- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ തുടരുന്നു; വ്യാപകനാശം, ട്രെയിനുകള്‍ റദ്ദാക്കി, കണ്ണൂരും മലപ്പുറത്തും ഉരുള്‍പൊട്ടല്‍
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്തു. ആളപായങ്ങള്‍ ഉള്ളതായി റിപോര്‍ട്ടുകളില്ല. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്തു. ആളപായങ്ങള്‍ ഉള്ളതായി റിപോര്‍ട്ടുകളില്ല. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലപ്പുറത്ത് കനത്തമഴ തുടരവെ നിരവധി പ്രദേശങ്ങളില്‍ വെള്ളംകയറി. നിലമ്പൂരിലെ പുഞ്ചക്കൊല്ലിയില്‍ ഉരുള്‍പ്പൊട്ടി. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ തന്നെ ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം വൻമരം കടപുഴകി വീണു. മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 9 മണിയോടയാണ് മരം ദേശീയപാതക്ക് കുറുകെ വീണത് വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി. 11 മണിയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ചീങ്കണ്ണി-ബാവലി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആറളം വനത്തിലും കേളകം അടക്കാത്തോട്ടം ഉരുള്‍പ്പെട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാല്‍ ഓഫിസ് പരിസരം വെള്ളത്തിലായി. അടക്കാത്തോട് മുട്ടുമാറ്റിയില്‍ ആനമതില്‍ വീണ്ടും തകര്‍ന്നു. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് മലയോര ഹൈവെയില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം മുടങ്ങി. കൊട്ടിയൂര്‍ വയനാട് പാല്‍ചുരം റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പോലിസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ 9 ദുരിതാശ്വാസ കാംപുകള്‍ തുറന്നു. 116കുടുംബങ്ങളെ ഇവിടെ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ട്. 100ലധികം കുടുംബങ്ങള്‍ കുടുംബവീടുകളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.
കനത്തമഴ തുടരുന്ന ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വണ്ടിപ്പെരിയാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കീറിക്കര മേഖലയിലെ ഏതാനും വീടുകളിലും വെള്ളം കയറി. കുമളി കൊട്ടാരക്കര ദേശീയ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി പന്നിയാര്‍കുട്ടിയില്‍ മണ്ണിടിഞ്ഞ് രാജാക്കാട്-വെള്ളത്തൂവല്‍ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇടുക്കി-എറണാകുളം റൂട്ടിലും ഗതാഗതം നിലച്ചു. കട്ടപ്പനയില്‍ ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. ആളപായം ഇവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. ഇക്കനഗറില്‍ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. മൂന്നാറിലെ പഴയ ഡിവൈഎസ്പി ഓഫിസിന് സമീപം മണ്ണിടിഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും അധികൃതരും. വരും ദിവസങ്ങളും പ്രദേശത്ത് നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴക്കെടുതിയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട്ടിലെ പനമരത്ത് വെള്ളം കയറിയ വീടില്‍ നിന്നും ഒഴിയുന്നതിനിടെ മുത്തു എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.
പാതകള്‍ക്കു മുകളില്‍ മരം വീണ് പലയിടത്തും ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴക്കും എറണാകുളത്തിനിടയില്‍ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്സുകള്‍ വൈകിയോടി. തിരുവനന്തപുരം ചിറയന്‍കീഴില്‍ മാവേലി എക്‌സ്പ്രസിന് മുകളില്‍ മരം വീണ് ലോക്കോ ഗ്ലാസ് തകര്‍ന്നു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്‌സ്പ്രസ്സുകള്‍ 3 മണിക്കൂര്‍ വൈകിയോടി. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുമുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്'; കിമ്മിന് സമ്മാനം നല്‍കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMT