Big stories

ബാബരി: ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നര്‍

ബാബരി: ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നര്‍
X

റഹീം നെട്ടൂര്‍


ബാബരി മസ്ജിദ് ധ്വംസനം മുസ്ലിംകളുടെ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരുടേയും മുഖത്തേറ്റ അടിയായിരുന്നു. ഓരോ ഇന്ത്യക്കാരനും നാണംകെട്ടിരിക്കുന്നുവെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞത് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള ലോകമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ബാബരിക്കു വേണ്ടി മുറവിളികൂട്ടി. കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുടെ പൊള്ളയായ ഗദ്ഗദങ്ങള്‍ മുസ്ലിംകളാരും തന്നെ അന്നും ഇന്നും വിശ്വസിച്ചിട്ടില്ല.

ബാബരി മസ്ജിദ് പൊളിച്ചതില്‍ പണ്ട് മുതല കണ്ണീരൊഴുക്കിയ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. രാജീവ് ഗാന്ധി വഴിയൊരുക്കി റാവുവിന്റെ ഒത്താശയോടെ പൊളിച്ച പള്ളിയുടെ ഭൂമിയില്‍ ക്ഷേത്രം പണിതതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുമില്ല. ലക്ഷക്കണക്കിനു രാമ ഭക്തരുടെ വികാരം മനസ്സിലാക്കുന്നുണ്ടെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണ്.

സമുദായത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ലീഗിനാവട്ടെ ബാബരി മസ്ജിദ് എന്നല്ല ഏതു മസ്ജിദ് തകര്‍ത്താലും അധികാരം ഒന്നു മാത്രമാണ് ലക്ഷ്യം. പള്ളിവക വഖ്ഫ് ഭൂമിയില്‍ പണിത ക്ഷേത്രത്തെ അംഗീകരിക്കുന്നുവെന്നാണ് ലീഗ് അധ്യക്ഷന്റെ നിലപാട്. കോണ്‍ഗ്രസ് മതേതര മുഖംമൂടി വലിച്ചെറിഞ്ഞു പ്രത്യക്ഷത്തില്‍ രാമഭക്തി തെളിയിച്ചതു പോലെ ഇപ്പോള്‍ ഇടതുപക്ഷവും രംഗത്തു വരുന്നതാണ് കാണാനാവുന്നത്. ബാബരി മസ്ജിദ് ധ്വംസനം ക്രിമിനല്‍ പ്രവര്‍ത്തി തന്നെയാണെന്ന് അവര്‍ പലവുരു പ്രസ്താവനയിറക്കുകയും വാതോരാതെ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. 2010ല്‍ അലഹാബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് ബാബരി ഭൂമി മൂന്നായി വിഭജിച്ചു വിധി പറഞ്ഞപ്പോഴും സിപിഎം ആര്‍ജ്ജവത്തോടെ പ്രതികരിച്ചിരുന്നു. കോടതി തെളിവുകള്‍ പരിശോധിച്ചല്ല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നു പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി. അപ്പീല്‍ കോടതി സത്യസന്ധമായ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും പി ബി അറിയിച്ചു.


