- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഭലിൽ വീണ ചോരയ്ക്ക്നീതിപീഠത്തിൻ്റെ കൈയൊപ്പുമുണ്ട്! (വീഡിയോ)
മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ട് പുതിയൊരു ദുരന്തത്തിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. യുപിയിലെ സംഭൽ ജില്ലയിൽ ചന്ദൗസി പട്ടണത്തിലെ ശാഹീ ജാമിഅ് മസ്ജിദിൽ സർവേ നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ആറു മുസ്‌ലിംകൾ വെടിയേറ്റു കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതിനു പുറമെ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തു നാശത്തിനും പോലിസ് നടപടി വഴിവച്ചു.
എന്താണ് സംഭലിൽ യഥാർഥത്തിൽ സംഭവിച്ചത്? 1529ൽ മുഗൾ ഭരണകാലത്ത് നിർമിക്കപ്പെട്ടതാണ് സംഭൽ ജില്ലയിലെ ചന്ദൗസി നഗരത്തിലെ ശാഹീ ജാമിഅ് മസ്ജിദ്. മുഗൾവംശ സ്ഥാപകനായ ബാബറുടെ ഭരണകാലമായ 1526നും 1530നും ഇടയിലാണ് ബാബരി മസ്ജിദിനും പാനിപ്പത്ത് മസ്ജിദിനും പുറമെ ശാഹീ ജാമിഅ് മസ്ജിദും പണികഴിപ്പിക്കപ്പെടുന്നത്. 16ാം നൂറ്റാണ്ട് മുതൽ മുസ്‌ലിംകൾ ആരാധന നിർവഹിച്ചു വരുന്ന പള്ളിയാണിത്.
ഇനി പറയുന്നതാണ് സംഭവത്തിൻ്റെ നാൾവഴികൾ. നവംബർ 19ന് ചൊവ്വാഴ്ച സംഭലിലെ സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ ഒരു ഹരജിയെത്തുന്നു. ചന്ദൗസിയിലെ കൽക്കക്ഷേത്രത്തിലെ പൂജാരിയായ ഋഷിരാജ് ഗിരിയാണ് ഹരജിക്കാരൻ. ഹരിഹര ക്ഷേത്രം തകർത്താണ് 1529ൽ ബാബർ ശാഹീ ജാമിഅ് മസ്ജിദ് പണിതതെന്നും അത് തെളിയിക്കാൻ പള്ളിയിലും പരിസരത്തും സർവേ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. മണിക്കൂറുകൾക്കുള്ളിൽ കോടതി പള്ളിക്കുള്ളിൽ സർവേ നടത്താൻ അഭിഭാഷക കമ്മീഷനെ നിയമിക്കുന്നു. മസ്ജിദ് കമ്മിറ്റിക്ക് നോട്ടിസ് നൽകാതെയും അവരുടെ ഭാഗം കേൾക്കാതെയുമായിരുന്നു കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.
ചൊവ്വാഴ്ച രാത്രിതന്നെ സംഘം സർവേയ്ക്കെത്തിയപ്പോൾ പ്രദേശവാസികൾ തടിച്ചു കൂടിയിരുന്നെങ്കിലും സംഘർഷം ഉടലെടുക്കുകയോ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല. സർവേയിൽ പ്രത്യേകമായി ഒന്നും കണ്ടെത്താനുമായില്ല. എന്നാൽ പിറ്റേന്നാൾ മുതൽ നഗരത്തിൽ വിപുലമായ സുരക്ഷാ സന്നാഹങ്ങളുമായി പോലിസ് രംഗത്തെത്തിയത് പ്രദേശവാസികൾക്കിടയിൽ ഭീതി വിതച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ജുമുഅ ദിവസമായ വെള്ളിയാഴ്ചയും ശാന്തമായി തന്നെ കടന്നുപോയി.
