Latest News

നടന്‍ മധുവിന് പിറന്നാള്‍; ആശംസകളുമായി മന്ത്രിയും സ്പീക്കറും

നടന്‍ മധുവിന് പിറന്നാള്‍; ആശംസകളുമായി മന്ത്രിയും സ്പീക്കറും
X

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ 89ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവനും നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകള്‍ നേര്‍ന്നത്.

ഇന്നാണ് നടന്‍ മധുവിന് 89 വയസ് പൂര്‍ത്തിയായത്. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ മന്ത്രി വി എന്‍ വാസവന്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ലാഭനഷ്ടങ്ങള്‍ നോക്കാതെ കലാമൂല്യം നോക്കിയ നിര്‍മാതാവ്, വ്യത്യസ്തത ആഗ്രഹിച്ച സംവിധായകന്‍, മണ്ണിനെ സ്‌നേഹിച്ച മികച്ച കര്‍ഷകന്‍, കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ അഭിനേതാവ് ഇങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ വെന്നിക്കൊടി നാട്ടിയ അപൂര്‍വ പ്രതിഭയാണു നടന്‍ മധുവെന്നും നവരസങ്ങള്‍ ചാലിച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടന വിസ്മയത്തിന് ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ നേരുന്നതായും മന്ത്രി പറഞ്ഞു.


വൈകിട്ട് അഞ്ചു മണിയോടെയാണ് നിയമസഭാ സ്പീക്കര്‍ എത്തിയത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച സ്പീക്കര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പൂച്ചെണ്ടും കൈമാറി. തുടര്‍ന്നു പരസ്പരം വിശേഷങ്ങള്‍ പറഞ്ഞു പത്തു മിനിറ്റോളം കൂടിക്കാഴ്ചയും. രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക രംഗത്തെ മറ്റു നിരവധി പ്രമുഖരും ഇന്നലെ അദ്ദേഹത്തിന്റെ വസതിയില്‍ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it