Latest News

മുടി കൊഴിച്ചിലിനു പിറകെ, നഖം പൊഴിഞ്ഞു പോകല്‍; വീണ്ടും ആശങ്കയില്‍ മഹാരാഷ്ട്രയിലെ ബുല്‍ദാന

മുടി കൊഴിച്ചിലിനു പിറകെ, നഖം പൊഴിഞ്ഞു പോകല്‍; വീണ്ടും ആശങ്കയില്‍ മഹാരാഷ്ട്രയിലെ ബുല്‍ദാന
X

ബുല്‍ദാന: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വീണ്ടും വാര്‍ത്തകളിലിടം പിടിച്ച് മഹാരാഷ്ട്രയിലെ ബുല്‍ദാന. നഖം പൊഴിഞ്ഞു പോകുന്നതാണ് ഇപ്രാവശ്യം ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളി. ഏകദേശം 30 വ്യക്തികള്‍ക്ക് നഖവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ജില്ലയില്‍ പെട്ടെന്ന് മുടി കൊഴിയുന്ന ആശങ്കാജനകമായ അവസ്ഥ ഉടലെടുത്തത്. നിരവധി പേരുടെ മുടിയാണ് കൊഴിഞ്ഞു പോയത്. ഒട്ടനവധി ആളുകള്‍ കഷണ്ടിയായിരുന്നു. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഗോതമ്പിലെ ഉയര്‍ന്ന സെലിനിയമാണ് ഇതിനു കാരണമെന്നാണ് അന്നത്തെ റിപോര്‍ട്ടുകള്‍. എന്നാല്‍ കുറെ വിദഗ്ദര്‍ റിപോര്‍ട്ട് അംഗീകരിച്ചില്ല.

അതേ സമയം, നഖം പൊഴിഞ്ഞു പോകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നതും ശരീരത്തിലെ അധിക സെലിനിയം ആണെന്നു തന്നെയാണ് വിദഗ്ദര്‍ പറയുന്നത്. 'ഷെഗാവ് താലൂക്കിലെ നാല് ഗ്രാമങ്ങളിലായി ഇരുപത്തിയൊമ്പത് പേരുടെ നഖങ്ങള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ചിലരുടെ നഖങ്ങള്‍ പൂര്‍ണമായും പൊഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി, കൂടുതല്‍ പരിശോധനയ്ക്കായി ഷെഗാവിലെ ഒരു ആശുപത്രിയിലേക്ക് അയയ്ക്കും,' ബുല്‍ദാനയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. അനില്‍ ബങ്കര്‍ പറഞ്ഞു. മുടി കൊഴിച്ചില്‍ അനുഭവിച്ചവരില്‍ നഖം കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഉയര്‍ന്ന സെലിനിയത്തിന്റെ സാന്നിധ്യമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.

ശരീരത്തിലെ അധിക സെലിനിയം നമ്മുടെ മുടിയുടെയും നഖങ്ങളുടെയും പ്രധാന പ്രോട്ടീനായ കെരാറ്റിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ബെംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. പ്രിയങ്ക കുരി പറയുന്നതനുസരിച്ച്, ഉയര്‍ന്ന സെലിനിയത്തിന്റെ അളവ് സെലിനിയം വിഷാംശം അല്ലെങ്കില്‍ സെലനോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്, ഇത് മുടി കൊഴിച്ചിലിനും നഖങ്ങളുടെ പൊട്ടല്‍, നിറവ്യത്യാസം, കൊഴിച്ചില്‍ എന്നിവയുള്‍പ്പെടെയുള്ളവക്ക് കാരണമാകും.

സെലനോസിസിനുള്ള ചികില്‍സയില്‍ പ്രധാനമായും വേണ്ടത് അധിക സെലിനിയം കഴിക്കുന്നത് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ്. സെലിനിയം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. സമീകൃതാഹാരം ശീലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയവ രോഗം ഭേദമാക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Next Story

RELATED STORIES

Share it