Latest News

ലക്ഷദ്വീപിനെ ഹിന്ദുത്വ അജണ്ടയിലേക്ക് നയിച്ച് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍

ലോകമാസകലം നടമാടുന്ന മുസ് ലിംകള്‍ക്കെതിരായ വംശീയ അതിക്രമങ്ങളില്‍ സക്രിയമായി ഇടപെടുന്ന മലയാളി മുസ് ലിം സമൂഹ മാധ്യമ പ്രൊഫൈലുകളില്‍, കേരളത്തോടടുത്ത് കിടക്കുന്ന ലക്ഷദ്വീപിലെ, മോദി ഭക്തനായ പുതിയ ഭരണാധികാരിയുടെ വംശവെറിയും അതിക്രമങ്ങളും പ്രത്യക്ഷമാകുന്നില്ലെന്നത് അത്ഭുതകരമാണ്. ചില സമൂഹ മാധ്യമക്കുറിപ്പുകളിലും ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകളിലുമായി ന്യൂനീകൃതമാവേണ്ടതല്ല ഇത്

ലക്ഷദ്വീപിനെ ഹിന്ദുത്വ അജണ്ടയിലേക്ക് നയിച്ച് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍
X

എന്‍. എം സിദ്ദീഖ്

അങ്ങേയറ്റം കടുത്ത സംഘി പരീക്ഷണങ്ങള്‍; വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, എന്നിങ്ങനെ തലതിരിഞ്ഞ പുത്തന്‍ നയങ്ങള്‍ നടപ്പാക്കാന്‍ വെമ്പുന്ന ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, മോദിയുടെ ഉറ്റ അനുയായി, ദ്വീപസമൂഹങ്ങളെ, 99 ശതമാനം വരുന്ന മുസ്ലിംകളെ, അവരുടെ തനത് സംസ്‌കാരത്തെ അപ്പാടെ തകര്‍ക്കുകയാണ്. ലോകമാസകലം വംശീയ ഭരണകൂടങ്ങള്‍ പ്രയോഗിക്കുന്ന സമസ്ത തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ലക്ഷദ്വീപിലെ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്നത്. പൊതുവെ സമാധാനപ്രിയരായ, കലാപോന്മുഖതയില്ലാത്ത, നവജാഗരണ മുന്നേറ്റങ്ങള്‍ പരിചിതമല്ലാത്ത, നിഷ്‌കളങ്കരായ ദ്വീപിലെ ഇസ്ലാംമത വിശ്വാസികള്‍, വിശിഷ്യാ പുതുതലമുറ കടുത്ത അങ്കലാപ്പിലും ഭീതിയിലുമാണ്.

ലക്ഷദ്വീപില്‍ നിന്ന് കടല്‍ കടന്നെത്തുന്ന ഭീതിദമായ വാര്‍ത്തകള്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, തെക്ക് പടിഞ്ഞാറ്, അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപ്. രാജ്യത്ത് മിസൈല്‍ ബേസ് ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ തന്ത്രപ്രധാന ഭൂഭാഗം. ലക്ഷദ്വീപില്‍ 36ല്‍ പതിനൊന്ന് ദ്വീപുകളിലാണ് ജനവാസമുള്ളത്. ആകെ 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം. ജനസംഖ്യ 65000 മാത്രം. 99 ശതമാനവും മുസ്ലിംകള്‍ ജീവിക്കുന്ന, പ്രശാന്ത സുന്ദരമായ ലക്ഷദ്വീപ് പവിഴദ്വീപുകള്‍ ഇന്ത്യയിലെ ഏറ്റവും സമാധാനം നിറഞ്ഞ ഭൂപ്രദേശമാണ്. പാമ്പും കാക്കയും പട്ടിയുമില്ലാത്ത, ക്രിമിനല്‍ കേസുകളും കള്ളന്മാരുമില്ലാത്ത, മദ്യമില്ലാത്ത ലക്ഷദ്വീപ്. പട്ടികവര്‍ഗ പ്രദേശമായി പ്രത്യേക പരിഗണന നേടുന്ന നാട്.

പക്ഷേ ഇപ്പോള്‍, ലക്ഷദ്വീപ് കടുത്ത ഉള്‍ക്ഷോഭത്താല്‍ ഏറെ അശാന്തമാണ്. മുമ്പ് മൂന്ന് തവണ ലേഖകന്‍ വിവിധ ദ്വീപുകള്‍ സന്ദര്‍ശിച്ചപ്പോഴും കപ്പല്‍ യാത്രാനുഭവങ്ങളില്‍, ഹൃദ്യമായി സ്വീകരിക്കപ്പെട്ട ദ്വീപുകളില്‍, അവരുടെ സമൂഹ ഭവനങ്ങളില്‍, പരമ്പരാഗത കലകളുടെ അവതരണങ്ങളില്‍, തനത് രുചികളുടെ സല്‍ക്കാരങ്ങളില്‍, മുസ്ലിം മുക്കുവരോടൊപ്പം കടലില്‍ ട്യൂണവേട്ടക്ക് പോയപ്പോള്‍, അനുഭവേദ്യമായ പ്രശാന്തത, നഗരത്തിരക്കുകളില്‍ നിന്ന്, കാപട്യങ്ങളില്‍ നിന്ന് ഹ്രസ്വമായ മാറിനില്‍ക്കലായിരുന്നു.

