എല്ലാം കടം കൊണ്ടതാണെന്നും വാദിച്ചു. അതിനെ നിസ്സാരവല്ക്കരിക്കാന് ശ്രമിച്ചു അവരുടെ ശ്രദ്ധ യൂറോപ്പ്യന്‍ നാഗരികത മാത്രമാണ്, നാഗരികത എന്നു സ്ഥാപിക്കുന്നതിലായിരുന്നു. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടുതൊട്ടു അത്തരത്തില്‍ ധാരാളം പഠനങ്ങള്‍ രചിക്കപ്പെട്ടു. എഴുത്തുകാര്‍ ഇസ്ലാമിനെയും ഖുര്‍ആനെയും പ്രവാചകനെയും അതിനിശിതമായി ആക്രമിച്ചു. ചരിത്രകാരന്മാര് ഗ്രീസ് റോമന്‍ ചരിത്രം മാത്രം വിശദമായി പഠിച്ചു. മധ്യയുഗങ്ങള്‍ ചാടികടന്നു നവോത്ഥാന കാലത്തെത്തി. എല്ലാ നാഗരികതയും മറ്റു നാഗരികതയില്‍ നിന്നും കടമെടുക്കാറുണ്ട്. യവന നാഗരികത ഈജിപ്തില്‍ നിന്നു ധാരാളമായി കടം കൊണ്ടു. എന്നാല്‍ എല്ലാ നാഗരികതയും മൗലിക സംഭാവനകളിലൂടെ സമ്പുഷ്ടമാവുന്നു. അതുപോലെ യൂറോപ്പ് ഇസ്ലാമിക നാഗരികതയില്‍ നിന്നു ഒരുപാട് കാര്യങ്ങള്‍ സ്വീകരിച്ചു. യഹൂദമതവും ക്രിസ്തുമതവും സമ്പന്നമാവുന്നത് അങ്ങിനെയാണ്. പിന്നീട് മേല്‍ക്കോയ്മ സ്ഥാപിച്ച പാശ്ചാത്യ നാഗരികത രൂപം കൊള്ളുന്നത് അങ്ങിനെയാണ്. അറിവിന് മുന്‍ഗണന ഏഴാം നൂറ്റാണ്ടില്‍ നാം കാണുന്നത് അതുവരെ സ്വാധീനം ചെലുത്തിയ ക്രൈസ്തവ ഓര്‍ത്ത ഡോക്സ്-പേര്‍ഷ്യന്‍ നാഗരികതകള്‍ ക്രമേണ ദുര്‍ബലമാവുന്നതാണ്. യവന-റോമന്‍ നാഗരികത കത്തോലിക്കാ സഭയുടെ പിടിയില്‍പെട്ട് ജീര്‍ണ്ണിച്ചിരുന്നു. യൂറോപ്പ് ഇരുളിലായി. പൗരോഹിത്യമാണ് നാട് വാണിരുന്നത്. അറിവിന് ഊന്നല്‍ നല്കിയ ഇസ്ലാമിന്റെ വ്യാപനമാണ് നവീനമായ ബൗധിക ജാഗരണത്തിനു കാരണമായത്. ഖുര്‍ആനായിരുന്നു അതിന് കാരണം. ജ്ഞാനം (ഇല്മ്) എന്ന പദം ഖുര്‍ആന്‍ ഏതാണ്ട് 750 തവണ ഉപയോഗിക്കുന്നുണ്ട്. പ്രവാചക വചനങ്ങളിലും ആ പദം ധാരാളമായി വരുന്നു. അറിവ് എന്നാല്‍ അനുഷ്ഠാനങ്ങളിലെ അറിവ് മാത്രമല്ല. യുക്തിചിന്ത മൂലമാണ് മനുഷ്യന് മറ്റു ചരാചരങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത്. അറബിഭാഷാ ശാസ്ത്ര സങ്കല്‍പ്പങ്ങളിലും മറ്റു വിജ്ഞാന സംജ്ഞകളിലും സമ്പന്നമാണ്. ഖുര്‍ആന്‍ മുസ്ലിമിന്റെ ജീവിതത്തില്‍ അനല്പമായ സ്വാധീനം ചെലുത്തുന്നു. മധ്യയുഗങ്ങളില്‍ അറബിഭാഷ മുസ്ലിം ലോകത്തുമാത്രമല്ല യൂറോപ്പിലും മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്നു. ലത്തീന്‍ പകരം വരുന്നത് വരെ പല യൂറോപ്പ്യന്‍ സര്‍വ്വകലാശാലകളിലും അറബിയായിരുന്നു പഠന മാധ്യമം. യഹൂദഭാഷാശാസ്ത്രത്തിന്റെ വികസനത്തിലും അറബി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇസ്ലാമിക സമൂഹം വായനക്ക് പ്രാധാന്യം നല്കി. യൂറോപ്പില്‍ വായിക്കാനുള്ള ശേഷി പുരോഹിതന്മാര്ക്ക് മാത്രമായിരുന്നു. എന്നാല്‍ മുസ്ലിംകള് അറിവിന് വിലക്കേര്‍പ്പെടുത്തിയില്ല. അറിവിന്റെ മേലുള്ള നിയന്ത്രണത്തില്‍ കുടികൊള്ളുന്നതാണ് പൗരോഹിത്യത്തിന്റെ അധികാരം. ഇസ്ലാമില്‍ പൗരോഹിത്യമില്ലാത്തതിനാല്‍ ഏവര്‍ക്കും വായിക്കാനും പഠിക്കാനും പറ്റിയ പാഠശാലകള്‍ വ്യാപകമായി. ഐഹിക വിജയത്തിന് അറിവും അന്വേഷണവും നിര്‍ബന്ധമാണെന്ന് ഇസ്ലാം അനുശാസിക്കുന്നു. പ്രവാചകനും അനുചരന്മാരും പഠനത്തിനു പ്രാധാന്യം നല്കി. ആദ്യത്തെ മുസ്ലിം സമൂഹം ഖുര്‍ആന്‍ വെളിപ്പാടുകളുടെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ജീവിതത്തില്‍ മാറ്റം വരുത്തിയവര്‍ അടങ്ങിയതായിരുന്നു ആദ്യത്തെ മുസ്ലിം സമൂഹം. ഉദാഹരണത്തിന് മനുഷ്യന് പ്രകൃതിയുമായി പൊരുത്തപ്പെട്ടു ജീവിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ആദ്യപാപമെന്നൊന്ന് ഇസ്ലാമിലില്ല. മനുഷ്യനാണ് ജീവിവര്‍ഗ്ഗങ്ങളില്‍ ഉല്കൃഷ്ടന്. മുന്‍പ് ചെയ്ത് പോയ പാപങ്ങളുടെ ഫലമല്ല ഈ ജീവിതം. (38:72, 17:70)യുക്തിക്കും സക്രിയതയ്ക്കും പ്രാധാന്യം നല്‍കണമെന്ന് പ്രവാചകന് എപ്പോഴും ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. ഹിജ്റയ്ക്ക് ശേഷമാണ് വ്യവസ്ഥാപിതമായ മുസ്ലിം സമൂഹം നിലവില്‍ വരുന്നത്. പ്രവാചക ദര്‍ശനം ഒരു പുതിയ നാഗരികതക്ക് പ്രചോദനമായി. ജിഹാദ്-അഥവാ ലക്ഷ്യപ്രാപ്തിക്കായുള്ള പ്രയാണം അതിന്റെ വഴിയായിരുന്നു. പള്ളി മുസ്ലിം സമൂഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായി. പ്രവാചകന് വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാവരെയും അദ്ദേഹം തുല്യരായി പരിഗണിച്ചു. സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവന്നു. പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ഒരു ജനതയിലാണീ മാറ്റം വരുത്തിയത്. സ്ത്രീ വിവാഹിതയായാല്‍ അവള്‍ക്ക് തന്റെ കുടുംബ നാമം നിലനിര്‍ത്താമെന്നും ഭര്‍ത്താവിനോട് വിധേയത്വം സൂക്ഷിക്കുന്ന വിധം പേരില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പ്രവാചകന് പറഞ്ഞു. അനേകം ഭാര്യമാരെ സ്വീകരിക്കുന്ന രീതി അവസാനിപ്പിച്ചു. സ്ത്രീകള്‍ക്ക് വിവാഹമോചനാവകാശം