Latest News

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച സൗദി സര്‍ക്കാര്‍ തീരുമാനം വിവേകശൂന്യം: നടപടി പിന്‍വലിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച സൗദി സര്‍ക്കാര്‍ തീരുമാനം വിവേകശൂന്യം: നടപടി പിന്‍വലിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

ന്യൂഡല്‍ഹി: തബ് ലീഗ് ജമാഅത്തിനെ നിരോധിച്ചു കൊണ്ടുള്ള സൗദി രാജകുമാരന്റെ ഏകാധിപത്യപരമായ തീരുമാനം അങ്ങേയറ്റം വിവേകശൂന്യമാണെന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി പറഞ്ഞു.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി മുസ്‌ലിം സമൂഹത്തിലെ ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ മാര്‍ഗദര്‍ശനത്തിനായാണ് തബ് ലീഗ് ജമാഅത്ത് ശ്രമിച്ചിട്ടുള്ളത്. നാളിതുവരെയായി ഒരു രാജ്യവും തബ് ലീഗ് ജമാഅത്തിനെതിരെ ഭീകരവാദമോ തീവ്രവാദമോ ആരോപിച്ച് നടപടികള്‍ കൈക്കൊണ്ടിട്ടില്ല. കാരണം പ്രാദേശികമോ ദേശീയമോ അന്തര്‍ ദേശീയമോ ആയ ഏതെങ്കിലും സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഈ പ്രസ്ഥാനം ഇടപെടാതെ ആത്മീയ സംസ്‌കരണ കാര്യങ്ങളിലാണ് ശ്രദ്ധിക്കാറുള്ളത്. എന്നിരിക്കെ, തബ് ലീഗ് ജമാഅത്തിനെതിരായ സൗദി ഗവണ്‍മെന്റിന്റെ ദ്രോഹകരമായ ഈ നീക്കവും പ്രചാരണവും അങ്ങേയറ്റം ആശങ്കാജനകമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ഭരണകൂടത്തിന്റെ കിരീടാവകാശിയായി സ്ഥാനമേറ്റത് മുതല്‍ ദൈവിക വെളിച്ചം വീശിയ പുണ്യഭൂമിയില്‍ ഇസ്‌ലാമിനും ഇസ്‌ലാമിക നാഗരികതയ്ക്കും എതിരായ വിധികള്‍ നിരന്തരം പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന മതപണ്ഡിതന്മാരെ തടവറകളില്‍ തള്ളിയും തൂക്കിലേറ്റിയും ഭരണകൂടം ഇസ് ലാമികമൂല്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് അപകടകരമാണ്. അപഥ സഞ്ചാരങ്ങള്‍ക്ക് അവസരം നല്‍കിയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അരാജകത്വങ്ങള്‍ക്ക് സാഹചര്യമൊരുക്കിയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ഇത് സൗദിഅറേബ്യയിലാകെ വലിയ നീരസമാണുണ്ടാക്കിയിട്ടുള്ളത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഈ പ്രവര്‍ത്തനങ്ങളിലൂടെ സയണിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ഇമാം കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇത് ഇസ്‌ലാമിന് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു.

തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കും ജമാഅത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ മതഭ്രാന്ത്, തീവ്രവാദം തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സൗദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it