2020 ഡിസംബര്‍ ആദ്യമാണ് അസ്വാസ്ഥ്യങ്ങളുടെ തുടക്കം. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ നാലിന് മരണപ്പെട്ടതോടെയാണ് ദ്വീപിലെ സ്ഥിതിഗതികള്‍ മാറിമറിയുന്നത്. ദിനേശ്വര്‍ ശര്‍മയ്ക്ക് പകരം ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രധാനമന്ത്രി മോദി ചുമതലപ്പെടുത്തിയത് തന്റെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തര വകുപ്പുമന്ത്രിയും ദാദ്ര ആന്‍ഡ് നഗര്‍ഹവേലി അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെയാണ്.

ലക്ഷ്യം തനത് മുസ്ലിം ജീവിതം തകര്‍ക്കല്‍

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും ദ്വീപില്‍ നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 99 ശതമാനവും മുസ്ലിംകള്‍ അധിവസിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമായ ദ്വീപിനെ തകര്‍ത്തു തരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ലക്ഷദ്വീപ് ജനത ഇന്ന് പൊറുതിമുട്ടുകയാണ്. പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തന്റെ അധികാരം ഉപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും നിഷ്‌കളങ്കരും സമാധാനകാംക്ഷികളുമായ ഒരു ജനതയെയുമാണ്.

ആരാണ് പ്രഫുല്‍ പട്ടേല്‍?

2010ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ ഖേഡ പട്ടേല്‍ 2020 ഡിസംബര്‍ അഞ്ചിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. ദാദ്ര, നഗര്‍ഹവേലി, ദാമന്‍, ദിയു അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായി അധിക ചുമതലയേല്‍ക്കുകയായിരുന്നു. നാളിതുവരെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിക്കപ്പെട്ടിരുന്നത്. പ്രഫുല്‍ പട്ടേല്‍ മോദിയുടെ വിശ്വസ്തനായ ഒരു ബി ജെ പി രാഷ്ട്രീയ നേതാവാണ്.

35 വര്‍ഷം ദാദ്ര, നഗര്‍ഹവേലി, ദാമന്‍, ദിയു പാര്‍ലമെന്റംഗമായിരുന്ന മോഹന്‍ഭായ് സന്‍ജിഭായ് ഡെല്‍ക്കര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ദക്ഷിണ മുംബൈ മറൈന്‍ ഡ്രൈവിലെ സീഗ്രീന്‍ ഹോട്ടലില്‍ മുറിയെടുത്ത് അവിടെ വച്ച് ആത്മഹത്യ ചെയ്തിരുന്നു. 15 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിനുത്തരവാദി പ്രഫുല്‍ പട്ടേലും പിണിയാളുകളുമാണെന്ന് മോഹന്‍ ഡെല്‍ക്കര്‍ എഴുതി വച്ചിരുന്നു. മോഹന്‍ ഡെല്‍ക്കറുടെ മരണത്തില്‍ പ്രഫുല്‍ പട്ടേലുള്‍പ്പെടെയുള്ളവരുടെ പങ്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ദേശ് മുഖ് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. മോഹന്‍ ഡെല്‍ക്കറുടെ മരണത്തെത്തുടര്‍ന്ന് പ്രഫുല്‍ പട്ടേലടക്കം ഒമ്പത് പേര്‍ക്കെതിരേ മുംബൈ പോലിസ് കേസെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ ശിവസേനാംഗം വിനായക് റാവത്തും ജനതാദള്‍ യുണൈറ്റഡിലെ എം പി കൗശലേന്ദ്ര കുമാറും മോഹന്‍ ഡെല്‍ക്കറുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വിമതശബ്ദങ്ങളോട് അസഹിഷ്ണുത

അഡ്മിനിസ്ട്രേറ്ററായി ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേല്‍ കണ്ടത് ദ്വീപിലെ ജനങ്ങള്‍ നേരത്തെ പൗരത്വ ബില്ലിനെതിരേ സ്ഥാപിച്ച മോദിക്കെതിരായ എന്‍ ആര്‍ സി, സി എ എ വിരുദ്ധ ബോര്‍ഡുകളായിരുന്നു. ഇതു കണ്ട് കലിപൂണ്ട മോദി ഭക്തനായ പ്രഫുല്‍ പട്ടേല്‍ ആദ്യം ചെയ്തത് ആ ബോര്‍ഡ് സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യാനുത്തരവിടുകയായിരുന്നു. പിന്നീട് ദ്വീപിനോട് ശത്രുതാപരമായ മനോഭാവം പുലര്‍ത്തിയ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ സാമൂഹികാന്തരീക്ഷത്തെ ഒന്നൊന്നായി തകര്‍ക്കുകയായിരുന്നു.