നല്കി. അവര്‍ക്ക് ജീവനാംശത്തിനും കുട്ടികളെ വളര്‍ത്താനുള്ള ചെലവിനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. സ്ത്രീക്ക് സ്വത്തവകാശം നല്കി. ഇതെല്ലാം വളരെ വിപ്ലവകരമായിരുന്നു. ഇസ്ലാം വ്യാപിച്ചതോടെ കര്‍മ്മശാസ്ത്ര ശാഖകള്‍ വളര്‍ന്നു. അങ്ങിനെ രൂപപ്പെട്ടതാണ് അബൂ ഹനീഫ, മാലിക് ഇബ്നു അനസ്, മുഹമ്മദ് ബിന്‍ ഇദ്രീസ് അശ്ശാഫി, അഹ്മദ് ബിന്‍ ഹന്ബല് എന്നിവരുടെ പേരിലറിയപ്പെടുന്ന കര്‍മ്മശാസ്ത്രസരണി. അവര്‍ കാലത്തിന് യോജിക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നല്‍കുകയും ഇസ്ലാമിക കര്‍മ്മാനുഷ്ഠാനങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. അന്യമതസ്ഥര്‍ സ്വാഗതം ചെയ്തു ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ തന്നെ അത് സ്പെയിന് തൊട്ട് ഇന്തോനീസ്യവരെ വ്യാപിച്ചിരുന്നു. മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്ന നാഗരികതകള്‍ ഇസ്ലാമിക മുന്നേറ്റത്തില്‍ തകര്‍ന്നു വീണു. പല സമൂഹങ്ങളും മുസ്ലിംകളെ സ്വാഗതം ചെയ്തു. ഉത്തരാഫ്രിക്കയിലെയും മധ്യപൗരസ്ത്യത്തിലെയും യഹൂദരും ക്രൈസ്തവരും മലായ് പ്രദേശങ്ങളിലെ ഹിന്ദുക്കളും ബഹുദൈവ വിശ്വാസികളും വിഗ്രഹപൂജകരും ഇസ്ലാമിനെ എതിര്‍ത്തില്ല. ബൈസന്റയില്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ പീഢനത്തില്‍ നിന്നു മുസ്ലിംകള് തങ്ങളെ രക്ഷിക്കുമെന്ന് യഹൂദരും ക്രൈസ്തവരും കരുതി. ഫ്യൂഡല്‍ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കഠിനവ്യവസ്ഥയില്‍ നിന്നുള്ള മോചനമാണ് ചിലര്‍ ഇസ്ലാമില്‍ കണ്ടത്. മുസ്ലിംകള് ഒരു പ്രദേശം കീഴടക്കുമ്പോള്‍ തദ്ദേശീയരോട് ദയയോടെയാണ് പെരുമാറിയിരുന്നത്. അവര്‍ ജേതാക്കളായ മറ്റു സൈന്യങ്ങളെ പോലെ കൊള്ളയടിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തില്ല. പലപ്പോഴും നഗരപ്രാന്തത്തിലാണ് പാളയങ്ങള്‍ പണിതത്. അങ്ങിനെ പണിത സൈനിക താവളമാണ് പിന്നീട് കൈറോ നഗരമായി വികസിക്കുന്നത്. ബഗ്ദാദ് നഗരം വിജ്ഞാനത്തിന്റെയും കലയുടെയും കേദാരമായി. അബ്ബാസികളുടെ ഭരണസിരാകേന്ദ്രവും അതായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ദീര്‍ഘ രാജവംശമാണ് അബ്ബാസികള്‍. ക്രി.