Latest News

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല; കരളിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല; കരളിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

കാസര്‍കോട്: ചെമ്മനാട് പരവനടുക്കം ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കരളിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിന് കാരണമെന്നും മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് അഞ്ജുശ്രിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ റിപോര്‍ട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നാളെ പോലിസിന് കൈമാറും. ഹോട്ടലില്‍നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചല്ല അഞ്ജു ശ്രീയുടെ മരണമെന്നാണ് ഫോറന്‍സിക് സര്‍ജന്റെ നിഗമനം.

എന്നാല്‍, പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാശം കണ്ടെത്തുകയും ചെയ്തു. ഈ വിഷം മൂലം കരള്‍ തകരാറിലായതാണ് മരണത്തിനു കാരണമായത്. ഇതിനൊപ്പം മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു. പെണ്‍കുട്ടി ഭക്ഷണം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്ന് ശേഖരിച്ച സാംപിളുകളിലും സംശയത്തിന് ഇടനല്‍കുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് അഞ്ജു ശ്രീയുടെ ആന്തരികാവയവങ്ങള്‍ പോലിസ് പരിശോധനയ്ക്കു അയച്ചത്.

പെണ്‍കുട്ടിയെ ചികില്‍സിച്ച മംഗലാപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പോസ്റ്റ്‌മോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളജില ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളജില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയ പ്രാഥമിക റിപോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അഞ്ജുശ്രീയുടെ വീട്ടില്‍ പരിശോധന നടത്തി.

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5.15നായിരുന്നു മരണം. അഞ്ജുശ്രീ കഴിഞ്ഞ ഡിസംബര്‍ 31ന് ഹോട്ടലില്‍ നിന്ന് കുഴിമന്തി ഓര്‍ഡര്‍ ചെയ്ത് കഴിച്ചിരുന്നു. പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വീടിനടുത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സക്കുശേഷം വിട്ടയച്ചു.

എന്നാല്‍, ശാരീരിക അസ്വസ്ഥത തുടര്‍ന്നതിനെ തുടര്‍ന്ന് പിറ്റേ ദിവസം വീണ്ടും അതേ ആശുപത്രിയിലെത്തി. അതിനുശേഷമാണ് ചികില്‍സ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ചികില്‍സയിലിരിക്കെ അഞ്ജുശ്രി മരിച്ചു. തുടര്‍ന്നാണ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയവും ഹോട്ടലിനെതിരേ നടപടിയുമുണ്ടായത്. സംഭവത്തിന് പിന്നാലെ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it