ഞായറാഴ്ച പോലിസ്-മാധ്യമ അകമ്പടിയോടെ സംഘം വീണ്ടും സർവേയ്ക്ക് എത്തിയതോടെയാണ് രംഗം വഷളായത്. സർവേ സംഘത്തോടൊപ്പം സാമൂഹിക വിരുദ്ധരും എത്തിയത് പ്രകോപനം സൃഷ്ടിച്ചു. ജയ്ശ്രീറാം വിളികളോടെ ചിലർ സർവേ സംഘത്തോടൊപ്പം കൂടിയത് അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമാക്കി. തടിച്ചു കൂടിയ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാൻ പോലിസ് ശ്രമിച്ചതോടെയാണ് കല്ലേറും തുടർന്ന് പോലിസിൻ്റെ ഭാഗത്തുനിന്ന് വെടിവയ്പും ഉണ്ടായത്. തങ്ങൾ വെടിവച്ചല്ല മുസ്‌ലിംകൾ കൊല്ലപ്പെട്ടതെന്ന് പോലിസ് വാദിക്കുന്നുണ്ടെങ്കിലും പോലിസ് വെടിവയ്ക്കുന്നതിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്. പോലിസ് തന്നെ നാടൻ തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തതായാണ് ദൃക്സാക്ഷികളുടെ വിവരണവും.
മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് സഫർ അലിയെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുത്ത പോലിസ് ഗൂഢാലോചന കുറ്റം ആരോപിച്ച് സ്ഥലം എംപിയും സമാജ്‌വാദി പാർട്ടി നേതാവുമായ സിയാവുർറഹ്‌മാൻ ബർഖിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അദ്ദേഹം ആ സമയം മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ബാംഗ്ലൂരിലായിരുന്നുവെന്നു പറയപ്പെടുന്നു. മൊത്തം സംഭവത്തിൻ്റെ ഒരു ഏകദേശ സ്വഭാവം പരിശോധിക്കുമ്പോൾ ജില്ലാ ഭരണകൂടവും പോലിസും മറ്റു തൽപ്പര കക്ഷികളും മുൻകൂട്ടി മിനഞ്ഞെടുത്ത ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണിതെല്ലാം എന്നു കരുതാനാണ് ന്യായം. കാരണം രണ്ടാമത്തെ സർവേ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു. അതായത് നിയമവിരുദ്ധമായിരുന്നു സർവേ എന്നർഥം. ജയ് ശ്രീറാം വിളികളുമായി ഒരു സംഘം സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ അനുഗമിച്ചിരുന്നു. മാധ്യമപ്പടയുമായി പോലിസും. വുദുഖാനയിലെ വെള്ളം വറ്റിച്ചത് കേവലം സർവേയല്ല, ഖനനമാണ് നടക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ചു. സംഘർഷ സാധ്യത മുൻകൂട്ടിക്കണ്ട് സമാധാന യോഗം വിളിച്ചു ചേർത്ത് പ്രശ്നങ്ങളുണ്ടാവുകയില്ലെന്ന് ഉറപ്പു വരുത്താനുള്ള ശ്രമവും ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രക്ഷുബ്ധരായ ജനക്കൂട്ടത്തിനു നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പോലിസ് വെടിവച്ചത്.