വ. 1258 ല്‍ മംഗോളുകളാണ് ബഗ്ദാദ് നഗരം നശിപ്പിച്ചത്. ഇറാന്, ഈജിപ്ത്, തുനീസ്, സ്പെയിന് തുടങ്ങിയ മുസ്ലിം ഭരണത്തിലായ എല്ലാ പ്രദേശങ്ങളിലും അവര്‍ ന്യൂനപക്ഷമായിരുന്നു. വാള് ചൂണ്ടി മതം മാറ്റാന്‍ അവര്‍ മുതിര്‍ന്നില്ല എന്നതിന്റെ മികച്ച തെളിവ് തന്നെയാണിത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലും അവര്‍ ജനസംഖ്യയില്‍ ചെറുതായിരുന്നു. കാരണം മറ്റു മതസ്ഥര്‍ക്ക് സ്വയം ഭരണം നല്‍കുക എന്നതായിരുന്നു മുസ്ലിം ഭരണരീതി. പലപ്രദേശങ്ങളിലും വന്‍തോതില്‍ ഇസ്ലാമാശ്ലേഷണം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിന് കാരണം മുസ്ലിംകളില് അപരര്‍ കണ്ട ഉയര്‍ന്ന നാഗരികതയും നീതിബോധവുമായിരുന്നു. പലയിടത്തും സൂഫിവര്യന്മാരാണ് പരിവര്‍ത്തനത്തിന് വഴിവെച്ചത്. ഇന്തോനീസ്യ തന്നെ മികച്ച ഉദാഹരണം. ബഗ്ദാദ് നശിപ്പിച്ച മംഗോളുകള്‍ തന്നെ പിന്നെ സ്വമേധയാ ഇസ്ലാം സ്വീകരിച്ചു. മുഗള്‍ സാമ്രാജ്യത്തിന് തുടക്കമിട്ടു. ക്രൈസ്തവ പീഢനം കൊണ്ട് ദുരിതമനുഭവിക്കുന്ന യഹൂദര്‍ക്ക് രക്ഷനല്‍കിയത് മുസ്ലിംകളാണ്. കത്തോലിക്കര്‍ സ്പെയിന് കീഴടക്കിയപ്പോള്‍ അവര്‍ മുസ്ലിം ലോകത്തേക്കാണ് പലായനം ചെയ്തത്. മുസ്ലിം സ്പെയിനില്‍ കുഞ്ചിക സ്ഥാനങ്ങളില്‍ യഹൂദര്‍ എറെയുണ്ടായിരുന്നു. തുര്‍ക്കിയില്‍ അവര്‍ക്ക് വലിയ സംരക്ഷണമുണ്ടായിരുന്നു. മുസ്ലിംകള്ക്ക് കീഴിലാണ് യഹൂദ സംസ്ക്കാരം പുഷ്ടിപ്പെടുന്നത്. മുസ്ലിം സ്പെയിന് യഹൂദ നാഗരികതയുടെ ആസ്ഥാനവുമായിരുന്നു. സംഗീതം, ദര്‍ശനം, തുടങ്ങിയ പല മേഖലയിലും വന്‍ സംഭാവന നല്കിയ യഹൂദര്‍ മുസ്ലിം ലോകത്താണ് ജിവിച്ചത്. സാങ്കേതിക വിദ്യ അറബികള്‍ നാവികരായിരുന്നു. പുറം കടലില്‍ സഞ്ചരിക്കാന്‍ വേണ്ട സാങ്കേതികോപകരണങ്ങള്‍ വികസിപ്പിച്ചത് അവരാണ്. കപ്പലിന് ചുക്കാന്‍ ആവിഷ്ക്കരിച്ചത് അവരാണ്. കുരിശു യുദ്ധകാലത്ത് നാവികയുദ്ധത്തില്‍ യൂറോപ്പില്‍ നിന്നുള്ള ക്രൈസ്തവ മാടമ്പികള്‍ തോല്ക്കാന് കാരണമതായിരുന്നു. ദിക്കും സമയവും കാണിക്കുന്ന യവനരുടെ ആസ്ട്രോലേബ് വികസിപ്പിച്ചത് അവരാണ്. വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ചൈനയിലാണെങ്കിലും മുസ്ലിം നാവികരാണ് അതിന്റെ ഉപയോഗം വ്യാപകമാക്കിയത്. മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്തു തന്നെ മധ്യധരണ്യാഴി മുസ്ലിം തടാകമായി മാറാന്‍ തുടങ്ങിയിരുന്നു. നാവികന്മാര് ഉപയോഗിക്കുന്ന പല പദങ്ങളുടെയും മൂലം അറബിയാണ്. സിസിലിയില്‍ ഇസ്ലാം ചെലുത്തിയ സ്വാധീനം വിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ഭാഷ, സംസ്കാരം, സാഹിത്യം, ഭക്ഷണരീതി