Latest News

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്ക് ഒഴിവാകാന്‍ രണ്ടു ദിവസം കൂടി; കോട്ടയം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1,319 അപേക്ഷകള്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്ക് ഒഴിവാകാന്‍ രണ്ടു ദിവസം കൂടി; കോട്ടയം  ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1,319 അപേക്ഷകള്‍
X

കോട്ടയം: അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി നാളെ(ജൂണ്‍ 30) അവസാനിക്കും. ഇതിനു ശേഷവും പി.എച്ച്.എച്ച്(പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ്(നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.

ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരും.

സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന നിരവധി പേര്‍ അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയുള്ളവര്‍ക്ക് സ്വയം ഒഴിവാകുന്നതിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചത്. ഈ സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് പിഴയടയ്ക്കുകയോ ശിക്ഷാ നടപടികള്‍ നേരിടുകയോ വേണ്ടതില്ല.

കോട്ടയം ജില്ലയില്‍ നിലവില്‍ ആകെ ,535,855 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. എ.എ.വൈ-35356, പി.എച്ച്.എച്ച്-173097, എന്‍.പി.എന്‍.എസ്-191591, എന്‍.പി.എസ്-130317, എന്‍.പി.ഐ-5495 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡുകളുടെ എണ്ണം.

ഇതുവരെ ലഭിച്ചത് 1319 അപേക്ഷകള്‍

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്നും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 27 വരെ ജില്ലയില്‍ 1319 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 758 കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍.പി.എസ് വിഭാഗത്തിലെ 386 കാര്‍ഡുകളും എ.എ.വൈ വിഭാഗത്തിലെ 175 കാര്‍ഡുകളുമുണ്ട്.

കോട്ടയം താലൂക്കില്‍നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്-459 എണ്ണം. ചങ്ങാശേരി-214, കാഞ്ഞിരപ്പള്ളി-282, മീനച്ചില്‍-229, വൈക്കം-135 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം. നിരവധി പേര്‍ ഇനിയും അപേക്ഷ നല്‍കാനുണ്ട്.


Next Story

RELATED STORIES

Share it