Latest News

ജാതി സെൻസസ് റിപോർട്ട് നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തി കർണാടക കോൺഗ്രസിലെ ഒബിസി നേതാക്കൾ

വൊക്കലിഗ ,വീരശൈവ - ലിംഗായത്തുകൾ റിപോർട്ടിനെ എതിർത്തതിൻ്റെ പശ്ചാത്തലത്തിലാണ് ഒബിസി നേതാക്കളുടെ ആവശ്യം

ജാതി സെൻസസ് റിപോർട്ട് നടപ്പിലാക്കാൻ     സമ്മർദ്ദം ചെലുത്തി കർണാടക കോൺഗ്രസിലെ ഒബിസി നേതാക്കൾ
X

ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് റിപോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒബിസി നേതാക്കൾ രംഗത്ത്. സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ ശുപാർശകൾ നടപ്പിലാക്കുന്നത് തടയാനുള്ള വൊക്കലിഗ, വീരശൈവ-ലിംഗായത്തുകളുടെ സമ്മർദ്ദം നിലനിൽക്കവെയാണ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒരു കൂട്ടം കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദ നീക്കം. ജാതി സെൻസസ് റിപോർട്ടിലെ ശുപാർശകൾ അംഗീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട സംഘം റിപോർട്ടിനെതിരായ മുന്നാക്ക വിഭാഗങ്ങളുടെ വൈകാരികമായ പ്രക്ഷോഭങ്ങൾക്കെതിരേയും നിവേദനം നൽകി.

ഒരു ശാസ്ത്രീയ റിപോർട്ട് പരസ്യമാകുന്നതിന് മുമ്പ് തന്നെ അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളിൽ വലിയ സംഖ്യയുള്ള തിഗാല, കുറുബ, ഗാനിഗ, ദേവാംഗ, എഡിഗ, യാദവ, ബലിജ എന്നീ സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾ സർവേയെ ന്യായീകരിച്ചു. കണക്കുകൾ ഏറക്കുറെ കൃത്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സർവേ കണ്ടെത്തലുകളെ കുറിച്ച് ചർച്ച ചെയ്യാനിരിക്കെയാണ് കോൺഗ്രസിലെ ഒബിസി നേതാക്കളുടെ വാർത്തസമ്മേളനം' ജനസംഖ്യാ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വൊക്കലിഗ, വീരശൈവ-ലിംഗായത്ത് മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഇതിനകം തന്നെ റിപോർട്ട് നടപ്പാക്കുന്നതിനെ എതിർക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

"ശാസ്ത്രീയമായ ഒരു റിപോർട്ടിനെ എതിർക്കുന്നത് ശരിയല്ല. ജനങ്ങൾക്ക് അറിയുന്നതിനായി സർവേ രണ്ടുതവണ പരസ്യപ്പെടുത്തി. എല്ലാ സമുദായങ്ങളുടെയും അവകാശവാദങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, സംസ്ഥാനത്തിന്റെ ജനസംഖ്യ 50 കോടി ആയിരിക്കണം". ഗ്യാരണ്ടി ഇംപ്ലിമെന്റേഷൻ കമ്മിറ്റി ചെയർമാൻ എച്ച് എം രേവണ്ണ പറഞ്ഞു. "റിപോർട്ടിൽ ചെറിയ തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്താൻ ഇപ്പോഴും സാധ്യതയുണ്ട്". അദ്ദേഹം വാദിച്ചു.

റിപോർട്ട് പഠിക്കാൻ സർക്കാരിന് ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാമെന്ന് മുൻ നിയമസഭാ കൗൺസിൽ ചെയർമാൻ വി ആർ സുദർശൻ പറഞ്ഞു. റിപോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

"ഒരു ചർച്ച നടക്കുന്നതിന് റിപോർട്ട് പരസ്യമാക്കുക. പൊതുജനങ്ങളെ വൈകാരികമായി ഇളക്കിവിടേണ്ട ആവശ്യമില്ല."

റിപോർട്ട് അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കണമെന്ന് മുൻ മന്ത്രി എം ആർ സീതാറാം സർക്കാരിനോട് ആവശ്യപ്പെട്ടു. വർധിപ്പിച്ച സംവരണം കേന്ദ്രം 9ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും സുപ്രിംകോടതി അനുഭവസിദ്ധമായ വിവരങ്ങൾ തേടുന്നതിനാൽ റിപോർട്ട് പ്രാധാന്യമർഹിക്കുന്നുവെന്ന് എംഎൽസി എം നാഗരാജ് യാദവ് പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ വ്യക്തിപരമായി സംസാരിക്കുകയാണോ അതോ കോൺഗ്രസിനെ പ്രതിനിധാനം ചെയ്താണോ എന്ന് ചോദിച്ചപ്പോൾ ശ്രീ രേവണ്ണ പറഞ്ഞു: "ഞങ്ങൾ സർക്കാരിൻ്റെ പ്രതിനിധികളല്ല. റിപോർട്ട് അംഗീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുകയാണ്".

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള പ്രബല സമുദായങ്ങളിൽ നിന്നുള്ള മന്ത്രിമാർക്ക് സംവരണത്തെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തുകയാണ്. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. റിപോർട്ടിനെക്കുറിച്ച് അവരും ബോധവൽക്കരിക്കട്ടെ".

Next Story

RELATED STORIES

Share it