കൊവിഡ് വ്യാപനം

നിരവധി വിവാദങ്ങളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലക്ഷദ്വീപിലെത്തിയത് പോലും ദ്വീപ് ജനത അന്നോളം കാത്തുസൂക്ഷിച്ചിരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. കൊറോണ വ്യാപനത്തില്‍ ഏറക്കുറെ പിടിച്ചുനിന്ന കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം സംഭവിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചത് കൊണ്ടായിരുന്നു. കരയില്‍നിന്ന് ദ്വീപിലെത്തുന്നവരെ കൊച്ചിയിലും ദ്വീപിലുമായി 14 ദിവസം കര്‍ശനമായി ക്വാറന്റൈന്‍ ചെയ്താണ് ദ്വീപില്‍ കൊവിഡിനെ തടഞ്ഞിരുന്നത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ 48 മണിക്കൂറിനകത്തെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന് ഇളവായി. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിലും 5000 വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ദ്വീപില്‍ 14 മരണങ്ങളും സംഭവിച്ചു.

ഗോവധം നിരോധിക്കുന്നു, ദ്വീപില്‍ മദ്യമൊഴുക്കുന്നു

ദ്വീപ് ജനതയുടെ വിശ്വാസ-ജീവിത രീതികളെ പ്രകോപിപ്പിക്കുന്നതായിരുന്നു പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍. ദ്വീപ് വാസികളെല്ലാം മുസ്ലിംകളായതിനാല്‍ വിശ്വാസ കാരണങ്ങളാല്‍ ദ്വീപില്‍ പണ്ടേ മദ്യനിരോധനമായിരുന്നു. അത് എടുത്തുമാറ്റിയ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ മദ്യമൊഴുക്കാന്‍ തീരുമാനിച്ചു. തലസ്ഥാനമായ കവരത്തിയിലും കടമത്തും വിദേശ മദ്യ ബാറുകള്‍ തുറന്നു. അത് ഒരിക്കലും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായല്ലാ, മറിച്ച് ദ്വീപ് ജനതയുടെ വിശ്വാസങ്ങള്‍ക്ക് പോറലേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു.

തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ രണ്ട് പരിഷ്‌കാരങ്ങളും ദ്വീപ് ജനതയുടെ ഭക്ഷണ ശൈലിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരങ്ങള്‍ പാടെ ഒഴിവാക്കി. ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പാക്കുന്നതിനുള്ള നടപടികളും പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്നു.

പശുക്കളെ കശാപ്പ് ചെയ്താല്‍ പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും പ്രഖ്യാപിക്കാനുള്ള നീക്കമാണ് പ്രഫുല്‍ പട്ടേല്‍ പിന്നീട് നടത്തിയത്. ആടിനെ കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. മാംസാഹാരം ഭക്ഷ്യശീലങ്ങളുടെ ഭാഗമായ മുസ്ലിംകള്‍ മാത്രമുള്ള ഒരു പ്രദേശത്താണ് മാംസനിരോധനവും നിയന്ത്രണവും കൊണ്ടുവരാന്‍ ഒരു ഭരണാധികാരി ശ്രമിക്കുന്നത്.

ഗുണ്ടാ ആക്ട്

അക്രമം, കൊലപാതകം, മോഷണം, അടിപിടി, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങി യാതൊരുവിധ ക്രിമിനല്‍ സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് പറയാന്‍ കഴിയുന്ന കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ദ്വീപിലെ ഒഴിഞ്ഞുകിടക്കുന്ന ജയിലും ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത പോലിസ് സ്റ്റേഷനും പുറത്തുനിന്നെത്തുന്നവര്‍ക്ക് ഏറെ കൗതുകകരമായ ഒന്നാണ്.

അവിടെ അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി നടപ്പിലാക്കിയ നിയമ പരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കുക എന്നതായിരുന്നു. ബി ജെ പി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം അമര്‍ച്ച ചെയ്യുക എന്നതാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് ലക്ഷ്യം വയ്ക്കുന്നതാരെ എന്ന ചോദ്യത്തിന് ഉത്തരമില്ല. എന്‍ ആര്‍.സി- സി എ എ വിരുദ്ധ ബോര്‍ഡ് വച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും നിയമം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ കൊണ്ടുവന്ന കരട് നിയമം അക്ഷരാര്‍ഥത്തില്‍ ദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അട്ടിമറിക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്നതെന്നതാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ ഏറെ വികേന്ദ്രീകൃതമായ ദ്വീപിലെ പ്രാദേശിക രാഷ്ട്രീയത്തെ പൊളിച്ചെഴുതാനാണ് നിയമം കൊണ്ടുവന്നതെന്നാണ് ദ്വീപ് നിവാസികള്‍ കരുതുന്നത്.