എന്നിങ്ങനെ സകല മേഖലകളിലും രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന മുസ്ലിം ഭരണം സ്വാധീനിച്ചു. റോജര്‍ ഒന്നാമന് രാജാവായി വന്നപ്പോഴും ഭരണം നടത്തിയിരുന്നത് മുസ്ലിംകളായിരുന്നു. റോളര്‍ രണ്ടാമന്റെ കാലത്ത് സിസിലി വന്‍ നാവിക ശക്തിയാവാന്‍ കാരണം മുസ്ലിംകളാണ്. ഫ്രെഡറിക് രണ്ടാമനു മുസ്ലിം ലോകവുമായി സവിശേഷ ബന്ധമുണ്ടായിരുന്നു. അതുകാരണം യൂറോപ്പ്യന്‍ ക്രൈസ്തവ രാജാക്കന്മാര് ഫ്രെഡറിക്കിനെ ശത്രുഗണത്തില്‍പ്പെടുത്തി. യാത്രാവിവരണമെന്ന സാഹിത്യ ശാഖയും വളര്‍ന്നത് മുസ്ലിംകള് യാത്രചെയ്യുന്നതില്‍ കാണിച്ച ഉത്സാഹം മൂലമാണ്. അവര്‍ തപാല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. അബ്ബാസികളാണ് അത് വികസിപ്പിച്ചത്. മറ്റു നാഗരികതകളില്‍ നിന്നു മുസ്ലിംകള് പലതും ഉള്‍ക്കൊണ്ടു. സംസ്കൃത ജീവിതമാണ് മുസ്ലിംകള് എല്ലായിടത്തും നയിച്ചിരുന്നത്. മുസ്ലിംകള് സഞ്ചരിച്ച വ്യാപാര പാതകള്‍ക്ക് സമീപമുള്ള കൃഷിഭൂമികളിലെ മനുഷ്യര്‍ അത് കണ്ടാണ് ഇസ്ലാം ആശ്ലേഷിക്കുന്നത്. മധ്യേഷ്യയിലെ സത്രങ്ങളിലും സൂഫി ഖാന്‍ഖാഹിലും ഇസ്ലാമിന്റെ സന്ദേശം മുഴങ്ങി. മധ്യേഷ്യന്‍ പുല്‍മേടുകളിലെ മനുഷ്യര്‍ അങ്ങിനെയാണ് ബുദ്ധമതമുപേക്ഷിച്ച് ഏകദൈവ വിശ്വാസികളായത്. പൊതുവില്‍ മുസ്്ലിം ഭരണം മൃദുലമായിരുന്നെന്നും ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നു. കൂട്ടക്കൊലയും വംശഹത്യയും അവര്‍ക്കന്യമായിരുന്നു. വ്യാപാര പാതകള്‍ മക്കയിലൂടെയായിരുന്നു കുന്തിരിക്കത്തിന്റെ വ്യാപാര പാത കടന്നു പോയിരുന്നത്. മക്കയിലെ അറബികള്‍ വ്യാപാരികളായിരുന്നു. സാര്ത്ഥവാഹകസംഘങ്ങള് പട്ടണത്തില്‍ സമ്മേളിച്ചു. ആദ്യകാല സൈനിക നീക്കങ്ങള്‍ക്ക് ശേഷം മുസ്ലിം വ്യാപാരികളാണ് ഇസ്ലാമിന്റെ വ്യാപനത്തിന് സഹായകമാവുന്നത്. കച്ചവടത്തിലുള്ള മിടുക്കും ഭക്തിയും തുറന്ന മനസ്സും ഇസ്ലാമിന്റെ വളര്‍ച്ചയ്ക്ക് വഴിവെച്ചു. പേര്‍ഷ്യക്കും ബൈസന്റിയത്തിനുമിടക്കുള്ള പാലമായിരുന്നു മുസ്ലിം ലോകം. അത് ആഗോളതലത്തില്‍ വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. ഉല്‍പ്പാദനവും ഉപഭോഗവും മെച്ചപ്പെട്ടു. ജീവിതത്തെ സ്നേഹിക്കുക എന്ന ഇസ്ലാമിക സങ്കല്‍പ്പത്തിന്റെ ഫലമായുള്ള വികസനം ശ്രദ്ധേയമായിരുന്നു. മുസ്ലിം കരകൗശലവിദ്യയും ടെക്നോളജിയും എല്ലായിടത്തും