Latest News

അഭയകേസ്: ഫാ. കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതി

അഭയകേസ്: ഫാ. കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതി
X

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ഇരട്ടജീവപര്യന്തം വിധിച്ച് ഒരു വര്‍ഷം പോലും ജയിലില്‍ കിടക്കുന്നതിന് മുന്‍പ്, ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതി ഫാ. തോമസ് കോട്ടൂരിന്റെ വിടുതല്‍ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പ്, പ്രതി തോമസ് കോട്ടൂരിന് 139 ദിവസം സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിനു ശേഷം, ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ ശിക്ഷ ഇളവ് ചെയ്യുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പണവും സ്വാധീനവും അധികാരവുമുള്ള കുറ്റവാളികളെ കോടതി ശിക്ഷിച്ചാല്‍ പോലും പ്രതിക്ക് സൈ്വര്യവിഹാരം നടത്താമെന്ന് വന്നാല്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടും സര്‍ക്കാറിനോടുമുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

1992 മാര്‍ച്ച് 27നാണ് കൊലപാതകം നടന്നത്. പ്രതികള്‍ അന്വേഷണ ഏജന്‍സികളെയെല്ലാം സ്വാധീനിച്ച് കേസ് ആട്ടിമറിച്ച്, വിചാരണ നീട്ടിക്കൊണ്ടുപോയി. പിന്നീട് 28 വര്‍ഷം കഴിഞ്ഞാണ് അഭയ കേസിലെ പ്രതികളെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് കോടതി ശിക്ഷിച്ചത്. എന്നിട്ട് ഇപ്പോള്‍, പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞതിനാല്‍, സര്‍ക്കാര്‍ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ ആവശ്യം ഒരിക്കലും നീതീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിയെ ശിക്ഷ ഇളവ് ചെയ്ത് ജയിലില്‍ നിന്നും മോചിപ്പിക്കുന്നത്, ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അതുകൊണ്ട് ശിക്ഷ ഇളവ് ചെയ്യരുതെന്നും പോലിസ് നല്‍കിയ റിപോര്‍ട്ടിലും പറയുന്നു. ജയില്‍ വകുപ്പിന്റെ ആവശ്യപ്രകാരമാണ് കോട്ടയം ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it