Latest News

ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട് നേതാക്കൾ രാജിവെച്ചു

ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട് നേതാക്കൾ രാജിവെച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എംഎല്‍എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നല്‍കിയത്. നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതലയാണ് ഉണ്ടായിരുന്നത്.

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇരുവരും രാജി നല്‍കിയത്. തന്റേയും ഡല്‍ഹിയില്‍നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാന്‍ഡ് എഎപിയുമായി സഖ്യമുണ്ടാക്കിയത്. ഇത് ഡല്‍ഹിയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കും. പാര്‍ട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും സ്ഥാനാര്‍ഥികളാക്കിയത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് ടിക്കറ്റിലെ എഎപിക്കാരനാണെന്നും നസീബ് സിങ്, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ആരോപിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള ദേവേന്ദ്ര യാദവ് ഇത്രയും കാലം ആം ആദ്മി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്കിവരികയായിരുന്നുവെന്നും ഡല്‍ഹി പിസിസിയുടെ ഇടക്കാല പ്രസിഡന്റ് എന്ന നിലയില്‍ ഇനി അദ്ദേഹത്തിന് അരവിന്ദ് കെജ്‌രിവാളിനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പുകഴ്‌ത്തേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏഴുവര്‍ഷമായി വിവിധ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ് എഎപി അവരുടെ മൂന്ന് പ്രധാന നേതാക്കള്‍ ജയിലിലാണ്. സഖ്യമുണ്ടാക്കുന്നതോടെ അഴിമതി ആരോപണങ്ങളില്‍ കോണ്‍ഗ്രസ്, എഎപിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ശ്രമിക്കുകയാണ്. എഎപിയുമായുള്ള സഖ്യം വലിയ അപമാനമായാണ് സാധാരണപ്രവര്‍ത്തകര്‍ കാണുന്നത്. എന്നാല്‍, ഹൈക്കമാന്‍ഡ് ഈ വികാരത്തോട് മുഖം തിരിക്കുകയാണെന്നും നീരജ് ബസോയ പറഞ്ഞു.

നേരത്തെ സമാനകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അരവിന്ദര്‍ സിങ് ലവ്‌ലി പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാറിന്റേയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജിന്റേയും സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഡല്‍ഹിയുടെ ചുമതലുള്ള ദീപക് ബബാരിയക്കെതിരേയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി മുന്‍മന്ത്രിയും എഐസിസി. അംഗവുമായ രാജ്കുമാര്‍ ചൗഹാനും ബബാരിയക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിവിട്ടിരുന്നു. അതേസമയം, അരവിന്ദര്‍ സിങ് ലവ്‌ലി അംഗത്വം രാജിവെക്കുകയോ പാര്‍ട്ടി വിടുകയോ ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it