Latest News

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ കടന്നുപോവുന്നത് കേരളത്തിലൂടെ

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ കടന്നുപോവുന്നത് കേരളത്തിലൂടെ
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മുംബൈകന്യാകുമാരി, തൂത്തുക്കുടികൊച്ചി, മൈസൂരുമലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോവുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

മുംബൈ- കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്ററാണ് കാസര്‍കോട് മുതല്‍ ആലപ്പുഴ വരെയുള്ള ഒമ്പത് ജില്ലകളിലൂടെ കടന്നുപോവുക. തൂത്തുക്കുടി- കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റര്‍ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരുമലപ്പുറം പദ്ധതി 72 കിലോമീറ്റര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയും കടന്നുപോവും.

റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രണ്ട് ഉദ്ഘാടനം ഉള്‍പ്പെടെ 15 പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടെയും നിര്‍ലോഭമായ പിന്തുണമൂലമാണ് സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കി റോഡ് വികസനം കേരളത്തില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചത്. ടൂറിസം പ്രധാന വരുമാന മാര്‍ഗമായ കേരളത്തില്‍ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ടൂറിസം വ്യവസായം മൂന്നിരട്ടി വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുകയും സര്‍ക്കാരിന് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും.

ഒരുപാട് ജനങ്ങള്‍ക്ക് സ്വന്തം കാറുകള്‍ ഉള്ളതും ഭൂമിവില കൂടിയതുമായ കേരളത്തില്‍ റോഡ് വികസനം സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിന് പരമപ്രധാനമാണ്. കേരളത്തിന്റെ ചെറുതും വലുതുമായ പല നഗരങ്ങളിലും 18 ബൈപാസുകളാണ് നിര്‍മിക്കുന്നത്. ആയിരം കോടി രൂപയാണ് ഇതിന് നീക്കിവച്ചത്. റോഡുകള്‍ക്ക് തുറമുഖവുമായി ഉള്ള കണക്ടിവിറ്റിയും ടൂറിസം വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കും. സംസ്ഥാനത്തെ ഗതാഗത മേഖല ഫോസില്‍ ഇന്ധനത്തില്‍ നിന്നും ഇലക്ട്രിക്, ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടു വച്ചു.

2025 ആകുന്നതോടെ കേരളത്തിലെ റോഡ് അടിസ്ഥാനസൗകര്യ വികസനം അമേരിക്കയുടേതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. കേരളത്തില്‍ ദേശീയപാത വികസനം എന്ന ചിരകാല അഭിലാഷം വലിയ ടീം വര്‍ക്കിന്റെ വിജയമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെയും ദേശീയപാതാ വികസന അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ വികസന സമീപനങ്ങളോട് വളരെയധികം അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. രണ്ട് റോഡുകളുടെ ഉദ്ഘാടനവും 13 റോഡ് പദ്ധതികള്‍ക്ക് ശിലയിടലും സംസ്ഥാന വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലേത്. അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കഠിനയത്‌നത്തിലാണ് കേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, എന്‍എച്ച്എഎല്‍ ഉന്നത ഉദ്യോഗസ്ഥരായ ബി എല്‍ മീണ, രജനീഷ് കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it