Latest News

മൂന്നുവര്‍ഷത്തിനിടെ പാലക്കാട് ഡിവിഷനിലെ റെയില്‍പാളത്തില്‍ പൊലിഞ്ഞത് 1355 ജീവന്‍

ട്രാക്കുകളില്‍ അതിക്രമിച്ചു കടക്കല്‍, ആത്മഹത്യകള്‍, അപകടങ്ങള്‍ തുടങ്ങിയവയാണ് മരണങ്ങളുടെ കാരണം.

മൂന്നുവര്‍ഷത്തിനിടെ പാലക്കാട് ഡിവിഷനിലെ റെയില്‍പാളത്തില്‍ പൊലിഞ്ഞത് 1355 ജീവന്‍
X

തൃശൂര്‍: 2021 മുതല്‍ 2024 ജനുവരി വരെ പാലക്കാട് ഡിവിഷനിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് 1355 ജീവനുകള്‍. ട്രാക്കുകളില്‍ അതിക്രമിച്ചു കടക്കല്‍, ആത്മഹത്യകള്‍, അപകടങ്ങള്‍ തുടങ്ങിയവയാണ് മരണങ്ങളുടെ കാരണം. 2021ല്‍ ഡിവിഷനില്‍ ആകെ 292 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2022ല്‍ ഇത് കുത്തനെ ഉയര്‍ന്ന് 494ല്‍ എത്തി. 2023ല്‍ 541 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 2024 ജനുവരിയില്‍ ഇതുവരെ 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റെയില്‍വേ ട്രാക്കുകളിലേക്കുള്ള അനധികൃത കടന്നുകയറ്റങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ക്കുള്ള മുഖ്യകാരണം. 2021ല്‍ 171 മരണങ്ങള്‍ സംഭവിച്ചത് അതിക്രമിച്ചു കടക്കലിന്റെ ഫലമായാണ് റെയില്‍വേ കണക്കാക്കുന്നത്. ഇത് 2022ല്‍ 245 ആയും 2023ല്‍ 268 ആയും വര്‍ധിച്ചു.

റെയില്‍വേ പരിസരങ്ങളിലെ ആത്മഹത്യകളും പ്രധാന വെല്ലുവിളിയാണ്. 2021ല്‍ 44, 2022ല്‍ 63, 2023ല്‍ 67 എന്നിങ്ങനെയാണ് റെയില്‍വേ പാളങ്ങളിലെ ആത്മഹത്യകളുടെ കണക്ക്. ഡിവിഷനില്‍ ഉടനീളം കന്നുകാലികള്‍ ട്രാക്കില്‍ അപകടത്തില്‍പ്പെടുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020ല്‍ ഒന്‍പത് കന്നുകാലി അതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021ല്‍ 11 കേസുകളും 2022ല്‍ 18, 2023ല്‍ 28 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കന്നുകാലി ഉടമകളുടെ അശ്രദ്ധയും അതുമായി ബന്ധപ്പെട്ട അപകടങ്ങളും കന്നുകാലികള്‍ക്കും ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കും ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് ഡിആര്‍എം അരുണ്‍ കുമാര്‍ ചതുര്‍വേദി വിശദമാക്കി. കന്നുകാലികള്‍ ഓടിപ്പോകുന്നതുമൂലം ഈയിടെ ഒരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. 1989ലെ റെയില്‍വേ ആക്ട് പ്രകാരം നിയമാനുസൃതമായ അധികാരമില്ലാതെ ഏതെങ്കിലും വ്യക്തി റെയില്‍വേയുടെ ഏതെങ്കിലും ഭാഗത്തേക്ക് പ്രവേശിക്കുകയോ കടന്നുകയറുകയോ വസ്തുവകകള്‍ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കില്‍ വിട്ടുപോകാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ തടവ് ശിക്ഷ ലഭിക്കും. ശിക്ഷ ആറ് മാസം വരെ നീട്ടാം. അല്ലെങ്കില്‍ ആയിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിച്ചേക്കാമെന്ന് ഡിആര്‍എം അരുണ്‍ കുമാര്‍ ചതുര്‍വേദി വ്യക്തമാക്കി.

Next Story

RELATED STORIES

Share it