Latest News

സൽമാൻ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാൾ കസ്റ്റഡിയിൽ ആത്മഹത്യചെയ്തു

സൽമാൻ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്:  പ്രതികളിലൊരാൾ കസ്റ്റഡിയിൽ ആത്മഹത്യചെയ്തു
X

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലിസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് തപന്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടനെ മുംബൈ ജിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെയാണ് മരണം.

അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രില്‍ 26 ന് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും പോലിസ് കസ്റ്റഡിയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.

ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിനുനേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലിസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ടായിരുന്നു.

ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിര്‍മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണം. പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍.

വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലിസ് പറഞ്ഞിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍. സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം.

Next Story

RELATED STORIES

Share it