Latest News

മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന്‍ ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍ കൂടി മരിച്ചു, ആകെ മരണസംഖ്യ 81 ആയി

മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന്‍ ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍ കൂടി മരിച്ചു, ആകെ മരണസംഖ്യ 81 ആയി
X

ഗുവാഹത്തി: മണിപ്പൂരിലെ നോനെ ജില്ലയില്‍ റെയില്‍വേ പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു. നിര്‍മാണ കമ്പനി ജീവനക്കാരുടെയും ഒരു സൈനികന്റെയും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവര്‍ അസമില്‍ നിന്നുള്ളവരാണെന്നും ശനിയാഴ്ച ടുപുലിലെ ടെറിട്ടോറിയല്‍ സൈനിക ക്യാംപ് സന്ദര്‍ശിച്ച അസം ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. 'ഒരു റെയില്‍വേ എന്‍ജിനീയറെയും അസമില്‍ നിന്നുള്ള മറ്റ് 11 നിര്‍മാണ ജീവനക്കാരെയും ഇപ്പോഴും കാണാതായിട്ടുണ്ട്. അസമില്‍ നിന്നുള്ള അഞ്ചുപേരെ രക്ഷപ്പെടുത്തി. അതില്‍ രണ്ട് പേര്‍ ആശുപത്രിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സാങ്കേതിക പിന്തുണയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച മണിപ്പൂരിലെ തുപുലില്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലില്‍ തകര്‍ന്ന ടെറിട്ടോറിയല്‍ ആര്‍മി ക്യാംപ് താന്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ താന്‍ വിലയിരുത്തി. ഇപ്പോഴും കാണാതായ ജവാന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മണിപ്പൂര്‍ മണ്ണിടിച്ചിലില്‍ ആകെ മരിച്ചവരുടെ എണ്ണം 81 ആയി ഉയര്‍ന്നു.

55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസമെടുക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വ്യക്തമാക്കി. മണിപ്പൂരിലെ നോനെ ജില്ലയിലുള്ള തുപുലില്‍ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുകയാണ്. നിര്‍മാണത്തൊഴിലാളികളും സുരക്ഷയൊരുക്കിയ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുമാണ് ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍പ്പെട്ടത്.

കരസേന, അസം റൈഫിള്‍സ്, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴയും തുടര്‍ച്ചയായ മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമാണ്. 13 ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളെയും 5 സാധാരണക്കാരെയും രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മണിപ്പുര്‍ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. അസമില്‍ 30 ജില്ലകളിലെ 2450 ഗ്രാമങ്ങളിലായി 30 ലക്ഷത്തിലധികം പേര്‍ പ്രളയദുരന്തത്തിന് ഇരയായി. ബ്രഹ്മപുത്ര ഉള്‍പ്പെടെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കേന്ദ്രസംഘം ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. മണിപ്പൂരിലെ ടുപുള്‍ ജനറല്‍ ഏരിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം ഇതുവരെ 24 പേരാണ് മരിച്ചത്. ജിരിബാം മുതല്‍ ഇംഫാല്‍ വരെയുള്ള നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ ലൈനിന്റെ സംരക്ഷണത്തിനായി ടുപുള്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ 107 ടെറിട്ടോറിയല്‍ ആര്‍മിയുടെ കമ്പനി സ്ഥലത്തിന് സമീപം ബുധനാഴ്ചയും വ്യാഴാഴ്ചയും രാത്രിയാണ് മണിപ്പൂരിലെ നോനി പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.

നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നടന്നുകൊണ്ടിരിക്കുന്ന ജിരിബാംഇംഫാല്‍ പുതിയ ലൈന്‍ പദ്ധതിയുടെ ടുപുള്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി നോര്‍ത്ത്ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ സിപിആര്‍ഒ അറിയിച്ചു. ഗുവാഹത്തി, ഇന്ത്യന്‍ ആര്‍മി, അസം റൈഫിള്‍സ്, ടെറിട്ടോറിയല്‍ ആര്‍മി, സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്), നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) എന്നിവ മണിപ്പൂരിലെ ടുപുലിലെ സംഭവസ്ഥലത്ത് നിരന്തരമായ തിരച്ചില്‍ തുടരുകയാണ്. പ്രളയം വന്‍നാശം വിതച്ച അസമില്‍ 6 കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 173 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it