Latest News

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ അധിക്ഷേപിച്ചെന്ന ആരോപണം: ഖേദം പ്രകടിപ്പിച്ച് നടന്‍ സിദ്ധാര്‍ഥ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് സൈന കുറിച്ച ട്വീറ്റിനെതിരേ നടന്‍ സിദ്ധാര്‍ഥ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്.

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ അധിക്ഷേപിച്ചെന്ന ആരോപണം: ഖേദം പ്രകടിപ്പിച്ച് നടന്‍ സിദ്ധാര്‍ഥ്
X

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെതിരേ നടത്തിയ ട്വീറ്റ് സ്ത്രീവിരുദ്ധമാണെന്ന ആരോപണത്തിനു പിന്നാലെ മാപ്പു പറഞ്ഞ് നടന്‍ സിദ്ധാര്‍ഥ്. സ്ത്രീയെന്ന രീതിയില്‍ സൈനയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സൈന നെഹ്‌വാളിനോടു മാപ്പ് പറയുന്നതായും സിദ്ധാര്‍ഥ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് സൈന കുറിച്ച ട്വീറ്റിനെതിരേ നടന്‍ സിദ്ധാര്‍ഥ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. കഴിഞ്ഞയാഴ്ച പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ ആശങ്കയറിയിച്ചായിരുന്നു സൈന നെഹ്‌വാള്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരിച്ചതാണ് സിദ്ധാര്‍ഥിനു വിനയായത്.

എന്നാല്‍ താന്‍ തമാശരൂപേണയുള്ള പ്രതികരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും ആളുകള്‍ വ്യാഖ്യാനിച്ചതുപോലുള്ള അര്‍ഥതലങ്ങള്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു. സിദ്ധാര്‍ഥ് ക്ഷമ ചോദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഈ സംഭവം വൈറലാകാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നുമായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സൈന നെഹ്‌വാളിന്റെ പ്രതികരണം.

സൈനയോടു പരസ്യമായി ക്ഷമ ചോദിച്ച് സിദ്ധാര്‍ഥ് കുറിച്ച കത്ത് ഇങ്ങനെയാണ്.

'പ്രിയപ്പെട്ട സൈന, താങ്കള്‍ കുറച്ചു ദിവസം മുന്‍പു കുറിച്ച ട്വീറ്റിനു മറുപടിയായി ഞാന്‍ കുറിച്ച പരുഷമായ തമാശയില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. നിങ്ങളുമായി പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളുടെ പ്രതികരണം വായിച്ചപ്പോള്‍ എനിക്കുണ്ടായ വിഷമമോ ദേഷ്യമോ എന്റെ വാക്കുകളെയോ അതിന്റെ ഭാവത്തെയോ ന്യായീകരിക്കാന്‍ ഉതകുന്നതല്ല. എനിക്ക് അതിനെക്കാള്‍ മികച്ച സ്വഭാവമാണ് ഉള്ളതെന്നാണ് ഞാന്‍ കരുതുന്നത്.

തമാശയുടെ കാര്യമെടുത്താല്‍, ഒരു തമാശ വിശദീകരിച്ചു കൊടുക്കേണ്ടി വന്നാല്‍ അതൊരു നല്ല തമാശയല്ലെന്നു തന്നെ ആദ്യമേ പറയേണ്ടി വരും. ആ മോശം തമാശയുടെ പേരില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ പല ഭാഗത്തുനിന്നുമുള്ള നിരവധി വ്യക്തികള്‍ ചാര്‍ത്തിത്തന്നതു പോലെ ദോഷകരമായ ഒരര്‍ഥവും എന്റെ വാക്കുകളില്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഞാന്‍ ഒരു ഉറച്ച ഫെമിനിസ്റ്റ് അനുഭാവിയാണ്.

ഈ ട്വീറ്റില്‍ ലിംഗപരമായ യാതൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരു സ്ത്രീയെന്ന രീതിയില്‍ നിങ്ങളെ ആക്രമിക്കാന്‍ ഒരുദ്ദേശവും ഉണ്ടായിരുന്നില്ല എന്നും ഞാന്‍ ഉറപ്പു തരുന്നു. നമുക്ക് ഈ വിഷയം മറക്കാമെന്നും ഈ കത്ത് താങ്കള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ എന്നും എന്റെ ചാംപ്യനാണ്.' സിദ്ധാര്‍ഥ് സൈന നെഹ്‌വാളിനെ ടാഗ് ചെയ്തു കുറിച്ച ട്വീറ്റില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it