Latest News

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണം പൊളിഞ്ഞു; പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൂനെ പൊലിസ് പിന്‍വലിച്ചു

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണം പൊളിഞ്ഞു; പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൂനെ പൊലിസ് പിന്‍വലിച്ചു
X

പൂനെ: പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള എന്‍ഐഎ നടപടികളില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൂനെ പോലിസ് പിന്‍വലിച്ചു.

ഇത്തരം മുദ്രാവാക്യങ്ങള്‍വച്ചുപൊറുപ്പിക്കില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി കര്‍ശനനടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഞായറാഴ്ച പറഞ്ഞിരുന്നു.

ഇവര്‍ക്കെതിരേ 124 എ (രാജ്യദ്രോഹം), 153 എ (സമുദയങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (ദേശീയോദ്ഗ്രഥന ശ്രമങ്ങളെ തടസ്സപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 109 (പ്രേരണ) എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

രാജ്യദ്രോഹനിയമത്തെ ചോദ്യം ചെയ്ത് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വകുപ്പനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രിംകോടതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെപ്തംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡില്‍ നൂറിലധികം നേതാക്കളും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു.

റെയ്ഡുകളെ തുടര്‍ന്ന് പൂനെയില്‍ നടന്ന പ്രതിഷേധത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് വിളിച്ചതായി ചില മാധ്യമങ്ങള്‍ ആരോപിച്ചു. എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയില്‍ പ്രതിഷേധക്കാര്‍ 'പോപുലര്‍ ഫ്രണ്ട് സിന്ദാബാദ്' എന്ന് വിളിച്ചതായാണ് കണ്ടത്.

പ്രതിഷേധക്കാര്‍ സംഘടനയെ പിന്തുണച്ചുള്ള മുദ്രാവാക്യമാണ് വിളിച്ചതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പൂനെ യൂനിറ്റ് മേധാവി മുഹമ്മദ് ഖായിസ് അന്‍വറും പറഞ്ഞു.

ഒരു വിഭാഗം മാധ്യമങ്ങളാണ് പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതായി പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് ശനിയാഴ്ച പൂനെ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it