Latest News

പൗരത്വനിയം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് എഐഎഡിഎംകെ

പൗരത്വനിയം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് എഐഎഡിഎംകെ
X

ന്യൂഡല്‍ഹി: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വഭേദഗതി നിയമം പിന്‍വലിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് ആള്‍ ഇന്ത്യ അണ്ണാ ഡിഎംകെ. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെത്തള്ളി മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി ഇടപ്പാടി കെ പളനിസ്വാമി നിലപാട് വ്യക്തമാക്കിയത്.

എഐഎഡിഎംകെയുടെ പ്രകടനപത്രികയില്‍ ആകെ 160 വാഗ്ദാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ വാഷിങ് മെഷീന്‍, സോളാല്‍ ഗ്യാസ് സ്റ്റൗ, ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം, സര്‍ക്കാര്‍ ജോലിക്കാരില്ലാത്ത കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങളില്‍ പ്രധാനം.

പൗരത്വ നിയമത്തെക്കുറിച്ചുള്ള എഐഎഡിഎംകെയുടെ നിലപാടിനെതിരേ ഡിഎംകെ രംഗത്തുവന്നു. പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നില്ലെങ്കില്‍ സിഎഎ നിയമം രാജ്യത്ത് നടപ്പാവുകയില്ലെന്നും ഡിഎംകെ നേതാക്കള്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ ജനങ്ങളെ എഐഎഡിഎംകെ വിഡ്ഢികളാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

അതേസമയം ആരൊക്കെ എതിര്‍ത്താലും പൗരത്വ നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം ബിജെപി ദേശീയ സെക്രട്ടറിയും തമിഴ്‌നാടിന്റെ ഇന്‍ചാര്‍ജുമായ സി ടി രവി ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കുന്ന നിയമത്തിന് സ്റ്റാലിന്‍ എതിര്‍നില്‍ക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it