Latest News

കാര്‍ഷികമേഖലയില്‍ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ കാലതാമസം ഉണ്ടാകരുത്: റവന്യൂ മന്ത്രി കെ രാജന്‍

കാര്‍ഷികമേഖലയില്‍ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ കാലതാമസം ഉണ്ടാകരുത്: റവന്യൂ മന്ത്രി കെ രാജന്‍
X

തൃശൂര്‍: പൊന്നാനി കോള്‍ മേഖലയിലെ ജല ക്ഷാമം പരിഹരിക്കുന്നതിനുള്ള 23.5 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ നേരിട്ട് ഇടപെടുമെന്ന് സംസ്ഥാന റവന്യൂ മന്ത്രിയും തൃശൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റി ചെയര്‍മാനുമായ കെ രാജന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൃശൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികമേഖലയില്‍ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോള്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, യന്ത്ര വല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ അടിയന്തിരമായി ഇടപെട്ട് പൂര്‍ത്തീകരിക്കുന്നതിനായി കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലേയും ജലസേചന വകുപ്പിലേയും ഉദ്യോഗസ്ഥരേയും പ്രത്യേകം യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിനെ ചുമതലപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലം തലത്തില്‍ അവലോകനം നടത്തുന്നതിനുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും അദ്ദേഹം ചുമതലപ്പെടുത്തി. ജലസേചന വകുപ്പ് നടപ്പിലാക്കുന്ന ഇല്ലിക്കല്‍, ഇടിയഞ്ചിറ, കൂത്തുമാക്കല്‍, ഏനാമാക്കല്‍, മുനയം തുടങ്ങിയ റെഗുലേറ്ററുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൃഷി, ഇറിഗേഷന്‍, കാര്‍ഷിക യൂണിവേഴ്‌സിറ്റി എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പ്രവര്‍ത്തന കലണ്ടറിന്റെ കോര്‍ഡിനേഷനായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെയും ചുമതലപ്പെടുത്തി.

കൂടുതല്‍ മേഖലകളിലേക്ക് നെല്‍കൃഷി വ്യാപിപ്പിച്ച് ഉത്പാദനസാന്ദ്രത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും നടത്തുന്നതെന്നും വിശദമായ പരിശോധനയും അവലോകനവും നടത്തി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുകയാണ് ലക്ഷ്യമെന്നും യോഗത്തില്‍ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

2012 ല്‍ ആരംഭിച്ച നബാര്‍ഡ് പദ്ധതികള്‍ ( കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍), 2018 ല്‍ ആരംഭിച്ച യന്ത്ര വല്‍ക്കരണ പദ്ധതികള്‍, 2019 ല്‍ ആരംഭിച്ച റീബില്‍ഡ് കേരള ഇനീഷ്യയെറ്റിവ് (ആര്‍.കെ.ഐ.) പദ്ധതികള്‍ എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു.

അതോറിറ്റി സ്‌പെഷ്യല്‍ ഓഫീസറും തൃശൂര്‍ ജില്ലാ കലക്ടറുമായ ഹരിത വി. കുമാര്‍ സ്വാഗതം ആശംസിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, എ സി മൊയ്തീന്‍, കെ കെ രാമചന്ദ്രന്‍, എന്‍ കെ അക്ബര്‍, സി സി മുകുന്ദന്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, തൃശൂര്‍മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയ കെ എസ്, സറീന ഹസീബ്, തൃശൂര്‍ കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ കെ കൊച്ചുമുഹമ്മദ്, സെക്രട്ടറി എന്‍ കെ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി എം ആര്‍ മോഹനന്‍, കര്‍ഷക പ്രതിനിധികളായ പി ആര്‍ വര്‍ഗീസ് മാസ്റ്റര്‍, പി. ജ്യാതിഭാസ്, തൃശൂര്‍ മലപ്പുറം ജില്ലകളിലെ ജലസേചനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള അഗ്രോ ഇന്‍ഡസ്ട്രീസ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

ജില്ലയില്‍ ഏറ്റവും അധികം നെല്ലുല്‍പ്പാദിപ്പിക്കുന്ന ഇടമാണ് തൃശൂര്‍ പൊന്നാനി കോള്‍നിലങ്ങള്‍. ഏറെ കര്‍ഷകരുള്ള ജില്ലയിലെ ഈ കോള്‍ വികസന പദ്ധതിക്ക് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി 298.38 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കെയ്‌കോ, കെഎസ്ഇബി, കൃഷി എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കോള്‍നില വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം കോള്‍ നിലങ്ങളിലെ പ്രധാന ചാലുകളില്‍ നിന്നു മണ്ണും, ചളിയും നീക്കി ആഴവും വീതിയും കൂട്ടും. അതേ മണ്ണുപയോഗിച്ച് ബണ്ടുകള്‍ ശക്തിപ്പെടുത്തും. കോള്‍ നിലങ്ങളിലെ ഉള്‍ചാലുകളുടെ ആഴവും വീതിയും വര്‍ധിപ്പിച്ച് ഫാം റോഡുകളും റാമ്പുകളും നിര്മിപക്കും. കാലഹരണപ്പെട്ട പെട്ടിപറ, പമ്പ് സെറ്റ് എന്നിവയും മാറ്റും. കൂടുതല്‍ കാര്യക്ഷമമായ സബ്‌മെഴ്‌സിബിള്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് കൃഷിയുടെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിച്ച് ഇരുപ്പൂ കൃഷിക്ക് കൂടുതല്‍ സാധ്യത ഒരുക്കുകയും ചെയ്യും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ, എഞ്ചിന്‍ തറകള്‍, പമ്പ് ഹൗസുകള്‍ ഇല്ലാത്തിടത്ത് അവ നിര്‍മ്മിക്കുക, പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുമ്പോള്‍ കാര്യക്ഷമതയില്ലാത്ത ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക, അതോടൊപ്പം വൈദ്യുതി തകരാര്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന സി എഫ് പി ടി സംവിധാനം ഘടിപ്പിക്കുക എന്നിവയും നടപ്പാകും. വിത കഴിഞ്ഞാല്‍ വെള്ളം വറ്റി കിടക്കേണ്ട പാടത്ത് വൈദ്യുതി തകരാര്‍ മൂലം വെള്ളം പമ്പ് ചെയ്ത് കളയാനാകാതെ വിത്ത് നശിച്ചുപോകുന്ന അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും.

സംസ്ഥാനത്ത് കുട്ടനാടും പാലക്കാടും കഴിഞ്ഞാല്‍ ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് ഈ കോള്‍ മേഖല. ഏകദേശം 13,632 ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ നെല്‍കൃഷി ചെയ്യുന്നത്. ഇരുപ്പൂ കൃഷിയാണ് ഇവിടുത്തെ പ്രത്യേകത. തൃശൂര്‍ പൊന്നാനി കോള്‍ മേഖല സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശമായതിനാല്‍ കാലവര്‍ഷത്തിനു ശേഷം വെള്ളം പമ്പു ചെയ്ത് കളഞ്ഞാണ് കൃഷിയിറക്കുന്നത്. വര്‍ഷക്കാലത്ത് വലിയൊരു ജലസംഭരണി കൂടിയാണ് ജില്ലയിലെ ഈ കോള്‍നിലങ്ങള്‍.

Next Story

RELATED STORIES

Share it