Latest News

അഗ്‌നിപഥ്: വംശഹത്യാ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനുള്ള ആര്‍എസ്എസ് ഗൂഢാലോചന- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

അഗ്‌നിപഥ്: വംശഹത്യാ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനുള്ള ആര്‍എസ്എസ് ഗൂഢാലോചന- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി വംശഹത്യാ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. അഗ്‌നിപഥ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതിയാണ്. ചര്‍ച്ചയൊന്നും കൂടാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്കെതിരേ രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധങ്ങള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ധാരാളം യുവാക്കളെ സൈനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി സാമൂഹിക അസമത്വവും പരസ്പര വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ വളര്‍ത്തുന്നതിനാണ് ഉപകരിക്കുക. മാത്രമല്ല, ആര്‍എസ്എസ് വളരെ നേരത്തെതന്നെ വിഭാവനം ചെയ്തുവരുന്ന ഒരു പദ്ധതി കൂടിയാണിത്.

നാലുവര്‍ഷത്തെ സൈനിക പരിശീലനത്തോടെ പുറത്തിറങ്ങുന്ന യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് സംഘപരിവാര്‍ നടപ്പാക്കുന്ന വംശഹത്യാ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനുള്ള ആര്‍എസ്എസ്സിന്റെ ആസൂത്രിതമായ ഗൂഢാലോചന കൂടിയാണ് അഗ്‌നിപഥ്. സൈനിക റിക്രൂട്ട്‌മെന്റില്‍ ആര്‍എസ്എസ്സുകാരായ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവരെ സര്‍ക്കാര്‍ ചെലവില്‍ ട്രെയിന്‍ഡ് കേഡറ്റുകളാക്കി മാറ്റുകയും ചെയ്യുകയാവും ഇതില്‍ സംഭവിക്കുക. ചുരുങ്ങിയ കാലത്തെ സൈനികസേവനം അവസാനിപ്പിച്ച് സമൂഹത്തില്‍ മടങ്ങിയെത്തുന്ന ഈ യുവാക്കളെ കൊണ്ട് ആര്‍എസ്എസ് ലക്ഷ്യമിടുന്ന പദ്ധതികള്‍ എന്താണെന്നത് വളരെ വ്യക്തമാണ്.

തൊഴിലില്ലായ്മയില്‍ നിന്ന് യുവാക്കളെ രക്ഷിക്കുന്നതിനുവേണ്ടി എന്ന പേരില്‍ നടപ്പാക്കപ്പെടുന്നതും രാജ്യസ്‌നേഹത്തിന്റെ പേരില്‍ ആകര്‍ഷകമായി തോന്നിപ്പിക്കുന്നതുമായ ഈ പദ്ധതിക്കെതിരേ തെരുവില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ യുവാക്കളില്‍ തീവ്രദേശീയതയുടെ വൈകാരിക ആവേശം പ്രതിഫലിപ്പിക്കുന്നതിന് കൂടിയുള്ളതാണ്. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന അതിതീവ്ര ദേശീയത രാജ്യത്ത് ആര്‍എസ്എസ് ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ സൈനിക വിഭാഗത്തിന്റെ സജീവമായ ഒരു ആലോചനയെ മുന്നില്‍ കണ്ടുകൂടി നടപ്പാക്കപ്പെടുന്നതാണ്.

ആവശ്യമായ പരിശീലനമോ മതിയായ തൊഴില്‍ സുരക്ഷയോ വിഭാവനം ചെയ്യാത്ത അഗ്‌നിപഥ് മുഖേന സമൂഹത്തിലേക്ക് തിരിച്ചെത്തുന്ന യുവാക്കള്‍ സൃഷ്ടിക്കാന്‍ പോവുന്ന സാമൂഹിക പ്രതിസന്ധിയും ഭീകരമായിരിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കേണ്ട യുവാക്കളുടെ കായിക ശേഷിയെ തന്നെ ബലിയാടാക്കുന്ന ഈ പദ്ധതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it