എന്നാല്‍ 2019ല്‍ സുപ്രീം കോടതി ബാബരി മസ്ജിദ് നിന്ന ഭൂമിയടക്കം 2.77 ഏക്കര്‍ ഹിന്ദുത്വര്‍ക്കും പകരം അഞ്ചേക്കര്‍ വഖഫ് ബോര്‍ഡിനും കൊടുക്കാന്‍ തീര്‍പ്പു കല്‍പ്പിച്ചു വിധി പറഞ്ഞപ്പോള്‍ വിധിയെ മാനിക്കുകയാണ് അന്നു സിപിഎം ചെയ്തത്. അന്നു കോടതി വിധി തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നു പറയാന്‍ സിപിഎമ്മിനു നാവു പൊങ്ങിയിരുന്നില്ല. സുപ്രിം കോടതി കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു ഭയന്നിട്ടൊന്നുമല്ല 2019ല്‍ സുപ്രിം കോടതി വിധി വരുമ്പോള്‍ 1992ലെയോ 2010ലെയോ സാഹചര്യമല്ല ഇന്ത്യയിലുള്ളതെന്നു മനസ്സിലാക്കി കൊണ്ടു തന്നെയായിരുന്നു പി ബിയുടെ പ്രസ്താവന. ഇപ്പോള്‍ മസ്ജിദ് പൊളിച്ചിടത്തു പണിയുന്ന ക്ഷേത്രത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിനു സിപിഎം പറയുന്ന ന്യായീകരണമാണ് ബഹുരസം. ബിജെപി രാഷ്ട്രീയം കളിക്കുന്നതു കൊണ്ടാണു പങ്കെടുക്കാത്തതെന്നു തോന്നിപ്പോകും ഇവരുടെ പ്രതികരണം കണ്ടാല്‍. 1992ലെ ബാബരി ധ്വംസനം ക്രിമിനല്‍ കുറ്റമാണെന്നു പറഞ്ഞു നടന്നവര്‍ക്ക് അതു പ്രസംഗിച്ചു കൈയടിയും വോട്ടും നേടിയവര്‍ക്ക് ഇന്നത് ബിജെപിയുടെ രാഷ്ട്രീയ കളി മാത്രമായി മാറിയിരിക്കുന്നു. കോടതി വിധി പറഞ്ഞത് വിശ്വാസങ്ങളുടെ പുറത്താണ് തെളിവിന്റെ അടിസ്ഥാനത്തിലല്ല എന്ന് ഉറക്കെ പറഞ്ഞവര്‍ക്കിന്ന് പള്ളി പൊളിച്ചിടത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ചടങ്ങില്‍ പങ്കെടുക്കില്ല എന്നു നട്ടെല്ലു നിവര്‍ത്തി പറയാന്‍ കഴിയാതെ വന്നിരിക്കുന്നു.


മതപരമായ ചടങ്ങില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന സാങ്കേതികത്വം പാര്‍ട്ടി പറഞ്ഞൊഴിയുന്നു. ബിജെപി രാഷ്ട്രീയത്തെയും കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഒരു വരി കൊണ്ടു പോലും ബാബരി മസ്ജിദ് ധ്വംസനത്തെ കുറ്റപ്പെടുത്തുന്നില്ല. 2010ലെ അലഹാബാദ് കോടതി വിധി സംബന്ധിച്ച പിബി പ്രസ്താവനയില്‍ പോലും 1992ലെ ധ്വംസനം ക്രിമിനല്‍ കുറ്റമാണെന്നു കൂട്ടിച്ചേര്‍ത്തിട്ടുണ്ട് സിപിഎം. ഇപ്പോഴത്തെ പ്രസ്താവനയില്‍ ബാബരി മസ്ജിദ് ധ്വംസനം എന്ന വാക്ക് ഉരിയാടാതിരുന്നത് മറന്നുപോയതു കൊണ്ടൊന്നുമല്ല. ഇനിയതിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ്. ഇപ്പോള്‍ ഈ കുളിമുറിയില്‍ നഗ്‌നര്‍ പലരുമുണ്ടെന്നാണ് നാം മനസ്സിലാക്കേണ്ടത്. ലാലുവിന്റെയും ഉദയ്‌നിധി സ്റ്റാലിന്റെയുമെല്ലാം ആര്‍ജവമുള്ള നിലപാട് മറന്നുകൊണ്ടല്ല ഇതു പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ അജണ്ടയായ രാമക്ഷേത്ര വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളെ പോലും എത്ര അനായാസമായാണ് ബിജെപി വരുതിയില്‍ വരുത്തിയത് എന്നോര്‍ക്കുക.





Next Story

RELATED STORIES

Share it