Latest News

അനന്തപുരി ഹിന്ദുസമ്മേളനത്തിലെ വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍

അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്

അനന്തപുരി ഹിന്ദുസമ്മേളനത്തിലെ വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍
X

തിരുവനന്തപുരം: സംഘപരിവാരം സംഘടിപ്പിച്ച അനന്തപുരി ഹിന്ദുസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാളെ വൈകുന്നേരം വരെ കോടതിയില്‍ ഹാജരാക്കാന്‍ സമയമുണ്ട്. തിരുവനന്തപുരത്ത് എപ്പോള്‍ എത്തിക്കണമെന്ന സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

നിലവില്‍ പോലിസ് കസ്റ്റഡിയിലാണ് പിസി ജോര്‍ജ്. പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തില്‍ സിറ്റി എആര്‍ കാംപിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. വെണ്ണല കേസില്‍ മൊഴി എടുക്കാനാണ് പിസിയെ നിലവില്‍ കൊണ്ട് പോയത്. സ്‌റ്റേഷന്‍ പരിസരത്തെ സംഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പോലിസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്‌റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പോലിസ് സ്‌റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. തിരുവനന്തപുരം സിറ്റി പോലിസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.

Next Story

RELATED STORIES

Share it