Latest News

തൃശൂര്‍ ജില്ലയില്‍ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

തൃശൂര്‍ ജില്ലയില്‍ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
X

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 28 ന് സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ആസൂത്രണഭവന്‍ ഹാളിലും ഓണ്‍ലൈനിലുമായി ചേര്‍ന്ന ആസൂത്രണ സമിതിയോഗമാണ് നിര്‍ദ്ദേശം നല്‍കിയത്.

പ്രാദേശിക വിനോദ കേന്ദ്രത്തിനും വികസനത്തിനാവശ്യമായിവരുന്ന ആകെ തുകയുടെ 60 ശതമാനം തുകയോ പരമാവധി 50 ലക്ഷം രൂപ വരെ സര്‍ക്കാര്‍ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. അതനുസരിച്ച് പ്രാദേശിക സാധ്യതകള്‍ ഉള്‍പ്പെടുത്തി സമഗ്രമായ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുന്ന തരത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. ജില്ലയില്‍ പൊതുശ്രദ്ധയില്‍ വരാത്ത ഒട്ടനവധി പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇത് ഒരു മുതല്‍കൂട്ടാവുകയും ജില്ലയുടെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വുണ്ടാക്കുന്നതുമാണ് ഈ പദ്ധതി.

ജില്ലയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ജില്ലാ സംയുക്ത പ്രോജക്ടുകളായ ജലരക്ഷ ജീവരക്ഷ വെണ്ണൂര്‍ത്തുറ നീര്‍ത്തട പദ്ധതി' എന്ന പ്രോജക്ടിനും, കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത പ്രോജക്ടായ 'ഷി വര്‍ക്ക് സ്‌പെയ്‌സ് എന്ന സംയുക്ത പ്രോജക്ടിനും സംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പ്രോജക്ടുകള്‍ക്കുള്ള പ്രത്യേക ധനസഹായമായി 2 കോടി രൂപ വീതം ലഭ്യമായിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.

കൂടാതെ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 'മാനസസരോവരം പുത്തൂര്‍ കായല്‍ നവീകരണം' എന്ന ഇക്കോടൂറിസം സംയുക്ത പ്രോജക്ടിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഫെബ്രുവരി ഒമ്പതിന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി, പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശഭരണ വകുപ്പ് മന്ത്രി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നിവര്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാകുന്നതിനായി ജില്ലാ ആസൂത്രണ സമിതി തീരുമാനപ്രകാരം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതി അംഗമായ കെ. വി. സജു അറിയിച്ചു. കൂടാതെ ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി ഒരേക്കറിലധികം വിസ്തൃതിയുടെ 64 കുളങ്ങളടങ്ങുന്ന സംയുക്ത പ്രോജക്ടുകള്‍ തയ്യാറാക്കി സര്‍ക്കാര്‍ ധനസഹായത്തിനായി സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍ കുമാര്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ.എം.എന്‍. സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗവും ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററുമായ അനൂപ് കിഷോര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പുതല ജില്ലാ ഓഫീസര്‍മാര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it