Latest News

ആ​ഗസ്ത് എട്ട് വീണ്ടും; നിലമ്പൂർ ടൗൺ വെള്ളത്തിനടിയിൽ; കരുളായിയിൽ ഉരുൾപൊട്ടൽ (ചിത്രങ്ങള്‍)

ആ​ഗസ്ത് എട്ട് വീണ്ടും; നിലമ്പൂർ ടൗൺ വെള്ളത്തിനടിയിൽ; കരുളായിയിൽ ഉരുൾപൊട്ടൽ   (ചിത്രങ്ങള്‍)
X





നിലമ്പൂർ: സംസ്ഥാനത്ത് ശക്തിപ്രാപിച്ച കാലവർഷത്തിൽ നിലമ്പൂർ ന​ഗരവും പരിസരപ്രദേശത്തും വ്യാപകനാശം. ടൗൺ നിലവിൽ വെള്ളം മൂടിയ നിലയിലാണ്. കഴിഞ്ഞദിവസം പുഞ്ചക്കൊല്ലിയിലുണ്ടായ ഉരുൾപൊട്ടലും കനത്തമഴയുമാണ് ടൗൺ വെള്ളത്തിനടിയിലാവാൻ കാരണം. കരുളായിയിൽ ഇന്ന് ഉരുൾപൊട്ടിയെങ്കിലും ആളപായം റിപോർട്ട് ചെയ്തിട്ടില്ല. ​ഗതാ​ഗതം പൂർണമായും നിലച്ചിട്ടുണ്ട്. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. മൈലാടി, കാലിക്കടവ്, നിലമ്പൂർ ഉൾപ്പെടെ പലഭാ​ഗങ്ങളിലായി 150ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വൈദ്യുതിതൂണുകൾ തകർന്നിട്ടുണ്ട്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.

കരുളായി മുണ്ടക്കടവിലും ഉരുൾപൊട്ടി, ആൾ അപായമില്ല, ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. ആഡ്യൻപാറ വനമേഖലയിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കാഞ്ഞിരപുഴയിൽ മലവെള്ളപാച്ചിലിനെത്തുടർന്ന് നമ്പൂരിപ്പൊട്ടി കാലിക്കടവിൽ 9 കുടുംബങ്ങളെ നമ്പൂരിപ്പൊട്ടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. മതിൽ മൂല, പെരുമ്പത്തൂർ ഭാഗങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വടപുറം ടൗൺ പള്ളിയിൽ വെള്ളം കയറി. ചാലിയാറിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. മൈലാടിയിൽ 15 വീടുകളിലേക്ക് വെള്ളം കയറി. മൈലാടി പൊട്ടിയിൽ 3 വീടുകളിലും വെള്ളം കയറി. നിലമ്പൂർ കെഎൻജി റോഡിൽ ജനതപ്പടി, വെളിയംതോട്, ജ്യോതിപ്പടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചു.

നിലമ്പൂർ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ മുങ്ങി.ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്.കഴിഞ്ഞ വര്‍ഷം ആ​ഗസ്ത് എട്ടിനാണ് നിലമ്പൂരിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.




















Next Story

RELATED STORIES

Share it