Latest News

പ്രകൃതിക്ഷോഭം: കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്

പ്രകൃതിക്ഷോഭം: കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃഷി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. ആഗോള താപനത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അടിക്കടിയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങള്‍ കാര്ഷികോല്പാദനത്തെയും കാര്‍ഷിക സമ്പത് വ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്. വിളനാശത്തിലൂടെയുണ്ടാകുന്ന കര്‍ഷകന്റെ നഷ്ടം നികത്താന്‍ സഞ്ചിത നിധി ഏറെ സഹായകമാകും. കൃഷി നാശത്തിനു പുറമെ കൃഷി ഭൂമി പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൃഷി വകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനമായ AIMS പോര്‍ട്ടല്‍ വഴി ലഭ്യമായ പ്രാഥമിക വിവര ശേഖരണ റിപോര്‍ട്ട് പ്രകാരം 12/10/2021 മുതല്‍ 28/10/2021 വരെ 451.65 കോടി രൂപയുടെ വിളനാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, റബ്ബര്‍ എന്നീ വിളകള്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിരിക്കുന്നത്.

പ്രകൃതിക്ഷോഭമുണ്ടായ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനും നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തുന്നതിനും അടിയന്തിര ഇടപെടലുകള്‍ക്കുമായി എല്ലാ ജില്ലകളിലും സംസ്ഥാന ആസ്ഥാനത്തും കൃഷി വകുപ്പ് മന്ത്രിയുടെ ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നഷ്ടം തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി ഫീല്‍ഡ് പരിശോധനകള്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു വരികയാണ്. പ്രകൃതിഷോഭം മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന പ്രകൃതിദുരന്തങ്ങള്‍ക്കായുള്ള അടിയന്തിര പരിപാടി എന്നപദ്ധതി പ്രകാരം നഷ്ട പരിഹാരം ലഭ്യമാക്കുന്നതാണ്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുമുള്ള നഷ്ട പരിഹാരവും ലഭ്യമാക്കുന്നതാണ്. വിതച്ച നെല്ല് നഷ്ടപ്പെട്ടുപോയ കര്‍ഷകര്‍ക്ക് വിള വീണ്ടും ഇറക്കുന്നതിനായി പ്രകൃതി ദുന്തങ്ങള്‍ക്കായുള്ള അടിയന്തിര പരിപാടി പദ്ധതി പ്രകാരം നെല്‍വിത്ത് സൗജന്യമായി നല്കുന്നതിനുള്ള ക്രമീകരണം കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മുഖേന നടത്തിയിട്ടുണ്ട്. കൃഷി വകുപ്പിലൂടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ മുഖേനയും നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക വികസന പദ്ധതികളിലൂടെ വളം ഉള്‍പ്പെടെയുള്ള ഉല്പാദന ഉപാധികള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും ഉരുള്‍ പൊട്ടി കൃഷിയിടം ഒലിച്ചുപോയി ഉണ്ടാകുന്ന നഷ്ടത്തിനും, മടകളുടെ പുനര്‍ നിര്‍മ്മാണത്തിനുമുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ മുഖേന സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ലഭ്യമാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഫസല്‍ ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി യെ കുറിച്ച് കര്‍ഷകര്‍ക്കുള്ള പരാതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. നിയമസഭയില്‍ നാദാപുരം എം.എല്‍.എ ഇകെ വിജയന്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു കൃഷിമന്ത്രി.

Next Story

RELATED STORIES

Share it