Latest News

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പോലിസ് അറസ്റ്റു ചെയ്തു. സിനിമ പുഷ്പ 2 വിന്റെ റിലീസിനിടെ സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പോലിസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലിസ് കാവലിലാണ് അല്ലു അര്‍ജുന്റെ അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നടന്റെ വസതിയിലെത്തിയാണ് അറസ്റ്റ്.

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി മരിച്ചത്. ഡിസംബര്‍ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീണു. തിരക്ക് കൂടിയതിനേ തുടര്‍ന്ന് ആളുകള്‍ ഇവരുടെ പുറത്തേക്ക് വീണതോടെ രേവതിയുടെ സ്ഥിതി വഷളാവുകയായിരുന്നു. അപകടത്തില്‍ ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കും പരിക്കുണ്ട്.

സിനിമാ റിലീസിന്റെ ഭാഗമായി നിരവധി ആളുകള്‍ തിയേറ്റര്‍ പരിസരത്തുണ്ടടായിരുന്നു. ഇതിനിടെ സിനിമയിലെ നായകനായ അല്ലു അര്‍ജുനും കുടുംബവും സംവിധായകന്‍ സുകുമാറും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ തിരക്ക് കൂടുകയായിരുന്നു. തിരക്ക് കൂടിയതോടെ രംഗം നിയന്ത്രിക്കാന്‍ പോലിസ് ലാത്തി വീശി. ഇതിനേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിയേറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പോലിസിനെയും അറിയിച്ചിരുന്നെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹരജി. നിലവില്‍ സംഭവത്തില്‍ തിയേറ്റര്‍ ഉടമയടക്കം 3 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടം നടന്ന സന്ധ്യ തിയറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജു, മാനേജര്‍ വിജയ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

Next Story

RELATED STORIES

Share it