തൊഴില്‍ നിഷേധിക്കുന്ന വംശീയത

ഇതിനിടെ ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന നിരവധി തദ്ദേശീയ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും 38ഓളം അങ്കണവാടികള്‍ അടച്ചു പൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചു വിട്ടു. മൃഗസംരക്ഷണ-കാര്‍ഷിക വകുപ്പുകളില്‍ നിന്ന് ഒട്ടേറെപ്പേരെ പിരിച്ചു വിട്ടു.

ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് പൊളിച്ചു മാറ്റി. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ പ്രത്യേക ഇളവനുസരിച്ച് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു നീക്കിയത്. വലിയ നഷ്ടങ്ങളാണ് ഇത് മൂലം തൊഴിലാളികള്‍ക്കുണ്ടായത്.

സാമ്പത്തിക വെല്ലുവിളി

ദ്വീപുകാര്‍ വര്‍ഷങ്ങളായി ഉപ്പും തേങ്ങയും മീനുമൊഴികെ മറ്റെല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും ചരക്കു ഗതാഗതത്തിനും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്ത് നിന്ന് മാത്രം ഇനി മുതല്‍ ഉരുക്കളില്‍ ചരക്കിറക്കണമെന്ന തീരുമാനവും പുതിയ ഭരണാധികാരി കൈക്കൊണ്ടിരിക്കുന്നു. ലക്ഷദ്വീപുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ബേപ്പൂരിന്റെ സമ്പദ്ഘടനയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഇത്തരം തീരുമാനം. പ്രാദേശിക പഞ്ചായത്തുകള്‍ കൈകാര്യം ചെയ്തിരുന്ന ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, മല്‍സ്യ ബന്ധനം, മൃഗസംരക്ഷണം തുടങ്ങി ജീവത്തായ വകുപ്പുകളിലെ അധികാരം അഡ്മിനിസ്ട്രേറ്റര്‍ കൈയേറി.

മുസ്ലിംകളെ പാപ്പരാക്കുന്ന വികസന അജണ്ട

വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ നിലവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കവും നടന്നു വരുന്നുണ്ട്. നിലവില്‍ ഒട്ടേറെ നിയന്ത്രിതമായി നടക്കുന്ന വിനോദ സഞ്ചാരത്തെ ദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ വിപുലമാക്കാനും പദ്ധതിയുണ്ട്.

വിവിധങ്ങളായ പ്രതിസന്ധികളോട് പൊരുതി, കടലിനോട് മല്ലിട്ട്, പതിറ്റാണ്ടുകള്‍ കൊണ്ട് ജീവിതം മെനഞ്ഞവരാണ് ദ്വീപിലെ സാധാരണക്കാരായ ജനങ്ങള്‍. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടില്‍ ബുദ്ധമതക്കാര്‍ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടു മുതല്‍ ദ്വീപ് മുസ്ലിം സ്വാധീനത്തിലായി. 1498ല്‍ പോര്‍ചുഗീസുകാര്‍ അവിടെ ഒരു കോട്ട സ്ഥാപിച്ചെങ്കിലും നാട്ടുകാര്‍ അവരെ ഒഴിപ്പിച്ചു. 1787ല്‍ അമിനി, കടമത്, കില്‍താന്‍, ചെത്തിലാത്, ബിത്ര ദ്വീപുകള്‍ ടിപ്പു സുല്‍ത്താന്റെ ആധിപത്യത്തിന് കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനു ശേഷം ടിപ്പു സുല്‍ത്താന്റെ ദ്വീപ് ഭരണം അവസാനിച്ചു.

മത്സ്യബന്ധനവും കൃഷിയും ജീവിതായോധനമാക്കിയ, വൈവിധ്യമാര്‍ന്ന സംസ്‌കാരവും കലാരൂപങ്ങളും ആചാരങ്ങളും ജീവിതചര്യകളുമായി ജിവിച്ചു പോരുന്ന അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട സാധാരണ മനുഷ്യരാണ് ദ്വീപുകാര്‍. അവരെ യാതൊരു യുക്തിയുമില്ലാത്തതും ക്രൂരവുമായ നിയമ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം വര്‍ഗീയമായി അമര്‍ച്ച ചെയ്യുകയാണ്. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ ശബ്ദങ്ങള്‍ രാജ്യത്ത് ഉയരേണ്ടിയിരിക്കുന്നു. ഈയിടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ ചില പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട് ലക്ഷദ്വീപില്‍.

Next Story

RELATED STORIES

Share it