Latest News

വഖ്ഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ് നാട് നിയമസഭ

വഖ്ഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ് നാട് നിയമസഭ
X

ചെന്നൈ: വഖ്ഫ് നിയമഭേദഗതി ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചു. പ്രമേയത്തെ എതിര്‍ത്ത ബിജെപി വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവിധ മതവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും സര്‍ക്കാരിന് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

'' വഖ്ഫ് നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2024ലെ വഖഫ് (ഭേദഗതി) ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. ഇത് മുസ്‌ലിം ന്യൂനപക്ഷങ്ങളെ സാരമായി ബാധിക്കും. ബില്ല് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു''-അദ്ദേഹം പറഞ്ഞു.

വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതികള്‍ ലഭിച്ചതിനാലാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ബിജെപി അംഗം വനതി ശ്രീനിവാസന്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ 'പിന്നോക്ക വിഭാഗത്തിന്റെ' താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും 'സ്ത്രീകള്‍ക്ക്' പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ബില്ല് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചതായും വനതി പറഞ്ഞു. എന്നാല്‍, സംയുക്ത പാര്‍ലമെന്ററി സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഒരു അഭിപ്രായം പോലും സ്വീകരിച്ചിട്ടില്ലെന്ന് നിയമമന്ത്രി എസ് രഘുപതി ചൂണ്ടിക്കാട്ടി. വഖ്ഫ് നിയമഭേദഗതി മുസ് ലിം സമുദായത്തിനെതിരായ സാമ്പത്തിക ആക്രമണമാണെന്നും അദ്ദേഹം വിശദീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയിലെ ഡിഎംകെ അംഗങ്ങളായ എ രാജയ്ക്കും എം എം അബ്ദുല്ലയ്ക്കും അഭിപ്രായം പറയാന്‍ വേദി പോലും ലഭിച്ചില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വനതിക്ക് വീണ്ടും അവസരം നല്‍കണമെന്ന് സ്പീക്കറോട് സ്റ്റാലിന്‍ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, വനതി ഇതിന് തയ്യാറായില്ല.

വഖ്ഫുമായി ബന്ധപ്പെട്ട കക്ഷികളുമായി കേന്ദ്രസര്‍ക്കാരിന് സമവായം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ബില്ല് പാസാക്കാന്‍ അനുവദിക്കുമെന്ന് പാട്ടാളി മക്കള്‍ കക്ഷി നേതാവ് ജി കെ മണി പറഞ്ഞു. എഐഎഡിഎംകെ അംഗം എസ് പി വേലുമണിയും പ്രമേയത്തെ അനുകൂലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ ജഗദാംബിക പാല്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ തന്റെ പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it