Latest News

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം: ഗതാഗത തടസം ഒഴിവാക്കാന്‍ ക്രമീകരണം

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം: ഗതാഗത തടസം ഒഴിവാക്കാന്‍ ക്രമീകരണം
X

തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു യോഗം. എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് എന്നിവര്‍ അടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.

പോലിസ് മേധാവികള്‍, മറ്റ് അനുബന്ധ ഓഫീസര്‍മാര്‍, നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

തൃശൂരില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് റെയില്‍വേ ക്രോസിന് സമീപം കൊളാടിപ്പടി പ്രദേശത്ത് നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കും. അതിനായി നഗരസഭ പരിസര പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും.

നിര്‍മ്മാണ സ്ഥലത്തെ വാട്ടര്‍ അതോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും പ്രവൃത്തികള്‍ നവംബര്‍ 10ന് മുന്‍പ് തന്നെ ആരംഭിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ബസ്സുടമകള്‍, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കും. കൂടാതെ മേല്‍പ്പാല നിര്‍മ്മാണ പ്രവൃത്തി എല്ലാ ആഴ്ചയും മോണിറ്റര്‍ ചെയ്യുന്നതിന് ഗുരുവായൂര്‍ നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഗുരുവായൂരില്‍ മണ്ഡല മകരവിളക്ക് സീസണ്‍ നവംബര്‍ 15ന് ആരംഭിക്കുന്നതിനാല്‍ മേല്‍പ്പാല നിര്‍മ്മാണം, അമൃത് കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവൃത്തികള്‍ക്കായി റോഡുകള്‍ അടക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് കാര്യക്ഷമമായ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ എസിപി, തഹസില്‍ദാര്‍ എന്നിവരെയും ചുമതലപ്പെടുത്തി.

ഡെപ്യൂട്ടി കലക്ടര്‍ സി ടി യമുനദേവി, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ജി സുരേഷ്, പി ഡബ്ല്യു ഡി എഇ കെ ജി സന്ധ്യ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ ഇ എന്‍ സുരേന്ദ്രന്‍, കെ കെ വാസുദേവന്‍, പി ജയപ്രകാശ്, സജിത, എച്ച് ജെ നീലിമ, റവന്യൂ ഓഫീസര്‍ എം മനോജ്, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ ആര്‍ സൂരജ്, ചാവക്കാട് തഹസില്‍ദാര്‍ എം സന്ദീപ്, വില്ലേജ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, ടെമ്പിള്‍ എസ് ഐ ഗിരി, പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മേല്‍പ്പാല നിര്‍മ്മാണ പ്രവൃത്തി 9 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് നിര്‍മ്മാണ ഏജന്‍സിയായ ആര്‍ ബി ഡി സി കെ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.

Next Story

RELATED STORIES

Share it