സംഭൽ സംഭവം ഒരു പുതിയ തുടക്കമല്ല; പഴയ പലതിൻ്റെയും തുടർച്ചയാണ്. 1529ൽ ബാബർ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് ആരോപിച്ച് കോടതിയിലെത്തിയ ഋഷിരാജ് ഗിരിയുടെ അഭിഭാഷകനാരെന്ന് ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം മനസ്സിലാവും. വിഷ്ണു ശങ്കർ ജയിൻ എന്ന ആ അഭിഭാഷകനെ സംഘപരിവാരം മുസ്‌ലിം പള്ളികൾക്കെതിരേ ഉയർത്തിക്കൊണ്ടുവരുന്ന എല്ലാ വ്യവഹാരങ്ങളിലും നമുക്കുകാണാം. ആദ്യകാല വ്യവഹാരങ്ങളിൽ ഇയാളുടെ പിതാവായ ഹരി ശങ്കർ ജയിനായിരുന്നു മുഖ്യൻ. ഹരിശങ്കർ ജയിനെയോ മകനായ വിഷ്ണു ശങ്കർ ജയിനെയോ കണ്ടാൽ അപ്പോൾ തന്നെ ഏതു പള്ളിയിലും സർവേ നടത്താൻ ഉത്തരവ് കൊടുക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട് കോടതികൾ എന്നതാണ് തമാശ. വാരാണസി ഗ്യാൻവാപി മസ്ജിദ്, മഥുര ഈദ്ഗാഹ് മസ്ജിദ്, ആഗ്രയിലെ താജ് മഹൽ, ഡൽഹി ഖുതുബ് മിനാർ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ഈ ആർഎസ്എസ് അഭിഭാഷകരാണ് പ്രധാനമായും ഹരജിക്കാർക്കു വേണ്ടി ഹാജരായത്. ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതിയിൽ ഹിന്ദുമഹാസഭയുടെ അഭിഭാഷകനും ഹരിശങ്കർ ജയിനായിരുന്നു. 1991ലെ ആരാധനാലയ പ്രത്യേക നിയമം ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ വിഷ്ണുശങ്കർ ജയിനാണ് ഒരു വിഭാഗത്തിൻ്റെ അഭിഭാഷകൻ. ഇതിവിടെ ഇത്രയും വിസ്തരിച്ചത് ഈ കേസുകൾക്കെല്ലാം പിന്നിൽ ആർഎസ്എസ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കുന്ന ഒരു വ്യവഹാര സംവിധാനം ഉണ്ടെന്നും അല്ലാതെ സാധാരണ ഹിന്ദുമത വിശ്വാസികളുടെ വികാരമോ ആവശ്യമോ അല്ല പള്ളികൾ ആദ്യം നിയമക്കുരുക്കിലാക്കാനും പിന്നീട് തരം കിട്ടുമ്പോൾ തകർക്കാനുമുള്ള പദ്ധതിയെന്നും വ്യക്തമാക്കാനാണ്. അതിൻ്റെ ഏറ്റവും ഒടുവിലെ ദൃഷ്ടാന്തമാണ് സംഭൽ സംഘർഷത്തിനിടയിലും അജ്മീർ ദർഗ സങ്കട മോചൻ മഹാദൈവക്ഷേത്രമാണെന്ന സംഘപരിവാരത്തിൻ്റെ പുതിയ അവകാശവാദം.
ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രധാന കാര്യം, സംഭലിലെ വെടിവയ്പിലേക്കു നയിച്ച സാഹചര്യത്തിൻ്റെ ഉത്തരവാദിത്തം ഒരു പ്രാദേശിക കോടതിയിലോ ജില്ലാ ഭരണകൂടത്തിലോ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. ബാബരി മസ്ജിദ് കേസിലെ അന്യായമായ സുപ്രിംകോടതി വിധിയിലാണ് കാശിയിലും മഥുരയിലും ഇപ്പോൾ സംഭലിലും സംഘപരിവാരം ഉയർത്തുന്ന വിനാശ ഭീഷണിയുടെ വേരുകൾ ചെന്നെത്തുന്നത്. ബാബരി മസ്ജിദ് പള്ളിയായിരുന്നുവെന്നും 1949 ഡിസംബർ 22 വരെ ആ പള്ളിയിൽ മുസ്‌ലിംകൾ ആരാധന നിർവഹിച്ചിരുന്നുവെന്നും 1949ൽ പള്ളിക്കുള്ളിൽ ബലം പ്രയോഗിച്ച് വിഗ്രഹം കടത്തിയതും 1992ൽ പള്ളി പൊളിച്ചതും നിയമവിരുദ്ധമായ ക്രിമിനൽ പ്രവൃത്തിയാണെന്നും സംശയലേശമെന്യേ സുപ്രിംകോടതി അംഗീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും തെളിവുകളും നിയമങ്ങളും കാറ്റിൽപറത്തി ഭൂരിപക്ഷമതത്തിൻ്റെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ വിധി പറഞ്ഞ് കുറ്റവാളികൾക്കും കവർച്ചക്കാർക്കും ബാബരിപ്പള്ളിയുടെ ഭൂമി വിട്ടുകൊടുത്തു.
