Latest News

23 ദിവസം കഴിഞ്ഞത് മാങ്ങയും തേങ്ങയും കഴിച്ച്; വനത്തിലൊളിച്ച കമിതാക്കള്‍ പിടിയില്‍

ഇരുവരും കാട്ടുകിഴങ്ങുകളും സമീപത്തെ പുരയിടങ്ങളില്‍നിന്നും കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവയും ശേഖരിച്ചു ഭക്ഷിച്ചാണ് വനത്തില്‍ കഴിഞ്ഞിരുന്നത്. പാറയിലും മരച്ചുവട്ടിലുമായാണ് താമസിച്ചത്.

23 ദിവസം കഴിഞ്ഞത് മാങ്ങയും തേങ്ങയും കഴിച്ച്;   വനത്തിലൊളിച്ച കമിതാക്കള്‍ പിടിയില്‍
X

കോട്ടയം: മൂന്നാഴ്ചയിലേറെ വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കള്‍ പിടിയിലായി. കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് 23 ദിവസത്തെ വനവാസത്തിനുശേഷം നാട്ടുകാരുടെ പിടിയിലായത്. പോലിസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരികയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍നിന്ന് തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്നവഴി ഇരുവരും പോലിസിന് മുന്നില്‍പെടുകയായിരുന്നു. ഇതോടെ രണ്ടുപേരും രണ്ടു ദിക്കിലേക്ക് ഓടി. ഓടിത്തളര്‍ന്ന പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി. തീര്‍ത്തും അവശനിലയിലായിരുന്ന പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്നെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലിസിന് കൈമാറുകയായിരുന്നു. കുടയത്തൂര്‍വഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.

മരംകയറ്റത്തൊഴിലാളിയായ അപ്പുക്കുട്ടന്‍ ഏതാനുംമാസം മുമ്പാണ് കുമളിയിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ സണ്‍ഡേ സ്‌കൂളിനുപോയ പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു. വീട്ടുകാര്‍ കുമളി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചത്.

ഇരുവരും കാട്ടുകിഴങ്ങുകളും സമീപത്തെ പുരയിടങ്ങളില്‍നിന്നും കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവയും ശേഖരിച്ചു ഭക്ഷിച്ചാണ് വനത്തില്‍ കഴിഞ്ഞിരുന്നത്. പാറയിലും മരച്ചുവട്ടിലുമായാണ് താമസിച്ചത്. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അപ്പുക്കുട്ടന്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു. സ്ത്രീകളെ വലയില്‍ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നുകളയുകയാണ് ഇയാളുടെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. 2 വര്‍ഷം മുന്‍പ് ചിങ്ങവനത്തുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നു ഇന്നു പീരുമേട് കോടതിയില്‍ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിലും ഹാജരാക്കും.

Next Story

RELATED STORIES

Share it