Flash News

പ്രളയമേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയില്‍: മന്ത്രി കെ രാജു

പ്രളയമേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയില്‍: മന്ത്രി കെ രാജു
X
കോഴിക്കോട്: പ്രളയ മേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങള്‍ക്ക് ഐ. എസ്. ഒ 22000: 2005 സര്‍ട്ടിഫിക്കറ്റ് വിതരണവും അസാപ് പരിശീലനം ലഭിച്ച യുവാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


കുട്ടനാട് പോലെയുള്ള മേഖലയില്‍ പ്രളയ സമയത്ത് കന്നുകാലികളെ ഉയര്‍ന്ന പാലങ്ങളിലും മറ്റു കെട്ടിയ കാഴ്ച കണ്ടിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊതു കന്നുകാലി ഷെഡുകള്‍ പരിഗണിക്കുന്നത്. ഉയരത്തിലുള്ള കന്നുകാലി ഷെഡുകള്‍ ഇതിനായി പരിഗണനയിലാണ്. പഞ്ചായത്ത്, ബ്‌ളോക്ക് അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ഷെഡുകള്‍ നിര്‍മിക്കാവുന്നതാണ്. ഒരാഴ്ച കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ലഭിക്കുന്ന വിധത്തിലാവും ഇവ സജ്ജീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രളയ ദുരിത ബാധിതരായ കന്നുകാലി കര്‍ഷകര്‍ക്കായി വകുപ്പും മില്‍മയുമെല്ലാം വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഒരു പശുവിന് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 30,000 രൂപ ലഭിക്കും. ഇതിന് പുറമെ ചില കേന്ദ്രങ്ങളില്‍ മില്‍മയും ജില്ലാതല ദുരന്ത നിവാരണ മാനേജ്‌മെന്റ് കമ്മിറ്റികളും തുക സ്വരൂപിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരമാവധി നഷ്ടപരിഹാരം നല്‍കി കര്‍ഷകരെ വളരെ വേഗം പഴയ നിലയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി വിപുലമായ വിപണി കണ്ടെത്തണം. കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങള്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
മില്‍മ ചെയര്‍മാന്‍ പി. ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എം. ഡി ഡോ. പി. പുകഴേന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസാപ് അഡീഷണല്‍ സെക്രട്ടറി റീത്ത എസ്. പ്രഭ, ജോ. സെ്ക്രട്ടറി അനില്‍ പ്രസാദ്, മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ്, ബാലന്‍ മാസ്റ്റര്‍, ക്ഷീരകര്‍ഷക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, ക്ഷീരവകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, കന്നുകാലി വികസന ബോര്‍ഡ് എം. ഡി ഡോ. ജോസ് ജയിംസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി. ജി. വത്‌സല, വി. എന്‍. കേശവന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it