Latest News

അഭിരാമിയുടെ ആത്മഹത്യ: കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്

അഭിരാമിയുടെ ആത്മഹത്യ: കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്
X

കൊല്ലം: വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന് വീഴ്ച പറ്റിയതായി റിപോര്‍ട്ട്. വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ വീഴ്ച പറ്റി. അഭിരാമിയുടെ അച്ഛന്‍ അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടീസ് നല്‍കിയതിലും വീഴ്ച പറ്റിയെന്ന് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാറിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു. വായ്പയെടുത്ത അജികുമാറിനനായിരുന്നു നോട്ടീസ് നല്‍കേണ്ടിയിരുന്നത്. മറ്റ് നടപടികളെല്ലാം സര്‍ഫാസി ആക്ട് പ്രകാരമാണെന്നാണ് റിപോര്‍ട്ടിലുള്ളത്.

നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ട് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കേരള ബാങ്കിന് കൈമാറി. അഭിരാമിയുടെ അച്ഛന്‍ അജികുമാറാണ് വായ്പയെടുത്തത്. എന്നാല്‍, അദ്ദേഹം സ്ഥലത്തുണ്ടായിട്ടും ജപ്തി നോട്ടീസ് അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് നല്‍കിയതില്‍ വീഴ്ച പറ്റി. മാത്രമല്ല, നോട്ടീസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ശശിധരന്‍ ആചാരി നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതെത്തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി (20)യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. അതേസമയം, റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പ്രതികരിത്തു. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയോ എന്ന് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it