സുപ്രിംകോടതിയുടെ ആ വിചിത്ര വിധിന്യായമാണ് സംഭലിൽ പോലിസ് വെടിവയ്പിൽ ചേതനയറ്റുവീണ ആറ് മുസ്‌ലിംകളുടെ കൊലയ്ക്കു പിന്നിലെ പ്രധാന ഉത്തരവാദി. ബാബരി കേസിൽ ദൈവത്തോട് ചോദിച്ചു വിധി പറഞ്ഞ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സഹന്യായാധിപരും തുറന്നിട്ട പഴുതിലൂടെയാണ് ഇന്ത്യൻ തെരുവുകളെ ചോരപ്പുഴകളാക്കി മാറ്റിയേക്കാവുന്ന പുതിയ കാല കോടതി വിധികൾക്ക് വഴിയൊരുങ്ങുന്നത്. ഇല്ല, അവിടെയും തീരുന്നില്ല, 1991 ൽ പാർലമെൻ്റ് പാസ്സാക്കിയ ആരാധനാലയ പ്രത്യേക നിയമത്തിൻ്റെ അടിക്കല്ലിളക്കുന്നതാണ് ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ ഭാഗത്തു നിന്നുണ്ടായ ആനുഷംഗിക പരാമർശങ്ങൾ. ഗ്യാൻവാപി മസ്ജിദിലെ സർവേയ്ക്ക് ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രിംകോടതി തന്നെ പ്രസ്തുത ഹരജി വീണ്ടുമെത്തിയപ്പോൾ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
ബാബരി മസ്ജിദിൻ്റെ ചുവടുപിടിച്ച് മുസ്‌ലിം പള്ളികൾക്കു നേരെ പുതിയ അവകാശ വാദങ്ങളുമായി വരാതിരിക്കാനാണ് എല്ലാ ആരാധനാലയങ്ങൾക്കും 1947 ലെ തദ്സ്ഥിതി നിലനിർത്തണമെന്ന ആരാധനാലയ പ്രത്യേക നിയമം 1991 ൽ പാർലമെൻ്റ് പാസ്സാക്കിയത്. ഈ നിയമം പരിരക്ഷിക്കപ്പെടണമെന്ന് പലപ്പോഴും ആവർത്തിച്ച സുപ്രിംകോടതി തന്നെ നിയമം ലംഘിക്കുന്ന കീഴ്ക്കോടതി ഉത്തരവുകൾക്ക് മൗനാനുവാദം നൽകുന്നതാണ് പിന്നീട് നാം കാണുന്നത്. ഒരു നിർമിതിയുടെ സ്വഭാവത്തെ കുറിച്ചുള്ള ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ഹിന്ദുക്കൾക്ക് എല്ലാ അവകാശവും ഉണ്ടെന്നു പറയുന്ന ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വാക്കുകൾ 1991 ലെ ആരാധനാലയ പ്രത്യേക നിയമത്തിൻ്റെ തലമണ്ടയ്ക്ക് ആഞ്ഞുപതിച്ച പ്രഹരമാണ്. ചരിത്രത്തിൽ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന പിഴവുകൾ വർത്തമാനത്തെയും ഭാവിയെയും തച്ചു തകർക്കാൻ കാരണമാവരുതെന്നാണ് ആരാധനാലയ നിയമത്തിൻ്റെ പ്രസക്തിക്ക് അടിവരയിട്ടുകൊണ്ട് 1994ൽ ഒരു കേസിൽ വിധി പറയവേ, സുപ്രിംകോടതി അസന്ദിഗ്ധമായി പ്രസ്താവിച്ചത്. എന്നാൽ, അതേ സുപ്രിംകോടതി തന്നെ പുതിയ കാലുഷ്യങ്ങൾക്ക് വഴി തുറക്കാൻ ആരാധനാലയ നിയമത്തെ ചവറ്റുകുട്ടയിൽ തള്ളുന്ന സമീപനം സ്വീകരിക്കുന്നത് വിരോധാഭാസമാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ പറ്റിപ്പിടിച്ച ഈ കളങ്കം നീതിന്യായ വ്യവസ്ഥയെ വിടാതെ പിന്തുടരുക തന്നെ ചെയ്യും.
