Latest News

പള്ളികള്‍ക്ക് നോട്ടിസ് നല്‍കിയ പോലിസ് നടപടി വര്‍ഗീയ പ്രേരിതം:ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

അമ്പലമുറ്റങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ആയുധ പരിശീലനത്തിന് ദുരുപയോഗപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വന്നത്

പള്ളികള്‍ക്ക് നോട്ടിസ് നല്‍കിയ പോലിസ് നടപടി വര്‍ഗീയ പ്രേരിതം:ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കണ്ണൂര്‍: മുസ്‌ലിം പള്ളികളില്‍ ജുമുഅ പ്രസംഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചില മഹല്ലുകള്‍ക്ക് പോലിസ് നല്‍കിയ നോട്ടിസ് മുസ്‌ലിംകളെപ്പറ്റി പൊതുസമൂഹത്തില്‍ തെറ്റിധാരണ പടര്‍ത്തുന്നതും വര്‍ഗീയ മനസ്ഥിതിയോടെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മൊയ്തു ദാരിമി പ്രസ്താവനയില്‍ പറഞ്ഞു.

പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജുമുഅ വേളയില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലോ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലോ ഉള്ള പ്രസംഗങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് പേലിസ് കൊടുത്ത നോട്ടിസിലുള്ളത്.പ്രവാചക സ്‌നേഹമെന്നത് മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമാണ് അതിനെ വ്രണപ്പെടുത്തുന്ന അവഹേളനങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ആ പ്രതിഷേധം ജനാധിപത്യപരമായി രേഖപ്പെടുത്തുക എന്നത് പൗരാവകാശവുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യം ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിക്കുന്നതും ആശങ്കിക്കുന്നതും വെറുപ്പിന്റെയും വിഭജനത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയം ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്റെയും ഉദാഹരണമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പള്ളികള്‍ വിശ്വാസ സംരക്ഷണത്തിന്റെ കേന്ദ്രങ്ങളാണ്. ജനാധിപത്യ മര്യാദയോടെ വിശ്വാസികള്‍ അതു സംരക്ഷിക്കുക തന്നെ ചെയ്യും.അമ്പലമുറ്റങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ആയുധ പരിശീലനത്തിന് ദുരുപയോഗപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വന്നത്.ക്രിസ്ത്യന്‍ പള്ളികളെ സംഘപരിവാര്‍ ശൈലിയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിനായി ദുരുപയോഗപ്പെടുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങളും പുറത്ത് വന്നിട്ടുണ്ടെന്നും മൊയ്തു ദാരിമി വ്യക്തമാക്കി.

പൊതുനിരത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലും മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലും നിരവധി പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് പരക്കെ അറിയുന്നതുമാണ്. അവിടെയെങ്ങും പുലര്‍ന്നു കാണാത്ത ക്രമസമാധാനത്തിലെ അതിജാഗ്രത, പള്ളിയിലെ വിശ്വാസ പ്രചോദിതവും സാമൂഹ്യ പ്രതിബദ്ധതാപരവുമായ പ്രസംഗത്തില്‍ സര്‍ക്കാരിനോ പോലിസിനോ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് തികച്ചും വിവേചനപരവും വര്‍ഗീയ മുന്‍വിധിയോടെയുള്ളതുമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it