വളര്‍ച്ചക്ക് പ്രചോദനമായി. മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിംകളുടെ ജീവിത നിലവാരം ഉയര്‍ന്നതായിരുന്നു. ഇസ്ലാമിന്റെ ആഗമനത്തോടെ പഴയ കുന്തിരിക്കത്തിന്റെ പാത തീര്‍ത്ഥാടന പാത ഹജ്ജ് ചെയ്യുന്നവര്‍ക്ക് കച്ചവടത്തിലേര്പ്പെടാമെന്നാണ് ഇസ്ലാം പറയുന്നത്. മുസ്ലിം കച്ചവടക്കാരാണ് ആഫ്രിക്കയില്‍ ഇസ്ലാം എത്തിക്കുന്നത്. താമസിയാതെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പാതിയെങ്കിലും ഇസ്ലാം സ്വീകരിച്ചു. അറബി ആഫ്രിക്കന്‍ ഭാഷകളെ സ്വാധീനിച്ചു. മധ്യധരണിയിലെ തുറമുഖങ്ങള്‍ വികസിക്കുകയും യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ വാണിജ്യപാതകള്‍ വിപുലമാവുകയും ചെയ്തു. ചൈനയുമായുള്ള മുസ്ലിംകളുടെ വേഴ്ച വലിയ കൊള്ളക്കൊടുക്കകള്ക്ക് വഴിവെച്ചു. പല വ്യാപാരികളും ചൈനയിലേക്ക് കുടിയേറി. ക്രമേണ രാജ്യത്തിന്റെ പലഭാഗത്തും മുസ്ലിം സമൂഹങ്ങളുണ്ടായി. മതപരിവര്‍ത്തനവും അതോടൊപ്പം നടന്നു. മംഗോളുകള്‍ കൂട്ടമായി ഇസ്ലാമാശ്ലേഷിക്കുന്നത് അങ്ങിനെയാണ്. ചൈനയും മറ്റു പൗരാണിക നാഗരികതകളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ഐതിഹാസികമായ വിധത്തില്‍ വളര്‍ന്ന് സില്‍ക് റോഡ് വിനിമയത്തിന്റെ രാജപാതയായി. മുസ്ലിം വണിക്കുകളാണ് അത് സുരക്ഷിതവും സുഗമവുമാക്കിയത്. ഇന്ത്യന്‍ സമുദ്രത്തിലൂടെയുള്ള വാണിജ്യവും അതിനനുസരിച്ച് വളര്‍ന്നു. ചൈനീസ് നഗരമായ കാന്റൂണില് മുസ്ലിം സ്വാധീനം വളരെ ശക്തമായിരുന്നു (ഗ്വാന്ഗ്ഷു എന്നാണ് പുതിയ പേര്).നാവിക ശാസ്ത്രത്തില്‍ മുസ്ലിംകള് കൈവരിച്ച പുരോഗതി ചൈനക്കും ഗുണം ചെയ്തു. ചൈനീസ് നാവികപ്പടയുടെ മേധാവി ഷൊഗ്ഹി എന്ന മുസ്ലിമായിരുന്നു. കോഴിക്കോട് വെച്ചാണ് അദ്ദേഹം മൃതിയടഞ്ഞത്. വിദൂര പൂര്വ്വദേശത്തുനിന്നും സുരക്ഷിതമായി സ്പെയിന് വരെ യാത്രചെയ്യാവുന്ന ഒരവസ്ഥയുണ്ടാക്കിയത് മുസ്ലിംകളാണ്. കുരിശുയുദ്ധങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴും ആ സമാധാനം നിലനിന്നു. ചെറിയ ഫ്യൂഡല്‍ മാടമ്പികള്‍ നിയന്ത്രിച്ചിരുന്ന യൂറോപ്പ് അന്താരാഷ്ട്ര വാണിജ്യത്തിന്റെ വിശാല മേഖലയാവുന്നത് അങ്ങിനെയാണ്. കത്തോലിക്കാ സഭയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു യൂറോപ്പ് കുതറിയോടുന്നതിനു മുസ്ലിം നാഗരികത വളരെ സഹായകമായി. വിവ: കലീം (തുടരും) |
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT