Latest News

വിമതരും അമിത് ഷായും ചര്‍ച്ച നടത്തി: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ പ്രതിസന്ധി അയയുന്നു

വിമതരും അമിത് ഷായും ചര്‍ച്ച നടത്തി: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ പ്രതിസന്ധി അയയുന്നു
X

ഗുവാഹത്തി: ഏതാനും ആഴ്ചകളായി വീഴ്ചയുടെ വക്കില്‍ തുടരുന്ന മണിപ്പൂര്‍ ബിജെപി സര്‍ക്കാരിന്റെ പ്രതിസന്ധി അയയുന്നു. വിമത എംഎല്‍എമാര്‍ തുടര്‍ന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രശ്‌നപരിഹാരത്തിനു നേതൃത്വം കൊടുത്ത അസമിലെ മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ ട്വീറ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോന്‍രാഡ് സാംങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധികളും ബിജെപി നേതാവ് എന്‍പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

''മേഘാലയ മുഖ്യമന്ത്രി കോന്‍രാഡ് സാങ്മയും ഉപമുഖ്യമന്ത്രി വൈ ജോയ്കുമാര്‍ സിങും നയിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധികളും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും അമിത് ഷായും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടര്‍ന്നും മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കും''- ഹിമാന്ദ ബിശ്വാസ് ട്വീറ്റില്‍ പറയുന്നു.

നാല് എന്‍പിപി എംഎല്‍എമാരും മൂന്ന് ബിജെപി എംഎല്‍എമാരും ഒരു ത്രിണമൂല്‍ എംഎല്‍എയും ഒരു സ്വതന്ത്രനും എന്‍ ബിരേന്‍ സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

എന്‍പിപി എംഎല്‍എമാരായ വൈ ജോയ് കുമാര്‍ സിങ്, എന്‍ കായിസി, എല്‍ ജയന്ത കുമാര്‍ സിങ്, ലെറ്റ്‌പോക് ഹോകിപ് തുടങ്ങിയവരാണ് ബിജെപി നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ ജോയ് കുമാര്‍ സിങ് ഉപമുഖ്യമന്ത്രിയും എന്‍ കായിസി മന്ത്രിയുമാണ്.

എന്‍പിപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകമാത്രമല്ല, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സെക്കുലര്‍ പ്രോഗ്രസീവ് ഫ്രന്റ് എന്ന പേരില്‍ ഒരു മുന്നണി രൂപീകരിച്ച് സഭയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടു. ബിജെപിയുടെ മേധാവിത്തത്തിലുള്ള പ്രതിഷേധമായാണ് തങ്ങള്‍ പിന്തുണ പിന്‍വലിച്ചതെന്നാണ് വിമതര്‍ പറയുന്നത്.

ലോക്ക് ഡൗണ്‍ സമയത്ത് നടന്ന അരി വിതരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എന്‍പിപിയുടെ ഉപമുഖ്യമന്ത്രി ജോയ് കുമാര്‍ സിങിനെ മുഖ്യമന്ത്രി ബിരെന്‍ സിങ് പുറത്താക്കയിരുന്നു. മുഖ്യന്ത്രിയെ പുറത്താക്കണമെന്നാണ് നാല് എന്‍പിപി എംഎല്‍എമാരുടെയും ആവശ്യം.

കോണ്‍ഗ്രസ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപി നേതൃത്വം പ്രശ്‌നപരിഹാരത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ആരായാന്‍ കേന്ദ്ര നേതൃത്വം അജയ് മക്കാനെ മണിപ്പൂരിലേക്ക് നിയോഗിച്ചിരുന്നു. പക്ഷേ, ബിജെപി നേതൃത്വത്തിന്റെ ഇടപെടലോടെ ആ മോഹം പൊലിഞ്ഞു.

Next Story

RELATED STORIES

Share it