Latest News

രാജ്യത്തെ 68 ശതമാനം കൊവിഡ് രോഗികളും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ 68 ശതമാനം കൊവിഡ് രോഗികളും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്തെ 68 ശതമാനത്തോളം കൊവിഡ് രോഗികളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ഇന്ന് തലസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സെക്രട്ടറി കണക്കുകള്‍ പുറത്തുവിട്ടത്.

ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളില്‍ 68 ശതമാനവും കേരളത്തിലാണ്. ഇപ്പോള്‍ 1.99 ലക്ഷം സജീവ രോഗികളുണ്ട് സംസ്ഥാനത്ത്. മഹാരാഷ്ട്ര, മിസോറം, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആകെ 10,000 കേസില്‍ താഴെയാണ് ഉള്ളത്. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഖിലേന്ത്യാതലത്തില്‍ കഴിഞ്ഞ 11 ആഴ്ചയായി 3 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ 64 ജില്ലകളില്‍ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു മുകളിലാണ്. ഈ ജില്ലകളില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍, നിരീക്ഷണം, മാസ്‌ക് ധരിക്കല്‍ തുടങ്ങി നിയന്ത്രണങ്ങള്‍ പാലിക്കണം- അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ഓക്‌സിജന്റെ അളവ് 4,500മെട്രിക് ടണ്ണിനു മുകളിലാക്കുന്നതിനുള്ള ശ്രമം തുടരുന്നുണ്ട്.

3,631 പ്രഷര്‍ സ്വിങ് അഡ്‌സോര്‍പ്ഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപയോഗിച്ച് 4,500 മെട്രിക് ടണ്ണില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

ഇതില്‍ 1,491 എണ്ണം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയാണ്. അതില്‍ നിന്ന് മാത്രം 2,220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിക്കും.

അടുത്ത മാസങ്ങളില്‍ രാജ്യത്ത് ഉല്‍സവകാലമാണെന്നും ഇത് രോഗവ്യാപനം തീവ്രമാക്കിയേക്കുമെന്നും ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും കുറവുണ്ട്. ഉല്‍വകാലവും ജനസാന്ദ്രതയും കൊവിഡ് വ്യാപനത്തിന് കാരണമായേക്കും. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിനുശേഷം നല്‍കേണ്ട ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

നിതി ആയോഗിന്റെ ഡോ. വി കെ പോളിന്റെ അഭിപ്രായത്തില്‍ മിസോറമാണ് മറ്റൊരു പരിഗണ അര്‍ഹിക്കുന്ന സംസ്ഥാനം. വരുന്ന 2-3 മാസം പ്രധാനമാണ്. ഡല്‍ഹി, ഹരിയാന, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it