Latest News

റേഷന്‍ കാര്‍ഡിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

റേഷന്‍ കാര്‍ഡിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ചികില്‍സാ ആനുകൂല്യങ്ങള്‍ക്കായി പുതിയ റേഷന്‍ കാര്‍ഡുണ്ടാക്കുന്നതിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷ നല്‍കാനെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും അപേക്ഷ അകാരണമായി നിരസിക്കുകയും ചെയ്ത മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇടവ ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

ഇടവാ ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാര്‍, ഹെഡ് ക്ലാര്‍ക്ക് വിനോദ്കുമാര്‍, സെക്ഷന്‍ ക്ലാര്‍ക്ക് സലീന എന്നിവര്‍ നടത്തിയ അധികാര ദുര്‍വിനിയോഗം അന്വേഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇടവ എ കെ ജി നഗര്‍ സ്വദേശിനി എ. ബിനുമോള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2021 ആഗസ്ത് 9 ന് ഇടവാ പഞ്ചായത്ത് ഓഫിസില്‍ പരാതിക്കാരി അപേക്ഷ നല്‍കിയതു മുതല്‍ ഉദ്യോഗസ്ഥരുടെ പീഡനം ആരംഭിച്ചതായി പരാതിയില്‍ പറയുന്നു. പരാതിക്കാരിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഗസ്ത് 31 ന് അപേക്ഷ നിരസിച്ചു. പരാതിക്കാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കോടതി വ്യവഹാരത്തിലാണെന്ന ന്യായം പറഞ്ഞാണ് അപേക്ഷ നിരസിച്ചത്.

ഇടവാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടിട്ടും റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലയില്‍ നല്‍കിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരി റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരി നല്‍കിയ അപേക്ഷയില്‍ കെട്ടിട നമ്പറില്‍ വ്യത്യാസമുണ്ടായിരുന്നതു കൊണ്ടാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കാലതാമസമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, കെട്ടിട നമ്പറില്‍ വ്യത്യാസമില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വാര്‍ഡ് വിഭജനത്തിന് മുമ്പും ശേഷവുമുള്ള നമ്പറുകളാണിത്. തുടര്‍ന്ന് കമ്മീഷന്‍ മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും കേട്ടു. എന്നാല്‍, ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ കമ്മീഷന്‍ അംഗീകരിച്ചില്ല. പരാതിക്കാരിയുടെ വീടുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി പരാതിക്കാരിക്ക് അനുകൂലമാണ്. കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇടക്കാല ഉത്തരവ് നിലവിലില്ല.

പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദാര്യം കാരണമാണ് പരാതിക്കാരിക്ക് റേഷന്‍കാര്‍ഡ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കമ്മീഷന്‍ വിലയിരുത്തി. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒക്ടോബര്‍ 12 നകം പഞ്ചായത്ത് ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 18ന് കേസ് പരിഗണിക്കും.

Next Story

RELATED STORIES

Share it