Latest News

നിര്‍ബന്ധിത മതംമാറ്റ ആരോപണം; മൗലാന ഉമര്‍ ഗൗതമിന് ജാമ്യം

നിര്‍ബന്ധിത മതംമാറ്റ ആരോപണം; മൗലാന ഉമര്‍ ഗൗതമിന് ജാമ്യം
X

ലഖ്‌നോ; യുപിയില്‍ സ്‌കൂള്‍ അധ്യാപികയെ നിര്‍ബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഇസ് ലാമിക പ്രബോധകന്‍ മൗലാന ഉമര്‍ ഗൗതമിന് യുപി കോടതി ജാമ്യം അനുവദിച്ചു.

ഫത്തേപൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജേന്ദ്ര സിങ് ആണ് ജാമ്യം നല്‍കിയത്. ഉമര്‍ ഗൗതമിനെതിരേ ആരോപിച്ച കുറ്റം നടന്നത് 2020 ആദ്യ മാസങ്ങളിലാണെന്നും ആ സമയത്ത് യുപി നിയമവിരുദ്ധ മതംമാറ്റ നിയമം, 2021 പ്രാബല്യത്തിലുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ അനുവദിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനവും ഭീകരബന്ധവും ആരോപിച്ച് യുപി പോലിസാണ് മുഹമ്മദ് ഉമര്‍ ഗൗതമിനെയും സഹപ്രവര്‍ത്തകന്‍ ജഹാംഗീര്‍ ആലം ഖാസിമിയെയും അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ അറസ്റ്റിനെതിരേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

2019 മെയ് മാസം മുതല്‍ 2020 മാര്‍ച്ച് മാസം വരെ നൂറുള്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉമര്‍ ഗൗതം ജോലി ചെയ്തിരുന്ന സമയത്ത് അമുസ് ലിം വിദ്യാര്‍ത്ഥികളെ നമസ്‌കാരം പഠിപ്പിക്കുകയും ചൊല്ലിക്കുകയും ചെയ്‌തെന്നും അനുസരിക്കാത്തവരെ പീഡിപ്പിച്ചിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് പരാതിക്കാരി. അവരെ ഉമര്‍ ഗൗതം മതംമാറാന്‍ പ്രേരിപ്പിച്ചെന്നും തയ്യാറാവാത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

'2020ല്‍ ഉമര്‍ ഗൗതം സ്‌കൂളിലെത്തി ഇസ് ലാമിന്റെ തത്വങ്ങള്‍ പഠിപ്പിച്ച് ഹിന്ദു ദൈവങ്ങളെ കളിയാക്കി ഹിന്ദു അധ്യാപകരോട് മതം മാറാന്‍ ആവശ്യപ്പെട്ടു. മതം മാറുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തു. വിദേശത്തേക്ക് പോകുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും പറഞ്ഞു' - എന്നിവയാണ് മറ്റ് ആരോപണങ്ങള്‍.

അധ്യാപിക നല്‍കിയ പരാതിയില്‍ ജൂണ്‍ 2020നാണ് ഉമര്‍ ഗൗതമിനെ പോലിസ് അറസ്റ്റ് ചെയ്തത്.

മതപ്രബോധന മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഉമര്‍ ഗൗതം ഹിന്ദുമതത്തില്‍ നിന്ന് ഇസ് ലാമിലേക്ക് മതംമാറിയെത്തിയ ആളാണ്.

Next Story

RELATED STORIES

Share it