മറ്റൊന്നു കൂടി, 1904 ലെ പുരാവസ്തു സംരക്ഷണ നിയമമനുസരിച്ച് 1920 ഡിസംബർ 22 ന് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ശാഹീ ജാമിഅ് മസ്ജിദിനുനേരെയാണ് സംഭലിൽ ഇപ്പോൾ സംഘപരിവാരത്തിൻ്റെ കൈയേറ്റ ഭീഷണി ഉയരുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയും നീതി പിച്ചിച്ചീന്തിയും സംഘപരിവാരം നടത്തുന്ന ചോരക്കളികൾക്ക് നീതിപീഠങ്ങളുടെ കൈയൊപ്പ് കൂടിയുണ്ടെന്ന യാഥാർഥ്യം ഞെട്ടലോടെയോ നമുക്ക് ഉൾക്കൊള്ളാനാവൂ. ഈ സന്ദിഗ്ധ ഘട്ടത്തിൽ നിരന്തരം നീതിനിഷേധിക്കപ്പെടുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഏതു നീതിന്യായ വ്യവസ്ഥയിലാണ് പ്രതീക്ഷ അർപ്പിക്കേണ്ടത്.
മുസ്‌ലിം രക്തം കൊണ്ട് ഹോളി കളിക്കുന്ന ആർഎസ്എസ്സിൻ്റെ ചോരക്കൊതിക്ക് രംഗവേദിയാവുകയാണോ വീണ്ടും യുപി? സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട കലാപങ്ങളുടെ വടുക്കൾ ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നുണ്ട് മുസ്‌ലിം മനസ്സുകളിൽ. പശുവിൻ്റെയും പള്ളിയുടെയും പേരു പറഞ്ഞ് അവരുടെ അസ്തിത്വത്തിനും മൗലികാവകാശങ്ങൾക്കും നേരെ ഉയരുന്ന മുഷ്കിൻ്റെ മുഷ്ടികൾ തടുക്കാൻ ഈ രാജ്യത്ത് നിയമം ചെറുവിരലനക്കില്ലെന്ന അഹന്തയിലാണ് വെറുപ്പിൻ്റെ വ്യാപാരികൾ. രാജ്യം നിലനിന്നു കാണാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന രാജ്യസ്നേഹികൾ വിഭാഗീയതകൾക്കതീതമായി ഉണർന്നെണീക്കേണ്ട സമയമാണിത്.
RELATED STORIES
പി എന് പ്രസന്നകുമാര് അന്തരിച്ചു
4 Jan 2025 10:39 AM GMTതെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില് അഞ്ച് വയസുകാരന് ദാരുണാന്ത്യം
4 Jan 2025 10:02 AM GMTചൈനയിലെ വൈറസ് ബാധയില് ആശങ്ക വേണ്ടതില്ലെന്ന് വീണ ജോര്ജ്; ഗര്ഭിണികളും ...
4 Jan 2025 8:46 AM GMTക്രൈസ്തവര്ക്കെതിരായ ആക്രമണങ്ങള്: പ്രധാനമന്ത്രി ഉറപ്പുകളും ആശംസകളും...
4 Jan 2025 7:51 AM GMTആചാരങ്ങള് പാലിക്കാന് കഴിയുന്നവര് ക്ഷേത്രത്തില് പോയാല് മതി; കെബി...
4 Jan 2025 6:33 AM GMTകണ്ണപുരം റിജിത്ത് കൊലക്കേസ്: ഒമ്പത് ആര്എസ്എസ്-ബിജെപി പ്രവര്ത്തകര്...
4 Jan 2025 6:00 AM GMT