Latest News

വായുമലിനീകരണം: ഡല്‍ഹി പരിസ്ഥിതി മന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന്

വായുമലിനീകരണം: ഡല്‍ഹി പരിസ്ഥിതി മന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏകദേശം ഒന്നര ആഴ്ചയായി തുടരുന്ന തീവ്രമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയി യോഗം വിളിച്ചു. ഡല്‍ഹി സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥരും പരിസ്ഥിതി, മലിനീകരണ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഇന്നു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.

സമാനമായ യോഗം നവംബര്‍ 22ന് വിളിച്ചിരുന്നു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

നവംബര്‍ 26ാം തിയ്യതിവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വര്‍ക്ക് ഫ്രം ഹോം മോഡില്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ മാത്രമേ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സിഎന്‍ജി ട്രക്കുകളെ പ്രവേശിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.

'ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നവംബര്‍ 26 വരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും. അവശ്യ സാധനങ്ങള്‍ ഒഴികെയുള്ളവയുമായെത്തുന്ന ട്രക്കുകള്‍ക്ക് പ്രവേശനമുണ്ടാവില്ല. നവംബര്‍ 26 വരെ ഇത് തുടരും. സിഎന്‍ജി ട്രക്കുകള്‍ക്ക് പ്രവേശനം നല്‍കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്,' - മന്ത്രി പറഞ്ഞു.

'മലിനീകരണത്തിനെതിരേ നടപടി സ്വീകരിച്ചതിന്റെ ഭാഗമായും കാറ്റിന്റെ വേഗത വര്‍ധിച്ചതും മൂലം ഡല്‍ഹിയില്‍ മലിനീകരണ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, നിര്‍മാണത്തിനുള്ള നിരോധനം പിന്‍വലിച്ചെങ്കിലും കര്‍ശനമായ നിരീക്ഷണം തുടരും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 14 ഇന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനുവേണ്ടി മാത്രം 585 അംഗ മേല്‍നോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ശരാശരി എക്യുഐ 280 രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it